കാണുമ്പോള്‍ മഞ്ഞുമൗനം പോലെ ശാന്തത. പറയുമ്പോള്‍ അടിയൊഴുക്കുള്ള കടലാഴംപോലെയും പരപ്പുപോലെയും വാക്കുകള്‍. ആശയങ്ങളുടെ ഹിമാലയപ്പൊക്കം. ഒരു സാധാരണക്കാരനെപ്പോലെ പെരുമാറുമ്പോഴും ആത്മജ്ഞാനത്തിന്റെ കാമ്പും കഴമ്പുമുള്ള ഒരു വലിയ സന്യാസിയുടെ കാന്തിക ഭാവം നാം അറിയാതെ അറിയുന്നു. ഇത് സ്വാമി ചിദാനന്ദപുരി. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി. കേരളത്തിലാദ്യമായി, എറണാകുളത്ത് അന്പത്തിനാലുദിവസം നീണ്ടുനില്‍ക്കുന്ന ഉപനിഷദ് വിചാരയജ്ഞത്തിന്റെ മുഖ്യാചാര്യന്‍.
ഒരു നിര്‍വചനത്തിലും വ്യാഖ്യാനത്തിലും ഒതുങ്ങാത്ത ചിദാനന്ദപുരിയെന്ന അപൂര്‍വ വ്യക്തിത്വം അതിലളിതമായി സംസാരിക്കുന്നു. അതുപക്ഷെ ലോകത്തിന്റെ തന്നെ ഭാവി ജാഗ്രതയുടെ കാര്യങ്ങളാകുമ്പോള്‍ കേള്‍ക്കുന്നവര്‍ അമ്പരപ്പിന്റെ ആഹ്ലാദത്തിലാകുന്നു. പ്രപഞ്ചം മുഴുവനും നിറയുന്ന ഉപനിഷദ് ദര്‍ശനമെന്ന ദിവ്യൗഷധം മധുരമിഠായിപോലെ നമുക്കു നുണയാന്‍ തരുമ്പോള്‍ ആരും ആദരിച്ചുപോകും ഈ സന്യാസി ശ്രേഷ്ഠനെ; ആരാധിച്ചുപോകും. ലോകത്തിന്റെ ഭാവിയെ നയിക്കുന്നത് ഉപനിഷദ് മാത്രമാണെന്നു സ്വാമി. എല്ലാവിധ ഉച്ഛനീചത്വങ്ങള്‍ക്കും അപ്പുറമുള്ള ഏകത്വ ദര്‍ശനമാണ് വേദാന്തം. അഥവാ ഉപനിഷദ് ജഞ്ഞാനം. അന്വേഷകനും അന്വേഷിയും ഒന്നായിത്തീരുന്ന അവസ്ഥയിലേക്കെത്തുന്നു വേദാന്ത ദര്‍ശനത്തില്‍. പ്രായോഗികമായത, എന്നാല്‍ വിശ്വാസത്തിലധിഷ്ഠിതമല്ലാത്തത്. പക്ഷെ ഇന്നെല്ലാം വിശ്വാസത്തില്‍ നട്ടതാണ്. രാഷ്ട്രീയ സംവിധാനമുള്‍പ്പെടെ. വേദാന്തം അഡ്രസ് ചെയ്യുന്നത് വിശ്വാസിയോടല്ല വിദ്യാര്‍ത്ഥിയോടാണ്. വേദാന്തം വിശ്വാസത്തെയല്ല ഉയര്‍ത്തിക്കാട്ടുന്നത് വിജ്ഞാനത്തെയാണ്. വരും കാലത്തെക്കൂടി ഉള്‍ക്കൊള്ളുന്ന ചിദാനന്ദപുരിയുടെ ഉപനിഷദ് വ്യാഖ്യാനം ദുര്‍ഗ്രഹതയുടെ കാര്‍മേഘമില്ലാതെ ഒരു കുഞ്ഞിന്റെ ഉള്ളാകാശത്തില് തെളിയുന്ന കണ്ണാടിപോലെ.
ജീവിതക്രമങ്ങള്‍ എല്ലാം മാറും. ആചാരങ്ങള്‍ മാറും. വിശ്വാസങ്ങള്‍ മാറും. എന്നും അങ്ങനെയാണ്. ഭാരതഋഷിമാര്‍ സകല ശാസ്ത്രങ്ങള്‍ക്കും രണ്ടു കൈവഴികളുണ്ടെന്നു പറഞ്ഞു. ശ്രുതിയും സ്മൃതിയും. ദേശകാലങ്ങളനുസരിച്ച് ശ്രുതി മാറുന്നില്ല. സ്മൃതി മാറുന്നു. മാറുന്ന ആചാരങ്ങളേയും വിശ്വാസങ്ങളേയും സ്മൃതി സൂചിപ്പിക്കുന്നു. ശ്രുതി ശാശ്വത സത്യത്തേയും.
മുറുകെ പിടിക്കണം ശ്രുതിയെ. എല്ലാ കാലത്തേക്കുമുള്ളതാണത്. ശ്രുതിയാണു ഉപനിഷദ് അല്ലെങ്കില്‍ വേദാന്തം. ശ്രുതി വിരുദ്ധമായതിനെ ഉപേക്ഷിച്ചാല്‍ മതകലഹം ഇല്ലാതാകുമെന്നു സ്വാമി പറഞ്ഞു. മതകലഹം കലപോലെ ലോകത്തു പടരുമ്പോള്‍ പ്രതിരോധിക്കാന്‍ അദ്ദേഹം പറഞ്ഞപോലെ നമുക്കുവേണം ശ്രുതി. ശ്രുതി ചെറിയൊരുവാക്ക്. പക്ഷെ ഭൂമിയോളം മഹത്വം.
കാണാത്ത ഏതോ ലോകത്തിരിക്കുന്ന ദേവതയുടെ വൈഭവമല്ല തന്റെ തന്നെ വൈഭവമാണ് വേദാന്തം കാണിച്ചു തരുന്നത്. അതാണ് ആത്മമഹിമ എന്നു സ്വാമി. പുതു അറിവിന്റെ വലിയ ചക്രവാളത്തിലുണ്ടാകുന്ന വെട്ടത്തിന്റെ നെടുങ്കന്‍ മിന്നല്‍പ്പിണര്‍. കാടും പടലും നിറഞ്ഞ് തെന്നിയും വീണും പോകുന്ന ഊടുവഴികളാണു ഉപനിഷത്തിന്റേതെന്ന മൂഢസങ്കല്‍പ്പം അഴിഞ്ഞുവീഴുന്നു ഇവിടെ. സര്‍വസാധാരണ വാക്കുകളിലൂടെ ഉപനിഷദ് എന്ന മഹാമേരുവിലേക്കു നമ്മെ കുട്ടികളെപ്പോലെ കൂട്ടിക്കൊണ്ടുപോകുന്നു ചിദാനന്ദപുരി.
ലോകത്ത് പ്രശ്നങ്ങളേയുള്ളുവെന്നു പറയുന്നവരാണെല്ലാം. അങ്ങനെ പറയാന്‍ എളുപ്പമാണ്. പരിഹാരത്തെക്കുറിച്ചാരും പറയുന്നില്ല. പറഞ്ഞതും ചെയ്തതും നാം കണ്ടതാണ്. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. സമാധാനത്തിനുപോലുമുള്ള യുദ്ധങ്ങള്‍ അതിന്റെ ഭാഗമാണ്. പക്ഷേ സ്വാമിക്കുണ്ട് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം; ശാശ്വത മൂല്യങ്ങള്‍. മാറുന്ന മൂല്യങ്ങള്‍ക്കു പിന്നാലെ പോയി മാറാത്ത മൂല്യങ്ങളെ കൈവിടുമ്പോഴാണു പ്രശ്നം.
മനുഷ്യ നന്മയ്ക്കാണെന്നു പറയുന്ന മതങ്ങളായാലും മൂല്യങ്ങളില്‍ നിന്നും മാറുന്നതു പ്രശ്നമാണ്. മൂല്യം ഉപേക്ഷിക്കുന്ന ഏതുമതത്തിന്റെ കാര്യത്തിലും പ്രശ്നം ഒരു പോലെ. ധര്‍മ്മമാണ് ലോകത്തെ ഭരിക്കുന്നത്. പക്ഷെ ധര്മ്മത്തിനപ്പുറമാണ് ഉപനിഷദ് തലം. ധര്‍മമല്ല ഉപനിഷദ് വിഷയം. ധര്മത്തിനുപരിയാണ്. എന്നാല്‍ ഉപനിഷത്തില്‍ ധര്മത്തിനിടമില്ലെന്നില്ല. സാധകന്റെ മനോനില ശുദ്ധമാക്കാനും ഏകാഗ്രമാക്കാനും ധാരാളം ധര്‍മ തലങ്ങള്‍ ഉപനിഷദ് ഉപദേശിച്ചിട്ടുണ്ട്.
ഓരോരുത്തര്‍ക്കും അവരവരുടേതായ ധര്‍മമുണ്ട്. കുടുംബസ്ഥന് അവന്റെ ധര്‍മം കൃത്യമായി പാലിക്കുക. സന്യാസി സന്യാസിയുടെയും. അവനവന്റെ ധര്‍മം കൃത്യമായി പാലിക്കുന്നവനാണ് സാധു. നല്ലപോലെ പഠിക്കുകയെന്നത് വിദ്യാര്‍ത്ഥിയുടെ ലക്ഷ്യം. അവന്റെ ആശ്രമ ധര്‍മം. ഒരാശ്രമവും മറ്റൊരാശ്രമത്തിനു മേലേയോ താഴേയോ അല്ല. താന്താങ്ങളുടെ അനുഷ്ഠാനങ്ങള്‍ പാലിച്ച് ആശ്രമ ധര്‍മ്മങ്ങള്‍ പുലര്‍ത്തുക. അതിനെയാണ്, സ്വധര്മ്മാചരണത്തെയാണ് ആചാര്യന്മാര് തപസെന്നു പറഞ്ഞത്. ഗഹനമായ വിഷയം ശാന്തതയോടെ പറയുമ്പോഴും വലിയ കാര്യങ്ങളൊന്നും പറഞ്ഞില്ലല്ലോയെന്ന് പറയുന്ന പക്വമയമായ മനസ് നിറചിരിയില്‍ സ്വാമിയുടെ മുഖത്ത് കാണാനാകുന്നു. ഉപനിഷദ് പ്രഭാഷണങ്ങള്‍ ഇത്തരം ധര്മാനുഷ്ഠാനങ്ങള്ക്ക് സഹായകരമമാവുമെങ്കില് സന്യാസി ചെയ്യേണ്ട പരമമായ ധര്‍മവും അതാണെന്നു സ്വാമി.
ജീവിതത്തില്‍ പ്രത്യേക വഴിത്തിരിവിലുണ്ടാകുന്നതാണു സന്യാസത്തിലേക്കുള്ള മാറ്റമെന്ന ധാരണയെ അദ്ദേഹം തിരുത്തി. സ്വാഭാവിക വികാസമാണു സന്യാസം. അതൊരു വഴിത്തിരിവില്‍ എത്തിപ്പെട്ട് തെരഞ്ഞെടുക്കുന്നതല്ല. ഒരു മനുഷ്യന് അയാളുടെ കുട്ടിക്കാലം മുതല്‍ പ്രകൃതിയില്‍ നിന്നു സ്വീകരിക്കുന്നതും പ്രകൃതിക്കു നല്കുന്നതുമുണ്ട്. ഇത് ഏതുതരം സംസ്ക്കാരമാണോ അയാള്‍ക്കുള്ളിലുള്ളത് അതനുസരിച്ചിരിക്കും. അതായത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല സന്യാസമെന്ന്. അകമേ നേരത്തേ ഉള്ളതാണ്. പിന്നീട് സന്യസമെന്ന ആയിത്തീരലിലേക്കുള്ളതായി മാറി വിദ്യപോലുള്ള ഒരുക്കങ്ങള്‍. സന്യാസിയുടെ പൂര്വാശ്രമത്തിനു പ്രസക്തിയില്ല. ഓരോരുത്തര് അവരവരുടെ ദൗത്യം ചെയ്യുന്നു. നമ്മള് നമ്മുടെ ദൗത്യവും ചെയ്തുപോകുന്നു. എല്ലാം ശ്രേഷ്ഠമാണ്. സ്വധര്‍മ്മാചരണം തപസാണ്.
1989-ലെ ശിവരാത്രി നാളില്‍ ഋഷികേശ് കൈലാസാശ്രമത്തിലെ ആചാര്യമഹാമണ്ഡലേശ്വര വിദ്യാനന്ദസ്വാമിയില് നിന്നും സന്യാസദീക്ഷ സ്വീകരിച്ചു. പല ഗുരുക്കന്മാരില് നിന്നും പിന്നേയും പഠനം. പ്രധാന ഗുരുനാഥന് ഗുജറാത്ത് മാധവാനന്ദാശ്രമത്തിലെ വിമലാനന്ദ സ്വാമി.
ആധ്യാത്മിക പഠനവും സാമൂഹ്യ സേവനവുമായി പ്രശസ്തമാണ് കോഴിക്കോട്ടെ കൊളത്തൂര്‍ അദ്വൈതാശ്രമം. വേദാന്തപരമായ ശാസ്ത്ര പ്രചാരണത്തിന് ആശ്രമം മുന്‍കൈയെടുക്കുന്നു. ശ്രീശങ്കര ബാലസദനം എന്ന പേരില്‍ കുട്ടികള്‍ക്കായൊരു സ്ഥാപനം ഇവിടെയുണ്ട്. മറ്റൊരു വിദ്യാലയവും. അനേകം പുസ്തകങ്ങള്‍ ആശ്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആശ്രമത്തില്‍ താമസിച്ചുകൊണ്ട് ഗുരുകുല സമ്പ്രദായത്തിലുള്ള പഠന സൗകര്യവുമുണ്ട്. സമാജത്തിനു ആത്മവിശ്വാസം പകരാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം ആശ്രമം ചെയ്തുവരുന്നു. അനേകം സാമുദായിക, സാംസ്ക്കാരിക, ആധ്യാത്മിക പ്രവര്‍ത്തനങ്ങളുടെ വേദിയായ ആശ്രമത്തില്‍ സംസ്കൃതം, വേദാന്തം, ഉപനിഷദ്, ഭഗവദ്ഗീത എന്നിവയെ അധികരിച്ച് ക്യാമ്പുകളും സെമിനാറുകളും നിരന്തരം സംഘടിപ്പിച്ചുവരുന്നു. ആശ്രമത്തിന്റെ ഒരു ശാഖ പാലക്കാട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ് പ്രൊഫസര്കൂടിയാണ് സ്വാമി ചിദാനന്ദപുരി. ഇവിടത്തെ സനാതന ധര്‍മ്മ ചെയര്‍ സ്വാമിയുടെ പരിശ്രമ ഫലമാണ്. യാതൊരു പ്രതിഫലവും ഇവിടെനിന്ന് സ്വാമി പറ്റുന്നില്ല.
എറണാകുളം ടിഡിഎം ഹാളില്‍ 2013 ഒക്ടോബര്‍ 17ന് ആരംഭിച്ച സ്വാമിയുടെ ഉപനിഷദ് വിചാരയജ്ഞം ഡിസംബര്‍ പത്തിന് പൂര്‍ണ്ണമാകും. ഇത്രയും ദിവസം നീണ്ടുനില്‍ക്കുന്ന ഇങ്ങനെയൊരു ആദ്ധ്യാത്മിക സദസ്സ് കേരളത്തിലാദ്യം. ഇതിനിടയില്‍ നിത്യവും നാലും അഞ്ചുമായി 170 പ്രഭാഷണങ്ങള്‍ എറണാകുളത്ത് സ്വാമി നടത്തിക്കഴിഞ്ഞു. ഉപനിഷത്തിന്റെ ഗിരിശൃംഗങ്ങളെ സാരള്യം കൊണ്ടുതൊടുന്ന സ്വാമി ചിദാനന്ദപുരിയുടെ വചനാമൃതം നുകര്‍ന്ന് ശുദ്ധം ചെയ്ത മനസുമായി വിശ്വസികള്‍ മടങ്ങുന്നു. സ്വാമിയുടെ വാക്കുകളുടെ സാരസ്വതത്തിനായി ഇടതടവില്ലാതെ ഓരോദേശവും കാത്തിരിക്കുന്നു.
ലോകഭാവിക്ക് എന്നെന്നേയ്ക്കുമുള്ളതാണ് ഉപനിഷത്ത് എന്നുപറഞ്ഞ് ഭാരത ദര്‍ശനത്തെ മനുഷ്യകുലത്തിന്റെ നെറുകയില്‍ ചൂടി ലോകത്തിന്റേതു തന്നെയായിത്തീരുന്നു സ്വാമി ചിദാനന്ദപുരി.
സേവ്യര്‍.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: