വിഖ്യാതമായ ആ മഞ്ഞക്കുപ്പായം, ജീവിതത്തില്‍ ഒരിക്കലെങ്കിലും അതെടുത്തണിയുക ഓരോ ബ്രസീലുകാരന്റെയും സ്വപ്നമാണ്. ഇടുങ്ങിയ തെരുവിന്റെ ഇടനാഴികളില്‍ തുകല്‍ പന്തു തട്ടിയ കാലം മുതല്‍ ഉള്ളില്‍ താലോലിച്ച മോഹം. അതു നിഷേധിക്കപ്പെട്ട നിമിഷം റൊമാരിയോ കണ്ണീര് തുള്ളിയായി. അതിനു വേണ്ടി റൊണാള്‍ഡിഞ്ഞോയെ പ്രതിഭ ഇപ്പോഴും പന്തുതട്ടുന്നു. പക്ഷേ, അത് വേണ്ടെന്നു പറയാന്‍ ഡീഗോ കോസ്റ്റയ്ക്കല്ലാതെ ആര്‍ക്കുണ്ട് ധൈര്യം. ബ്രസീലില്‍ പിറന്ന കോസ്റ്റ കാനറികളുടെ കുപ്പായം വലിച്ചെറിഞ്ഞു, സ്പെയിനിനുവേണ്ടി. ഒറ്റനോട്ടത്തില്‍ നഷ്ടം കോസ്റ്റയ്ക്കാണെന്നു തോന്നും. എന്നാല്‍ കാര്യങ്ങളുടെ പോക്കത്ര പന്തിയല്ല. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിനുവേണ്ടി കോസ്റ്റ ഗോളടിച്ചുകൂട്ടുമ്പോള് ബ്രസീലടക്കമുള്ള എതിരാളികളുടെ ഉള്ളുകാളുകയാണ്. പ്രത്യേകിച്ച് ലോകകപ്പ് അടുത്തു വരുന്നവേളയില്‍.
ഡീഗോ കോസ്റ്റ പണ്ടേ അങ്ങനെയായിരുന്നു ആര്‍ക്കും പിടികൊടുക്കില്ല. ലയണല്‍ മെസിയെപ്പോലെയും ആന്ദ്രെ ഇനിയെസ്റ്റയെപ്പോലെയും സാവിയെപ്പോലെയുമൊന്നും ഫുട്ബോള്‍ സ്കൂളുകളില്‍ രാകി മിനുക്കിയെടുത്തതല്ല കോസ്റ്റയിലെ പ്രതിഭ. ലഗാര്‍ത്തൊയിലെ തെരുവില്‍ നിന്ന് കാല്‍പ്പന്തുകല ആവാഹിച്ചവനാണവന്‍. ഫുട്ബോളെന്നാല്‍ കോസ്റ്റയ്ക്ക് പട്ടികള്‍ തമ്മിലെ കടിപിടിയ്ക്കു തുല്യം. ആത്മനിയന്ത്രണമില്ലാത്ത അരാജകവാദിയായ സ്ട്രൈക്കര്‍ അങ്ങനെയൊരു വിശേഷണം കളിയെഴുത്തുകാര്‍ ഇതിനകം ചാര്‍ത്തിക്കൊടുത്തു കഴിഞ്ഞു ഈ ഇരുപത്തിയഞ്ചുകാരന്.
കളത്തിലെ തെറിച്ച സ്വഭാവം കോസ്റ്റയെ കൗമാരം മുതല്‍ പിന്തുടര്ന്നു. പതിനാലാം വയസില്‍ കുടുംബത്തിനൊപ്പം സാവോപോളയിലേക്കു താമസംമാറ്റിയ കോസ്റ്റ ബാഴ്സലോണ എസ്പോര്‍ട്ടീവോ കേപ്പല്‍ ടീമിനുവേണ്ടി ബൂട്ടുകെട്ടി. കേപ്പലിനെ കോസ്റ്റയുടെ ആദ്യക്ലബ്ബ് എന്നു വിശേഷിപ്പിക്കാം. കേപ്പലിനുവേണ്ടിയുള്ള കളിക്കിടെ എതിര്‍ത്ത താരത്തെ തല്ലിയതിനും റഫറിയെ ഭീഷണിപ്പെടുത്തിയതിനും ഒരുമാസം വിലക്കു നേരിട്ടു ‘ഇടിയന് കോസ്റ്റ’. കാലങ്ങള്‍ക്കിപ്പുറവും നല്ലകുട്ടിയാവാന്‍ അവന് തയാറായില്ല. സ്പാനിഷ് ലീഗിലെ മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന്റെ സെര്‍ജിയോ റാമോസിനോടും സാബി അലോണ്‍സോയോടും പെപ്പെയോടുമൊക്കെയുണ്ടാക്കിയ കശപിശ കോസ്റ്റയുടെ പുതുപുത്തന്‍ ആക്ഷന്‍ സീനുകളിലൊന്നാണ്. വിക്റ്റോറിയ പ്ലെസന്റെ ഡേവിഡ് ലിംബര്‍സ്കിയെ തലകൊണ്ടിടിച്ചതും കളിക്കളത്തിലെ കോസ്റ്റ ക്രൈമുകളില്‍പ്പെടുന്നു. എങ്കിലും പ്രകടനപരതയിലൂടെ പേരുദോഷങ്ങളെ തുടച്ചു നീക്കുന്നു കോസ്റ്റയിപ്പോള്‍.
കണക്കിനു നല്ല മാര്‍ക്കുവാങ്ങുന്ന കുട്ടിയുടെ വികൃതികള്‍ ഏതൊരു ഹെഡ്മാസ്റ്ററും അല്‍പ്പം കണ്ടില്ലെന്ന നടിക്കും. ആ അവസ്ഥയിലാണ് അത്ലറ്റിക്കോ മാനേജര്‍ ഡീഗോ സിമിയോണി. അത്രയ്ക്കുണ്ട് കോസ്റ്റയുടെ സ്കോറിങ് വൈഭവം. ലാ ലീഗിയെന്നാല്‍ ബാഴ്സലോണയും റയല്‍മാഡ്രിഡും തമ്മിലെ നേര്‍ക്കുനേര്‍ പോരാട്ടമെന്ന സമവാക്യം കോസ്റ്റയുടെ മികവില്‍ മാറ്റിയെഴുത്തുടങ്ങിഅത്ലറ്റിക്കോ. ലീഗില്‍ ഇതുവരെ പതിനഞ്ചുതവണ എതിരാളികളുടെ വലയില്‍ കോസ്റ്റ പന്തു നിക്ഷേപിച്ചുകഴിഞ്ഞു. റയലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (17 ഗോളുകള്‍) മാത്രമേ കോസ്റ്റയ്ക്കു മുന്നിലുള്ളു. എട്ടു വീതം ഗോളുകള്‍ കുറിച്ച ലയണല്‍ മെസിയും സ്വന്തം ടീമംഗം ഡേവിഡ് വിയയും കോസ്റ്റയെക്കാള്‍ ബഹുദൂരം പിന്നിലാണ്. ഇത്തവണത്തെ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടിനുവേണ്ടിയുള്ള മത്സരത്തില്‍ കോസ്റ്റ മുന്‍ നിരയിലുണ്ട്.
ബോക്സിനുള്ളില്‍ പുലര്‍ത്തുന്ന സമചിത്തത കോസ്റ്റയെ അപകടകാരിയായ സ്ട്രൈക്കറാക്കി മാറ്റുന്നു. എതിര് പ്രതിരോധ നിര സൃഷ്ടിക്കുന്ന തിക്കിനും തിരക്കിനുമിടയില്‍ സ്പേസുകള്‍ കണ്ടെത്തുകയെന്നത് കോസ്റ്റയെ സംബന്ധിച്ചടത്തോളം അനായാസ കാര്യം. ഡ്രിബ്ലിങ് പാടവവും ആവോളമുണ്ട്. ഹെഡ്ഡറുകള്‍, ബൈസിക്കിള്‍ കിക്കുകള്‍ എന്നിവയും നന്നായി വഴങ്ങും.
വ്യക്തിഗതമായ കണക്കുകള്‍പ്പറും ടീമിനെയും കൈപിടിച്ചുയര്‍ത്താന്‍ സാധിച്ചെന്നതും കോസ്റ്റയുടെ നേട്ടങ്ങളുടെ മാറ്റുകൂട്ടുന്നു. റദമേല്‍ ഫല്‍ക്കാവോയുടെ കൂടുമാറ്റത്തില്‍ പകച്ച അത്ലറ്റിക്കോയ്ക്ക് തുടര്‍ വിജയങ്ങളുടെ മധുരം വിളമ്പാന്‍ കോസ്റ്റയിലെ ഗോളടിയന്ത്രത്തിനു കഴിഞ്ഞു.
ലീഗില്‍ 15 റൗണ്ടുകള്‍ പിന്നിടുമ്പോള്‍ ടേബിളില്‍ രണ്ടാം സ്ഥാനത്താണ് അത്ലറ്റിക്കോ (40 പോയിന്റ്). പോയിന്റ് നിലയില്‍ സൂപ്പര്‍ ക്ലബ്ബ് ബാഴ്സയ്ക്കൊപ്പം. ബാഴ്സ അത്ലറ്റിക്കോയെ പിന്തുള്ളുന്നത് ഗോള്‍ശരാശരിയുടെ മുന്‍തൂക്കംകൊണ്ടുമാത്രം. അയല്‍വാസികളായ റയല്‍ മാഡ്രിഡാകട്ടെ അത്ലറ്റിക്കോയെക്കാള്‍ മൂന്നു പോയിന്റുകള്‍ക്ക് പിന്നിലാണിപ്പോള്‍. മെസിയില്ലാത്ത ബാഴ്സ നിറംമങ്ങുന്നതും അത്ലറ്റിക്കോയുടെ കിരീട സാധ്യതകളേറ്റുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന തുറുപ്പുചീട്ടിന്റെ അഭാവത്തിലും മിന്നുന്ന റയലാണ് അവര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളി. കോസ്റ്റ ഫോം തുടര്‍ന്നാല്‍ പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലാ ലീഗ ട്രോഫി അത്ലറ്റിക്കോയുടെ ഷെല്‍ഫിലെത്തും. 1995-96 സീസണിലാണ് അത്ലറ്റിക്കോ അവസാനമായി ലീഗ് ചാമ്പ്യന്മാരായത്. കോസ്റ്റ ഗോളുകളാല്‍ ഉത്സവംതീര്‍ക്കുമ്പോള്‍ മനസുകുളിര്‍ക്കുന്ന ഒരാള്‍ കൂടിയുണ്ട്, സ്പാനിഷ് കോച്ച് വിന്‍സെന്റ്ഡെല്‍ ബോസ്ക്. ലോകോത്തര നിലവാരമുള്ള ഒരു മുന്നേറ്റ നിരക്കാരന്റെ അഭാവം ഡെല്‍ ബോസ്ക് അനുഭവിച്ചറിഞ്ഞതാണ്, ബ്രസീലുമായുള്ള കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബ്രസീലിനു മുന്നില്‍ നാണംകെട്ടതിന്റെ നൊമ്പരം ലോക ചാമ്പ്യന്മാരുടെ ആശാനെ ഇന്നും അലട്ടുന്നു. അന്നത്തെ തോല്‍വിക്കു ബ്രസീല്‍വച്ചുതന്നെ കണക്കുതീര്‍ക്കുകയാവും അദ്ദേഹത്തിന്റെ ലക്ഷ്യം. ബ്രസീലിയന്‍ രക്തത്തില്‍പ്പിറന്ന ഒരാളെ മുന്നില്‍നിര്‍ത്തി ആ ദൗത്യം നിര്‍വഹിച്ചാല്‍ അതിലും മധുരമായ പ്രതികാരമില്ലല്ലോ.
എസ്. പി. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: