കാസര്‍കോട്: ഡിസംബര്‍ ആറിലെ ‘അപ്രഖ്യാപിത ഹര്‍ത്താല്‍’ നാണക്കേട് കാസര്‍കോട് തിരുത്തി. അയോധ്യാ സംഭവത്തിനുശേഷം 21 വര്‍ഷത്തിനിടെ ആദ്യമായി ജില്ലയ്ക്ക് ഹര്‍ത്താല്‍ ഭീതിയില്ലാത്ത ഡിസംബര്‍ ആറാണ് ഇന്നലെ കടന്നുപോയത്. നാട്ടുകാരുടെ സഹായത്തോടെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ നടപടികളാണ് മതതീവ്രവാദികള്‍ക്ക് തിരിച്ചടിയായത്.
തലേദിവസം രാത്രി കെഎസ്ആര്‍ടിസി ബസിനുനേരെ ഒരു കല്ലേറ്- ഇതില്‍ നിന്നും തുടങ്ങുന്നു ഡിസംബര്‍ ആറിലെ കാസര്‍കോട്ടെ ഹര്‍ത്താല്‍. കല്ലേറ് മുന്നറിയിപ്പാണ്. ആരും പ്രഖ്യാപിച്ചില്ലെങ്കിലും പിറ്റേദിവസം ബസുകള്‍ ഓടില്ല. കടകള്‍ തുറക്കില്ല. കഴിഞ്ഞ വര്‍ഷം ഹര്‍ത്താല്‍ ഭാഗികമായിരുന്നു. ഇത്തവണ തലേദിവസം രാത്രിയില്‍ ലോറിക്കുനേരെ കല്ലേറുണ്ടായി. ഹര്‍ത്താല്‍ ഉണ്ടാകുമെന്ന ഊഹാപോഹവും പരന്നു. അതുകൊണ്ട് തന്നെ മടിച്ചുമടിച്ചാണ് ഇന്നലെ കാസര്‍കോട് ഉണര്‍ന്നത്. പോലീസ് സാന്നിധ്യം ആത്മവിശ്വാസം പകര്‍ന്നതോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും പതിവുപോലെ ഓടി. അണങ്കൂരില്‍ സ്വകാര്യ ബസിനുനേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ പൊതുവേ സമാധാനപരമായിരുന്നു. കാസര്‍കോട്- മംഗലാപുരം റൂട്ടില്‍ പോലീസ് അകമ്പടിയോടെയാണ് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തിയത്. കാസര്‍കോട്ടെ സവിശേഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ ജില്ലാ പോലീസ് സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. ബസുടമകള്‍, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഡ്രൈവര്‍മാര്‍ എന്നിവരെ വിളിച്ചു ചേര്‍ക്കുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയുമുണ്ടായി. കാസര്‍കോട് താലൂക്കിലെ പ്രശ്ന ബാധിത പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ജനകീയ സമിതികളും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: