പോരാട്ടത്തിന്റെ എക്കാലത്തേയും ഇതിഹാസമായ നെല്‍സണ്‍ മണ്ടേല യാത്രയാകുമ്പോള്‍ അവശേഷിക്കുന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തീരാത്ത പാഠങ്ങളും മാതൃകയും. ഇരുളടഞ്ഞ ഭൂഖണ്ഡമെന്ന ദുഷ്പ്പേരില്നിന്നും ദക്ഷിണാഫ്രിക്കയ വെളിച്ചത്തിലേക്ക് നയിച്ച കൊടിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും ചരിത്രമാണ് മണ്ടേല. പതിറ്റാണ്ടുകള്‍ ജയിലിലടച്ചിട്ടും ചോരാത്ത കറുത്ത വീര്യം കൊണ്ട് നെഗ്രിറ്റിയൂഡിന് പുതിയ നിര്‍വചനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ സമരത്തിനും ജയിലിനും തീറെഴുതിയ മണ്ടേലയുടെ ആസ്തി മറ്റുള്ളവരെപ്പോലെ വര്‍ണപ്പകിട്ടുള്ള ഓര്‍മകളല്ല. ജയില്‍ ജീവിതത്തിന്റെ ചുടുന്ന അനുഭവങ്ങളാണ്. എല്ലാവര്ക്കും വരാനും പോകാനുമുള്ള ഇടമാണ് വീടെങ്കില്‍ മണ്ടേലയ്ക്കത് ജയിലായിരുന്നു. ഒടുക്കം ഇരുപത്തേഴുവര്‍ഷത്തെ നീണ്ട ജയില്‍ ജീവിതം. ജയിലായിരുന്നപ്പോഴും അദ്ദേഹത്തിന്റെ പുറംലോകം വളരുകയായിരുന്നു. വംശവെറിയിലും പട്ടിണിയിലും അടിച്ചമര്‍ത്തലിലും കഴിഞ്ഞിരുന്ന ദക്ഷിണാഫ്രിക്കന്‍ ജനതയെ ജയിലില്‍ക്കഴിയുന്ന തങ്ങളുടെ രക്ഷകന്റെ അസാന്നിധ്യത്തിലും സാന്നിധ്യമാക്കുകയായിരുന്നു. ജയിലിലേക്ക് വരവും പോക്കുമായ മണ്ടേലക്ക് ജയില്‍ നല്‍കുന്നത് അധികൃതര്‍ക്ക് പലപ്പോഴും വിനോദമയിരുന്നു. പല പരീക്ഷകള്‍ക്ക് പഠിച്ചും എഴുതിയും അദ്ദേഹം ജയില്‍ മുറിയെ ഗൗരവമാക്കി. പുറത്തുള്ള മണ്ടേലയെക്കാള്‍ അകത്തുള്ള മണ്ടേലയാണ് കൂടുതല്‍ ശക്തനായത്. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ഐക്യപാതയ്ക്ക് ഈ മുറിക്കക ജീവിതം പ്രചോദനമാക്കി.
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു നെല്‍സണ്‍ മണ്ടേലെ. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ എല്ലാം സാന്നിധ്യമായത് എഎന്‍സി ആയിരുന്നു. ലക്ഷങ്ങളോടാണ് ഈ പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളില്‍ മണ്ടേല അഭിസംബോധന ചെയ്തിരുന്നത്.
‘സ്വാതന്ത്ര്യത്തിലേക്കുളള ചരിത്രപ്രസിദ്ധമായ മണ്ടേലന് ആഹ്വാനം എഎന്‍സിയുടെ ഒരു സമ്മേളനത്തിലാണ് ഉയര്‍ന്നത്. സ്വാതന്ത്ര്യത്തിലേക്ക് അനല്‍പ്പമായ ത്യാഗം ആവശ്യമാണെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സമ്മേളനങ്ങളാണ് പലപ്പോഴും അദ്ദേഹത്തെ പ്രാഥമിക ആവശ്യത്തിനുപോലും സൗകര്യമില്ലാത്ത പ്രാദേശിക ജയിലുകളിലേക്ക് തള്ളിവിട്ടത്. ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ക്ക് മാത്രമല്ല വെളുത്തവര്‍ക്കു കൂടിയുള്ള പോരാട്ടമാണ് തന്റേതെന്ന് സ്വന്തം രാജ്യത്തേയും ലോകത്തേയും അറിയിക്കാനുള്ള മണ്ടേലയുടെ പ്രഖ്യാപനം അദ്ദേഹത്തെ സാര്വത്രികനാക്കി. ലോകത്ത് നടന്ന വിവിധ സമരങ്ങളും വിപ്ലവങ്ങളും പ്രത്യയശാസ്ത്ര പരികല്പ്പനങ്ങളുമൊക്കെ അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തവും കമ്മ്യൂണിസവും മാവോയും ചെഗുവേരയും ഫിഡല്‍കാസ്ട്രോയും ഗറില്ലാ സാഹിത്യവും വരെ ഇതില്‍പ്പെടുന്നു. എന്നിട്ടും അക്രമത്തിനും കൊലയ്ക്കും ഒരിക്കല്‍പ്പോലും അദ്ദേഹം ആഹ്വാനം ചെയ്തില്ല. ജീവിതത്തിലും സമരത്തിലും അഹിംസയുടെ സമവാക്യം പൂരിപ്പിച്ച മണ്ടേലെ.
വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഒരുപോലെ പരീക്ഷണമായിരുന്നു മണ്ടേലയ്ക്ക്. എഎന്‍സി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണം ഉണ്ടായപ്പോള്‍ പ്രിയതമ വിന്നിയെ പരസ്യമായി തള്ളിപ്പറയേണ്ടിവന്നു അദ്ദേഹത്തിന്. ഒരു രാജ്യപൗരന് എക്കാലത്തും സംഭവിക്കാവുന്ന വൈയക്തിക പ്രതിസന്ധി.
ഹിംസയിലേക്ക് തട്ടിവീഴാതെ പോരാട്ടങ്ങളെ ഒരുതരം ആത്മീയതയിലേക്ക് നയിക്കുകയായിരുന്നു നെല്‍സണ്‍ മണ്ടേലെ. സമരങ്ങളെ പ്രചോദിപ്പിക്കാന്‍ ജയിലറകള്‍ അദ്ദേഹത്തിന് ഇരുത്തം നല്കി. ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗ പ്രസിഡന്റായപ്പോഴും രാഷ്ട്രപിതാവായപ്പോഴും നോബല്‍ സമ്മാന ജേതാവായപ്പോഴും മണ്ടേലയുടെ ഔന്നത്യമുള്ള ലാളിത്യം ഉയരുകയായിരുന്നു. ഇരുന്നൂറിലധികം വിവിധ അവാര്‍ഡുകള്‍ നേടിയ ഈ ലോകപുരുഷന്‍ അവസാന നാളുകളില്‍ വരെ ചാരിറ്റിയ്ക്ക് വേണ്ടിയും എയ്ഡിസിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഉന്നതര്‍ മരിക്കുമ്പോള്‍ വലിയ വിടവെന്ന ആലങ്കാരികമായ പദം നെല്‍സണ്‍ മണ്ടേലയില്‍ തെറ്റുന്നു. ഇത്തരം അപൂര്‍വ നക്ഷത്രങ്ങളുടെ പൊലിയലിന് മനുഷ്യമനസ്സിലെ നിഘണ്ടുവില്‍ സമാനമായ വാക്കില്ല തന്നെ.
സേവ്യര്‍ ജെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: