സനാ: യെമന്‍ പ്രതിരോധ മന്ത്രാലയത്തില്‍ ഉണ്ടായ അക്രമണ പരമ്പരകളില്‍ മലയാളി ഉള്‍പ്പെടെ 29 പേര് കൊല്ലപ്പെട്ടു. കോട്ടയം മണിമല സ്വദേശി രേണു മാത്യുവാണ് മരിച്ചത്. സനായിലെ ബാബ് അല്‍ യമന്‍ ജില്ലയിലുള്ള പ്രതിരോധ മന്ത്രാലയത്തിലാണ് ആക്രമണ പരമ്പരയുണ്ടായത്. കാറില്‍ ബോംബുമായി എത്തിയ ചാവേര്‍ മന്ത്രാലയ ഗെയ്റ്റിനടുത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ മന്ത്രാലയത്തിനുള്ളിലെ കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റി. സ്ഫോടനത്തിന് പിന്നാലെ പ്രതിരോധ മന്ത്രാലയത്തിലെ ആശുപത്രിയെ ലക്ഷ്യം വെച്ച് വെടിവെപ്പുമുണ്ടായി.
സൈനിക യൂണിഫോമിലെത്തിയ തോക്കുധാരികളാണ് വെടിയുതിര്‍ത്തത്. എന്നാല്‍ തോക്കുധാരികളെ സൈന്യം കൊലപ്പെടുത്തിയെന്ന് യെമന്‍ അധികൃതര്‍ പറഞ്ഞു. എത്ര പേര് കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ ഖ്വദയും അനുകൂല സംഘടനകളുമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് യെമന്‍ അധികൃതരുടെ വിശദീകരണം. പ്രവര്‍ത്തി ദിനം ആരംഭിച്ച ഉടനെയാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിന്റെ പ്രകമ്പനം പ്രദേശത്താകെ ഉണ്ടായെന്നും കെട്ടിടങ്ങളില്‍ നിന്ന് കനത്ത പുക ഉയര്‍ന്നതായും ദൃക്സാക്ഷികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: