പന്തളം: ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കോടിക്കണക്കിനു രൂപ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അവര്‍ക്കു വേണ്ട ന്യായമായ സൗകര്യങ്ങള്‍ പോലും ചെയ്തുകൊടുക്കാതെ നടക്കുന്നത് കൊള്ളയടി മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന് പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ശബരിമലയില്‍ എടുത്തു പറയത്തക്ക നിലയിലുള്ള ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അയ്യപ്പ ഭക്തര്‍ക്കു വേണ്ടത് വിരിവെപ്പിനുള്ള സൗകര്യം, ഭക്ഷണം, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുവാനുള്ള വൃത്തിയുള്ള സാഹചര്യം എന്നിവയോടൊപ്പം യാത്രാസൗകര്യവുമാണ്. ശബരിമലയ്ക്കടുത്തുള്ള കോട്ടയം, ചെങ്ങന്നൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളിലാണ് അന്യദേശങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത്. എന്നാല്‍ കോടിക്കണക്കിനു രൂപ പ്രതിവര്‍ഷം റെയില്‍വേയ്ക്കു കൊടുക്കുന്ന ഇവര്‍ക്ക് ഇവിടെ ഇറങ്ങിയാല്‍ പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങേണ്ട ഗതികേടാണ് ഉള്ളത്.
ശബരിമല മാസ്റ്റര്‍പ്ലാന്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് തീര്‍ത്ഥാടകരോടുള്ള തികഞ്ഞ അവഗണനയാണ്. ഇടത്താവളങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ശബരിമലയുടെ മൂലസ്ഥാനവും പ്രധാന ഇടത്താവളവുമായ പന്തളം വലിയകോയിക്കല്ക്ഷേത്രത്തിലെത്തുവാന് തിരക്കേറിയ എംസി റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ ഫ്ലൈ ഓവര്‍ പണിയുമെന്ന് തീര്‍ത്ഥാടനം തുടങ്ങുന്നതിന് രണ്ടു മാസം മുമ്പ് പന്തളത്തു നടന്ന അവലോകന യോഗത്തില്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൂന്ന് ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ നാളിതുവരെ ആയിട്ടും ഒന്നും തന്നെ നടന്നില്ല. മന്ത്രി പിന്നീടിങ്ങോട്ടു തിരിഞ്ഞു നോക്കിയതുമില്ല. ആഴമേറിയതും അപകടകരവുമായ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങുന്ന ഭക്തജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുവാന്‍ ആറ്റില്‍ വലയും സ്ഥാപിച്ചിട്ടില്ല.
തീര്‍ത്ഥാടനക്കാലത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് എല്ലാത്തിനും ചുക്കാന്‍ പിടിക്കേണ്ട ജില്ലാ കളക്ടര്‍ ജില്ലയില്‍ത്തന്നെ ഇല്ലാത്തതാണ് ഇത്തവണത്തെ ഗുരുതരമായ പ്രശ്നം. ഇതുവരെ കളക്ടര്‍ ശബരിമലയിലോ പന്തളം വലിയകോയിക്കലോ മറ്റ് അനുബന്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലോ പോയിട്ടില്ല. ഇങ്ങനെയുള്ള ഒരാള്‍ സ്ഥാനത്തു തുടരുന്നത് തികച്ചും ദുരൂഹമാണ്. പന്തളത്ത് ഇതുവരെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റോ അംഗങ്ങളോ സന്ദര്‍ശനം നടത്താത്തതും ദുരൂഹമാണ്.
ശബരിമലയില്‍ ശര്‍ക്കര ലേലം, അരവണ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.ഇതെക്കുറിച്ച് മതിയായ അന്വേഷണം നടത്തി പരിഹാരം കാണുവാന്‍ ഇതുവരെയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: