മണ്ണാര്‍ക്കാട്: തത്തേങ്കലം പ്ലാന്റേഷന് കോര്‍പ്പറേഷനില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യാതെ ഇന്നും നാട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും ഭീഷണിയായി തുടരുന്നു. 2001 മുതല്‍ തത്തേങ്ങലത്ത് ഗോഡൗണില്‍ പൂട്ടി സീല്‍ ചെയ്തുകിടക്കുകയായിരുന്ന എന്‍ഡോസള്‍ഫാന്‍ നീണ്ട പത്തുവര്‍ഷത്തിനു ശേഷം ബാരല്‍ എല്ലാം ദ്രവിച്ച് പുറത്തേക്കൊഴുകുവാന്‍ തുടങ്ങിയതാണ് വീണ്ടും ഭീഷണിയായിരിക്കുന്നത്. പ്ലാന്റേഷനിലെ ഓഫീസിനോടുചേര്‍ന്നുള്ള ഗോഡൗണിലാണ് മാരകവിഷം സൂക്ഷിച്ചിട്ടുള്ളത്. ജനങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ദോഷങ്ങള്‍ അറിയുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കാന്‍സര്‍, അംഗവൈകല്യം, ശരീരത്തില്‍ ചൊറിച്ചില്‍, വൃണങ്ങള്‍, മാനസികരോഗം എന്നിവകൊണ്ടെല്ലാം ഈ പ്രദേശം ഭീതിയിലായിരുന്നു. ഏകദേശം 2000-വരെ മണ്ണാര്‍ക്കാട് പ്ലാന്റേഷനിലെ കശുമാവിന്തോട്ടത്തില് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ഇവിടുത്തെ സാമൂഹ്യപ്രവര്‍ത്തകരും പ്രകൃതിസ്നേഹികളും ഇടപെട്ട് എന്‍ഡോസള്‍ഫാന്റെ ഉപയോഗം തടയുകയായിരുന്നു. 2011 ആഗസ്റ്റ് മാസം എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് സൈനിക ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ എത്തിയിരുന്നു.
വിഷം പ്ലാന്റേഷന് കോര്‍പ്പറേഷന്റെ സ്ഥലത്തുതന്നെ കുഴിച്ചിട്ട് നിര്‍വീര്യമാക്കാനായിരുന്നു അവര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ഇതറിഞ്ഞ നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും തടയുകയും പ്രശ്നം രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസില്‍ എംഎല്‍എ ഷംസുദ്ദീന്റെ സാന്നിധ്യത്തില്‍ സര്‍വകക്ഷിയോഗം നടത്തി. പിന്നീട് കളക്ടറുടെ യോഗവും നടന്നു. ഇതുകൊണ്ടൊന്നും പ്രശ്നം തീര്‍ന്നില്ല. പിന്നീട് ഒരു താത്കാലിക തീരുമാനത്തില്‍ ഇവിടെനിന്ന് കൊണ്ടുപോകാനായി പ്ലാന്‍. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാതെ റോഡ് മാര്‍ഗ്ഗം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു.
315 ലിറ്ററോളം വരുന്ന എന്‍ഡോസള്‍ഫാന്‍ മാറ്റാന്‍ ജില്ലാകളക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പറഞ്ഞിരുന്നു. സുരക്ഷിതമായി മറ്റൊരു ബാരലിലേക്ക് മാറ്റി ഇവിടെനിന്ന് നീക്കം ചെയ്യുവാന്‍ ഹിന്ദുസ്ഥാന്‍ ഇന്സെക്ടിസൈഡ്സിനോട് (എച്ച്ഐഎല്‍) സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണമെന്നും പറയുന്നു. ഏതുവിധേനയെങ്കിലും ഇവിടെനിന്ന് എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യണമെന്നും ഇതിന്റെ ഗന്ധം തന്നെ പലപ്പോഴും ദേഹാസ്വാസ്ഥ്യം ഉണ്ടാക്കുന്നതായും നാട്ടുകാര്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ഇല്ലാതെയും കശുമാവ് കൂടുതല്‍ പൂവിട്ടതായും ജോലിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ജെ പി മണ്ണാര്‍ക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: