തിരുവനന്തപുരം: തങ്ങളുടെ സ്ഥാപനങ്ങളിലെ സൗകര്യങ്ങളും സാങ്കേതികവിദഗ്ധരെയും സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രസമൂഹത്തോട് ജര്‍മനിയുടെ അഭ്യര്‍ഥന. ജര്‍മനിയുടെ പൗരന്മാര്ക്കു വേണ്ടി മാത്രമല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ലോകമെമ്പാടുമുള്ള മിടുക്കരായ ശാസ്ത്രജ്ഞര്‍ക്കു വേണ്ടിക്കൂടിയാണെന്നും ബംഗ്ലൂരിലെ ജര്‍മന്‍ കോണ്‍സുലേറ്റ് ജനറലിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഹാന്‍സ് ഗുവാന്തര് ലോഫല് ചൂണ്ടിക്കാട്ടി.
ലേസര്‍ ആപ്ലിക്കേഷനും നാനോ സയന്‍സുമായി ബന്ധപ്പെട്ട ത്രിദിന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സസ്, ഗൊയ്ഥേ സെന്‍ട്രം, ഹുംബോള്‍ട് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ ജര്‍മന്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
ശാസ്ത്രത്തിന്റെ കാര്യത്തില്‍ രാജ്യാന്തര സഹകരണം അത്യാവശ്യമാണ്. പുരോഗതിയിലേക്കു നയിക്കുന്ന ഘടകമാണത്. ജര്‍മന്‍ സഹകരണം ഇന്ത്യയിലേക്ക് നല്ലരീതിയില്‍ തിരിച്ചുവിട്ടിരിക്കുകയാണ്. ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ കഴിവുകളെപ്പറ്റി തങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ജര്‍മനിയുടെ പല ശാസ്ത്രസ്ഥാപനങ്ങളുടെയും ഡയറക്ടര്‍മാര്‍ ജര്മനിക്കാരല്ല. യാതൊരു അതിരുകളുമില്ലാതെ മികച്ച ശാസ്ത്രസഹകരണം മാത്രം ലക്ഷ്യമിട്ടാണ് അവ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലേസര്‍ ടെക്നോളജിയും നാനോ സയന്‍സുകളും തുറന്നിടുന്ന സാധ്യതകളെപ്പറ്റി ജര്‍മനിക്കു നല്ല ബോധ്യമുണ്ട്. 2010ല്‍ ജര്‍മന്‍ സര്‍ക്കാര്‍ നാനോടെക്നോളജിക്കായി ഗവേഷണ വികസനവിഭാഗം ആരംഭിച്ചിരുന്നു. ജര്‍മന്‍ നാനോ ടെക്നോളജി വ്യവസായം 2015ല്‍ ഏതാണ്ട് 80 ലക്ഷം കോടി രൂപ മൂല്യമുള്ളതായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ലേസര്‍ ആപ്ലിക്കേഷന്‍, നാനോ സയന്‍സ്, ശാസ്ത്രവിദ്യാഭ്യാസം തുടങ്ങി പ്രത്യേക മേഖലകള്‍ തെരഞ്ഞെടുത്ത് ജര്‍മന്‍ സഹകരണം സാധ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിവരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെഎസ്സിഎസ്ടിഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍. രാജശേഖരന്‍പിള്ള പറഞ്ഞു. ജര്‍മനയില്‍ സുപരിചിതമായ കുട്ടികള്‍ക്കു വേണ്ടിയുള്ള ശാസ്ത്രലാബ് ഈ വര്‍ഷം ആദ്യം കേരളത്തില്‍ തുടങ്ങിയത് അതിന്റെ ഭാഗമായിട്ടാണ്. ജര്‍മനിക്കു വെളിയിലുള്ള ആദ്യത്തെ കുട്ടികളുടെ ലാബ് തിരുവനന്തപുരത്ത് ശാസ്ത്രമ്യൂസിയത്തോടനുബന്ധിച്ച് സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
സമ്മേളനത്തിന്റെ അക്കാദമിക് ചെയറും ലെയ്ബ്നിസ് യൂണിവേഴ്സിറ്റി വിസിറ്റിംഗ് സയന്റിസ്റ്റുമായ പ്രൊഫ. കെ.പി. രാജപ്പന് നായര്‍, ഡിജിഎഫ് ഇന്ത്യ സീനിയര്‍ പ്രോഗ്രാംഓഫീസര്‍ ഡോ. മോണിക്ക ശര്‍മ, ഹുംബോള്‍ട്ട് ക്ലബ്ബ് ഓഫ് കേരള പ്രസിഡന്റ് പ്രൊഫ. (ഡോ) ജോസഫ് ഫ്രാന്‍സിസ്, ഗൊയ്ഥേ സെന്‍ട്രം ഡയറക്ടര്‍ സെയ്ദ് ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യയില്‍ നിന്നും ജര്‍മനിയില്‍ നിന്നുമായി ശാസ്ത്രജ്ഞരും ഗവേഷകരും വിദഗ്ദ്ധരുമായ നൂറിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ശാസ്ത്രജ്ഞരും പ്രതിനിധികളുമായുള്ള സംവാദം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.പി.രാജപ്പന് നായരും സെയ്ദ് ഇബ്രാഹിമും പരിപാടി മോഡറേറ്റ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: