ഡുനെഡിന്‍: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ന്യൂസിലാന്റ് വിജയത്തിലേക്ക്. ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 9ന് 609നെതിരെ ഒന്നാം ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് 213 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വിഴ്ത്തിയ ടിം സൗത്തിയുടെയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ബൗള്‍ട്ടിന്റെയും മികച്ച പ്രകടനമാണ് ചെറിയ സ്കോറില്‍ വിന്‍ഡീസിനെ ഒതുക്കാന്‍ ന്യൂസിലാന്റിനെ സഹായിച്ചത്. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്യപ്പെട്ട വെസ്റ്റിന്‍ഡീസ് മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 168 റണ്‍സ് എടുത്ത് ഇന്നിംഗ്സ് പരാജയം ഒഴിവാക്കാനായി പൊരുതുകയാണ്. 72 റണ്‍സുമായി ഡാരന്‍ ബ്രാവോയും 17 റണ്‍സുമായി മര്‍ലോണ്‍ സാമുവല്‍സുമാണ് ക്രീസില്‍. രണ്ട് ദിവസവും എട്ട് വിക്കറ്റുകളും ബാക്കിയിരിക്കെ ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ വിന്‍ഡീസിന് 228 റണ്‍സ് കൂടി വേണം.
67ന് രണ്ട് എന്ന നിലയില്‍ മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച വിന്‍ഡീസിനെ സൗത്തിയും ബൗള്‍ട്ടും ചേര്‍ന്ന് എറിഞ്ഞൊതുക്കുകയായിരുന്നു. 76 റണ്‍സെടുത്ത ചന്ദര്‍പോളും 40 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയും 27 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഡാരന്‍ സമിയും മാത്രമാണ് വിന്‍ഡീസ് നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. ചന്ദര്‍പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 11000 റണ്‍സും പിന്നിട്ടു. സാമുവല്‍സ് 14ഉം ഡിയോനരേയ്ന്‍ 15ഉം രാംദിന് 12ഉം റണ്‍സെടുത്ത് പുറത്തായതാണ് വിന്‍ഡീസിന് കനത്ത തിരിച്ചടിയായത്. ന്യൂസിലാന്റിന് വേണ്ടി സൗത്തി 52 റണ്‍സ് വിട്ടുകൊടുത്ത് നാലും ബൗള്‍ട്ട് 40 റണ്‍സ് നല്കി മൂന്നുവിക്കറ്റും വീഴ്ത്തിയപ്പോള്‍ ഇഷ് സോധി 63 റണ്‍സിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഒന്നാം ഇന്നിംഗ്സില്‍ 396 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണിനയക്കപ്പെട്ട വിന്‍ഡീസിന് രണ്ടാം ഇന്നിംഗ്സിലും തുടക്കത്തില്‍ തിരിച്ചടിയേറ്റു. സ്കോര്‍ബോര്‍ ഡില് വെറും 18 റണ്‍സ് മാത്രമുള്ളപ്പോള്‍ 14 റണ്‍സെടുത്ത കീറണ്‍ പവലിനെ ബൗള്‍ട്ട് സൗത്തിയുടെ കൈകളിലെത്തിച്ചു. എന്നാല്‍ എഡ്വേര്‍ഡ്സും ബ്രാവോയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 117 റണ്‍സ് വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. സ്കോര്‍ 135 റണ്‍സിലെത്തിയപ്പോള്‍ 59 റണ്‍സെടുത്ത എഡ്വേര്‍ഡ്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സോധിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. ന്യൂസിലാന്റിന് വേണ്ടി ബൗള്‍ട്ടും സോധിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: