ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്തെത്തി. നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കുമെന്ന് ഒരു സ്വകാര്യ വാരിക സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തുകൊണ്ട് ദിഗ്വിജയ് സിംഗ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ കടുത്ത വിമര്‍ശകനായ ദിഗ്വിജയ് സിംഗ് നിലപാടു മാറ്റിയതെന്നത് ശ്രദ്ധേയമായി.
‘നരേന്ദ്രമോദി അടല്‍ ബിഹാരി വാജ്പേയിയുടെ പാതയിലാണ് മുന്നോട്ടുപോകുന്നത്. അതു സ്വാഗതാര്ഹമണ്. കേരളത്തില്‍ നിന്നൊരു ആട്ടിടയന് ഇന്ത്യയുടെ പ്രസിഡന്റാകാമെങ്കില്‍ എന്തുകൊണ്ട് ഒരു ചായക്കച്ചവടക്കാരന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിക്കൂടാ’, എഐസിസി ജനറല്‍ സെക്രട്ടറി ചോദിച്ചു. രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയ ദിഗ്വിജയ് സിംഗിന്റെ പ്രസ്താവനയെ ബിജെപി നേതാവ് സ്മൃതി ഇറാനി സ്വാഗതം ചെയ്തിട്ടുണ്ട്. സന്തോഷകരമായ പ്രസ്താവനയാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ തൊട്ടുകൂടാത്തവരായി ആരുമില്ലെന്ന് പറഞ്ഞ ദിഗ്വിജയ് സിംഗ് കുടുംബത്തിന്റെ സമ്പന്നതയും ദാരിദ്ര്യവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനു ഘടകമല്ലെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: