ദേശീയ തെരഞ്ഞെടുപ്പിന് കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഏപ്രില്‍ മാസത്തില്‍ ലോക്സഭ തെരഞ്ഞടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ നേതൃത്വവും തയ്യാറെടുക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അതുകൊണ്ടു തന്നെ ഒട്ടേറെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വേദിയായേക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇനി സുപ്രധാന ബില്ലുകളൊന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അവതരിപ്പിക്കില്ലെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ജനാധിപത്യ സമ്പ്രദായത്തില്‍ പൊതുവെ പാലിച്ചു വരുന്ന കീഴ്വഴക്കങ്ങളിലൊന്നാണിത്. സാങ്കേതികമായി സര്‍ക്കാരിന് ബില്ല് അവതരിപ്പിക്കാന്‍ അവകാശമുണ്ടെങ്കിലും ജനവിധിക്കു ശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടു മതി അതെന്ന് തീരുമാനിക്കുകയാണ് പതിവ്. പ്രത്യേകിച്ചും പ്രതിപക്ഷവുമായി രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍. എഴുതി വക്കപ്പെട്ട ഭരണഘടന അനുസരിച്ചാണ് ഇന്ത്യയില്‍ ഭരണം നടക്കുന്നതെങ്കിലും കീഴ് വഴക്കങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണക്രമത്തില്‍ വലിയ സ്ഥാനമുണ്ട്. പാര്‍ലമെന്ററി കീഴ്വഴക്കങ്ങള്‍ക്ക് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രാധാന്യം നല്കുന്നു.
എന്നാല്‍ മന്മോഹന് സര്‍ക്കാര്‍ ഈ ധാരണ തകിടം മറിക്കുകയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ നിര്‍ണ്ണായകമായ ഒട്ടേറെ ബില്ലുകളാണ് സര്‍ക്കാര്‍ അണിയറയില്‍ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഒരു മുന്നണി ഭരണകാലാവധി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ഇത്തരം സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ക്കു മുതിരുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. വര്‍ഗ്ഗീയ കലാപം തടയല്‍ ബില്ലും തെലങ്കാന രൂപീകരണ ബില്ലുമാണ് ഏറ്റവും കൂടുതല്‍ എതിര്പ്പുയര്ത്തുന്നവ. ഈ രണ്ടു നിര്‍ണ്ണായക ബില്ലുകളും രാജ്യവ്യാപകമായി പാര്‍ലമെന്റിനകത്തും പുറത്തും വലിയ എതിര്പ്പുയര്ത്തുമെന്ന കാര്യം ഉറപ്പാണ്. ഇത്രയും ഭിന്നാഭിപ്രായങ്ങളുള്ള ബില്ലുകള്‍ അടുത്ത സര്‍ക്കരിന്റെ പരിഗണനക്ക് വിടുന്നതിനു പകരം തിരക്കിട്ട് തട്ടിക്കൂട്ടിയെടുക്കുന്ന ഭൂരിപക്ഷം കൊണ്ട് നിയമമാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമത്തിനു പിന്നിലുള്ളത് ഹീനമായ ലക്ഷ്യങ്ങളാണെന്നു പറയേണ്ടി വരും.
തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് ഈ രണ്ടു ബില്ലുകളും കോണ്‍ഗ്രസ് അണിയറയില്‍ തയ്യാറാക്കുന്നത്. വര്‍ഗീയ കലാപം തടയല്‍ ബില്‍ നഗ്നമായ ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. രാജ്യത്ത് വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും നടക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഉറപ്പു വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ബില്‍ എന്നാണ് കോണ്‍ഗ്രസ് അവകാശവാദം. നഗ്നമായ മുസ്ലീം പ്രീണനത്തില്‍ കുറഞ്ഞൊന്നുമല്ല ഇത്.
ഒരു കലാപത്തില്‍ പ്രത്യേകിച്ചും വംശീയ കലാപത്തില്‍ സ്വാഭാവികമായും രണ്ടു പക്ഷങ്ങള്‍ ഉണ്ടാകും. തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന്റെ കടമ ഇരു വിഭാഗങ്ങള്‍ക്കും തുല്യ നീതി ഉറപ്പാക്കുക എന്നതാണ്. മതവും ജാതിയും മറ്റു പരിഗണനകളും നോക്കാതെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക. കുറ്റക്കാരായവരെ മറ്റു പരിഗണനകളൊന്നും നോക്കാതെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരിക. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നത് വര്‍ഗീയ കലാപങ്ങളുടെ കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് ഒരു നീതി, ഹിന്ദുക്കള്‍ക്ക് മറ്റൊരു നീതി എന്ന തരത്തില്‍ പുതിയ നിയമം കൊണ്ടു വരാനാണ്. കലാപത്തില്‍ പങ്കെടുക്കുന്ന മുസ്ലീങ്ങള്‍ക്ക് നിയമത്തിന്റെ പരിരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുമ്പോള്‍ ഇരകളാക്കപ്പെട്ടാലും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഒരിക്കലും നീതി ലഭിക്കാത്ത തരത്തിലാണ് പുതിയ നിയമത്തിന് ഒരുക്കങ്ങള്‍ നടക്കുന്നത്. രാജ്യത്തെ 20 കോടി മുസ്ലീങ്ങളുടെ പിന്തുണ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് തിടുക്കത്തില്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. തെറ്റായ മുന്‍വിധികളുടെ അടിസ്ഥാനത്തിലാണ് ഈ നിയമം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ കലാപങ്ങളിലെല്ലാം മുസ്ലീങ്ങള്‍ ഇരകളും ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവര്‍ വേട്ടക്കാരുമെന്ന മുന്‍വിധിയാണ് ഈ നിയമത്തിനുള്ളത്. യഥാര്‍ത്ഥത്തില്‍ അധികം കലാപങ്ങളിലും നേരെ മറിച്ചാണ് സംഭവിക്കുന്നതെങ്കിലും.
മാറാട് കൂട്ടക്കൊല തന്നെ ഉദാഹരണം. പുതിയ നിയമത്തിന്റെ നിര്വ്വചനപരിധിക്കകത്ത് വരുമ്പോള്‍ മാറാട് ഇരകളാക്കപ്പെട്ട ഹിന്ദുക്കള്‍ കുറ്റവാളികളും കടുത്തശിക്ഷക്കര്ഹരും ആകും. കൊലയാളികളാകട്ടെ ചെറുത്തു നില്‍പ്പ് നടത്തിയ ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ എന്ന നിലക്ക് പ്രത്യക പരിരക്ഷക്ക് അര്‍ഹരാകുകയും ചെയ്യും. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ അടിസ്ഥാനപ്രമാണത്തെതന്നെ ചോദ്യം ചെയ്യുന്നതാണ് ഈ നിയമം. മതേതരത്വമെന്ന അടിസ്ഥാനാശയത്തെതന്നെ ഈ നിയമം നോക്കുകുത്തിയാക്കും. ഇക്കാര്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടും ബില്‍ അവതരിപ്പിക്കാനുള്ള നിക്കവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് 20 കോടി മുസ്ലീങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് കരുതിയാണ്.
ഭരണപരാജയത്തെതുടര്ന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടാനൊരുങ്ങി നില്ക്കുന്ന കോണ്‍ഗ്രസ് അവസാന ആയുധമെന്ന നിലക്കാണ് ഈ വര്‍ഗ്ഗീയ കലാപം തടയല്‍ ബില്ലിനെ കാണുന്നത്. പൊതു സമൂഹത്തെ അപകടകരമായ തരത്തില്‍ വര്‍ഗീയവത്കരിക്കാന്‍ കോണ്‍ഗ്രസ് നീക്കം ഇടയാക്കും . ന്യൂനപക്ഷ നിര്വ്വചനമടക്കം ഒട്ടേറെ ഭരണഘടനാപരമായ ചോദ്യങ്ങള്‍ കൂടി ഉയര്‍ത്തുന്നുണ്ട് കോണ്‍്ഗ്രസ് സര്‍ക്കാരിന്റെ നീക്കങ്ങള്‍.
ക്രമസമാധാന പാലനമടക്കം സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയില്‍ വരുന്ന ഒട്ടേറെ വിഷയങ്ങള്‍ ഈ ബില്ലിന്റെ പരിധിയില്‍ വരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളുമായോ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുമായോ പോലും ചര്‍ച്ച നടത്താതെയാണ് കോണ്‍ഗ്രസ് ഇത്തരമൊരു ബില്‍ അവതരിപ്പിക്കാന്‍ ശ്രമം നടത്തുന്നത്. തെലങ്കാന പ്രശ്നത്തിലും സമാനമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലുമുള്ള എതിര്‍പ്പുകളെ കണ്ടില്ലെന്ന് നടിച്ചാണ് തെലങ്കാന ബില്ലുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: