കാസര്‍കോട്: ജീവിതാനുഭവങ്ങള്‍ ഏറെയുള്ള പെന്‍ഷന്‍കാര്‍ സമൂഹത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും സാമൂഹ്യ പുരോഗതിക്ക് ഇത് അനിവാര്യമാണെന്നും രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ സഹസര്‍കാര്യവാഹ് കെ.സി.കണ്ണന് പറഞ്ഞു. പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിട്ടയര്‍മെന്റ് പുതിയത് ചെയ്യുവാനും പഠിക്കുവാനുമുള്ള അവസരമാക്കി മാറ്റണം. വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ളവരും സമൂഹം ആദരിക്കുന്നവരുമാണ് പെന്‍ഷന്‍കാര്‍. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിനാല്‍ സമയവും ധാരാളമുണ്ട്. അതിനാല്‍ സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഓരോരുത്തരും ചിന്തിക്കണം.
വിവിധതരത്തിലുള്ള പ്രശ്നങ്ങള്‍ മൂലം കുടുംബങ്ങളും സമൂഹവും പുകയുകയാണ്. ദാരിദ്ര്യവും ഭീകരവാദവും അണുകുടുംബങ്ങളിലെ സംഘര്‍ഷവും അനാചാരങ്ങളുമെല്ലാം സമൂഹത്തില്‍ അശാന്തി പടര്‍ത്തുന്നു. ഇവിടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. എല്ലാ മേഖലകളിലും ഇടപെടണം.
സാമൂഹ്യ സേവനത്തിന് വേണ്ടിയുള്ള കൂട്ടായ്മകള്‍ രൂപീകരിക്കണം. സേവാഭാരതിയും ബാലഗോകുലവും പോലെയുള്ള സന്നദ്ധ സാമൂഹ്യ സംഘടനകളെ പരിപോഷിപ്പിക്കണം. പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടര്ന്ന് ധാര്‍മ്മികത അന്യമായ പുതുതലമുറയ്ക്ക് സംസ്കാരവും മൂല്യങ്ങളും പകര്‍ന്നുനല്‍കണം. പാശ്ചാത്യ നാടുകളിലെ സന്ദര്‍ശനവേളയില്‍ സ്വന്തം രാജ്യത്തെ ദരിദ്രരെക്കുറിച്ചോര്ത്ത് സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച വിവേകാനന്ദ സ്വാമിയുടെ ദര്‍ശനമായിരിക്കണം നമ്മള് പിന്തുടരേണ്ടത്. സമൂഹത്തിലെ നീറുന്ന പ്രശ്നങ്ങളിലേക്ക് കണ്ണുകള്‍ ഉറപ്പിച്ച് സാമൂഹ്യ പരിവര്‍ത്തനത്തിനുവേണ്ടി അനുഭവജ്ഞാനവും സമയവും ഉപയോഗിക്കാന്‍ പെന്‍ഷന്‍കാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡണ്ട് എം.ജി.പുഷ്പാംഗദന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് എം.പി.ഭാര്ഗ്ഗവന്, ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാര്‍, ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് സംഘ് അഖിലേന്ത്യാ പ്രസിഡണ്ട് സി.എച്ച്.സുരേഷ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. അഡ്വ.എ.എന്‍.അശോക്കുമാര് സ്വാഗതവും എന്‍.ജനാര്ദ്ദനന് നന്ദിയും പറഞ്ഞു. വനിതാസമ്മേളനത്തില്‍ സവിത ടീച്ചര്‍, വനജാക്ഷി എന്നിവര്‍ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പ്രമീള.സി.നായ്ക് അധ്യക്ഷത വഹിച്ചു. ഒ.ലീലാവതി സ്വാഗതവും വൃന്ദാരമേശ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തില്‍ ഫെറ്റോ സംസ്ഥാന സംഘടനാ സെക്രട്ടറി ടി.എം.നാരായണന്, സംസാരിച്ചു. എം.ജി.പുഷ്പാംഗദന് അധ്യക്ഷത വഹിച്ചു. എസ്.കുമാര്‍ സ്വാഗതവും കെ.നാരായണയ്യ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: