ന്യൂദല്‍ഹി: ബിജെപി ദല്‍ഹിയില്‍ പതിനഞ്ച് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരാന്‍ പോകുന്നുവെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്ഷവര്ദ്ധന്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റേയും അവസ്ഥ വളരെ പരിതാപകരമായിരിക്കും. തങ്ങളുടെ വോട്ടു ബാങ്കില്‍ യാതൊരു തരത്തിലും വിള്ളല്‍ വീണിട്ടില്ല. ദല്‍ഹി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് യുഗം അവസാനിക്കാന്‍ പോകുകയാണെന്നും ബിജെപി ജയിക്കുമെന്നതില്‍ നൂറ് ശതമാനം വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം മണ്ഡലമായ കൃഷ്ണനഗറില്‍ കുടുംബാംഗങ്ങളോടൊപ്പം വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹര്ഷവര്ദ്ധന്.
ത്രികോണ മത്സരമാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നതെന്ന വാദത്തെ വര്ദ്ധന് തള്ളിക്കളഞ്ഞു. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. മൂന്നാമതൊരു പാര്‍ട്ടിക്ക് ദല്‍ഹി നിയമസഭയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിലുള്ള 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ജനം മടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഒരു വര്‍ഷത്തില്‍ 12 സബ്സിഡി സിലിണ്ടറുകള്‍ നല്‍കുമെന്നും വനിതാ സുരക്ഷയ്ക്കായി സ്ത്രീ സുരക്ഷാസേന രൂപീകരിക്കുമെന്നും വര്ദ്ധന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: