തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളായ ഐആര്ഇയെയും കെഎംഎംഎല്നേയും ടിടിപിയെയും തകര്‍ക്കുവാനുള്ള കരിമണല്‍ ലോബിയുടെ ഗൂഢാലോചനയാണ് ഇപ്പോഴത്തെ ഖാനന വിവാദമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന് ആരോപിച്ചു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാനുള്ള കരിമണല്‍ തന്നെ പാരിസ്ഥിതിക പ്രശ്നമില്ലാതെ ലഭ്യമാക്കുന്നതിനു പരിമിതികള്‍ ഉള്ളപ്പോള്‍, തമിഴ് നാട്ടിലെ സ്വകാര്യ കമ്പനികള്‍ കരിമണല്‍ കൊള്ളയടിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ മണലാണ് കേരളത്തില്‍നിന്നും സ്വകാര്യ ലോബി കടത്തിക്കൊണ്ടു പോകുന്നത്. സാമ്പത്തിക നഷ്ടം മാത്രമല്ല നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും ഇതിലൂടെ അട്ടിമറിക്കപ്പെടുകയാണ്. കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും ഇതിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്.
കൊല്ലം ജില്ലയിലെ നീണ്ടകര മുതല്‍ കായംകുളം വരെയുള്ള 22 കിലോ മീറ്റര്‍ നീളമുള്ള പ്രദേശമാണ് നമ്മുടെ ധാതു സമ്പത്തിന്റെ ഉറവിടം. ഇവിടുത്തെ കരിമണലില്‍നിന്നും മോണോസൈറ്റ്, ഇല്‍മനൈറ്റ് സംയുക്തങ്ങളെ വേര്‍തിരിച്ചു പ്രോസസ് ചെയ്തു വിദേശത്തേക്ക് കയറ്റി അയക്കലാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ചെയ്തുവരുന്നത്. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നടപടികള്‍ സ്വീകരിക്കാതെ സ്വകാര്യ മേഖലയെ സഹായിക്കുന്ന നിലപാടുകളില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം.
ആവശ്യമായ അസംസ്കൃത ധാതുക്കളുടെ അഭാവവും മറ്റു പ്രശ്നങ്ങളും കാരണം ഐആര്‍ഇ പോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. ഇപ്പോള്‍ ഈ സ്ഥാപനങ്ങള്‍ ഇല്‍മനൈറ്റും മോണോസൈറ്റും തമിഴ്നാട്ടില്‍നിന്നും ഇറക്കുമതിചെയ്താണ് പ്രവര്‍ത്തനം തുടരുന്നത്. ഇവിടെനിന്നും മണല്‍ ലോബികള്‍ കൊള്ളയടിച്ചു കൊണ്ടുപോകുന്ന കരിമണല്‍ വേര്‍തിരിച്ചെടുത്ത് കേരളത്തിലേക്ക് തിരിച്ചയച്ചു നമ്മുടെ പണം തട്ടുന്നു. പൊതുമേഖലക്ക് നഷ്ടവും ഇടനിലക്കാര്‍ക്ക് കൊള്ളലാഭവും. ഖാനനത്തിന്റെ പേരിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരമാവധി ഒഴിവാക്കി, ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കയ്യിലുള്ള ഭൂമിയില്‍ ഖാനനം നടത്തുകയും കൂടുതല്‍ ഭൂമി ആവശ്യമാകുന്ന സാഹചര്യത്തില്‍ മതിയായ നഷ്ടപരിഹാരം നല്കി ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് പൊതുമേഖലക്ക് ഗുണകരമായ രീതിയില്‍ നിലപാടുകള്‍ സ്വീകരിക്കേണ്ടതാണ്. ഈ മേഖലയിലെ പ്രശ്നങ്ങള്‍ വഷളാക്കി സ്വകാര്യ ലോബികള്‍ക്ക് പൊതുമുതല്‍ കൊള്ളയടിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: