ന്യൂദല്‍ഹി: 70 അംഗ ദല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 70 നിയോജക മണ്ഡലങ്ങളിലായി 11,763 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 1,19,36,582 വോട്ടര്‍മാരാണ് ദല്‍ഹിയിലുള്ളത്. 4.05 ലക്ഷം കന്നിവോട്ടര്‍മാര്‍ ഇത്തവണ വോട്ടവകാശം നേടിയിട്ടുണ്ട്. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ നടക്കുന്ന പോളിംഗ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനായി 107 കമ്പനി കേന്ദ്ര സേനയും 64,000 വരുന്ന ദല്‍ഹി പോലീസുമാണ് രംഗത്തുള്ളത്. 650 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്ന് ദല്‍ഹി ചീഫ് ഇലക്ഷന് ഓഫീസര്‍ അറിയിച്ചു.
ബിജെപിയും കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും 70 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്നുണ്ട്. 69 മണ്ഡലങ്ങളില്‍ ബിഎസ്പിക്കും 10 ഇടത്ത് സിപിഐക്കും 3 മണ്ഡലങ്ങളില്‍ സിപിഎമ്മിനും സ്ഥാനാര്‍ത്ഥികളുണ്ട്. എന്‍സിപി 9 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനവിധി തേടുന്നു. ആകെ 810 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
ഭരണം നഷ്ടമാകുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ് വന്‍തോതില്‍ പണം തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറക്കിയിട്ടുണ്ട്. പണവും മദ്യവും യഥേഷ്ടം ഒഴുക്കിയാണ് അവസാന രണ്ടു ദിനങ്ങള്‍ കോണ്‍ഗ്രസ് പ്രചാരണം. കണക്കില്‍പ്പെടാത്ത 1.32 കോടി രൂപയും 2,400 ലിറ്റര്‍ മദ്യവും തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 413 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ ദുരുപയോഗം ചെയ്തതിനു 15 കേസുകളും രജിസ്റ്റര്‍ ചെയ്തു. വന്‍തോതില്‍ കള്ളപ്പണമൊഴുക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചിട്ടുണ്ട്.
വീടുകള്‍ കയറിയിറങ്ങിയുള്ള പ്രവര്‍ത്തനമാണ് ഇന്നലെ ബിജെപി സംസ്ഥാനത്തു നടത്തിയത്. ഏകദേശം പതിനായിരത്തോളം പ്രവര്‍ത്തകര്‍ ഇന്നലെ മാത്രം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങി. കേന്ദ്രനേതാക്കള്‍ ഫോണുകളിലൂടെ പ്രാദേശിക പ്രവര്‍ത്തകരേയും നേതാക്കളേയും വിളിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അത്യന്തം ആവേശഭരിതമായ അന്തരീക്ഷത്തില്‍ ഇന്ന് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിജയം ഉറപ്പെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: