ആലുവ: എടത്തല ശിവഗിരിയില്‍ കിഴക്കമ്പിള്ളി വീട്ടില്‍ നബീസ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. എടത്തല ശിവഗിരി കോളനിയില്‍ നാണു മകന് സുരേന്ദ്രന് (30), പാറക്കടവ് വില്ലേജില്‍ കുറുമശ്ശേരി കരയില്‍ പ്രിയ ആശുപത്രിക്ക് സമീപം ലക്ഷ്മണ് മകന് ഗിരീഷ് (33) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കേസിനാസ്പദമായ സംഭം പോലീസ് പറയുന്നതിങ്ങനെ: നബീസ വര്‍ഷങ്ങളായി ഒറ്റക്ക് താമസിക്കുകയായിരുന്നു. സുരേന്ദ്രന് പലപ്പോഴും നബീസയെ ശല്യപ്പെടുത്തുകയും വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയും ചെയ്തിരുന്നു. 15 ദിവസം മുമ്പ് നബീസ ഇതുസംബന്ധിച്ച് മുന്‍ മെമ്പര്‍ സോമനെ അറിയിച്ചു. സോമന് ഇതിനെത്തുടര്‍ന്ന് സുരേന്ദ്രന് താക്കീത് നല്കി.
ഇതിലുള്ള വിരോധത്തില്‍ സുരേന്ദ്രന് ഒരു സുഹൃത്തിനെയും കൂട്ടി നവംബര്‍ 21 ന് രാത്രി 10 മണിയോടെ നബീസയുടെ വീട്ടിലെത്തി. അടുക്കള ഭാഗത്തെ ജനല്‍ വഴി അകത്ത് കയറിയ പ്രതികള്‍ ഉറങ്ങിക്കിടന്ന നബീസയെ കൈകള്‍ പിറകില്‍ കെട്ടി വായ്പൊത്തിപ്പിടിച്ചു മാല പൊട്ടിക്കാന്‍ ശ്രമിച്ചു. കുതറിയ നബീസയെ പ്രതികള്‍ മര്‍ദ്ദിക്കുകയും തല കട്ടിലിന്റെ പടിയില്‍ ഇടിക്കുകയും ചെയ്തു.
തുടര്‍ന്ന് പ്രതികള്‍ നബീസയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയും അലമാരയിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. പ്രതികള്‍ പീഡനശ്രമവും നടത്തി. നബീസ മരിച്ചു എന്ന് മനസിലാക്കിയ പ്രതികള്‍ വീട്ടിലുണ്ടായിരുന്ന മുളക്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ നബീസയുടെ ശരീരത്തിലും കട്ടിലിലും മുറിയിലാകെ വിതറിയിട്ടു.
കോഴിക്കോട് റെയില്വേസ്റ്റേഷന് സമീപംവച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ മല്‍പ്പിടുത്തത്തിലൂടെയാണ് അറസ്റ്റുചെയ്തത്. നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു.
ആലുവ ഡിവൈഎസ്പി സനില്‍കുമാറിന്റെ നേതൃത്വത്തില്‍ സിഐ ബി. ഹരികുമാര്‍, എസ്ഐ എ. അനൂപ്, സിപിഒമാരായ സിജന്, സുരേഷ്ബാബു, അനില്‍, അരുണ്‍, മനോജ്, സലാഹുദ്ദീന് എന്നിവരാണ് പ്രതികളെ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: