കാസര്‍കോട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട് തുടക്കമായി. സംസ്ഥാന കൗണ്‍സില്‍ യോഗം കാസര്‍കോട് കോ-ഓപ്പറേറ്റിവ് ടൗണ്‍ ബാങ്ക് ഹാളില്‍ ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് അഖിലേന്ത്യാ പ്രസിഡണ്ട് സി.എച്ച്.സുരേഷ് ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്നു എന്ന കാരണത്താല്‍ പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ മേഖലയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതിനാല്‍ സമഗ്രമായ ആരോഗ്യ പദ്ധതി ആവിഷ്കരിക്കണമെന്നും ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ പ്രതികരിക്കാന്‍ പെന്‍ഷന്‍കാര്‍ തയ്യാറാകണമെന്നും സി.എച്ച്.സുരേഷ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് എം.ജി.പുഷ്പാംഗദന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന് റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ കെ.സുധാകരന് നായര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.പ്രഭാകരന് നായര്‍, എം.വിജയകുമാര്‍ നായര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.രാമചന്ദ്രഭട്ട്, സംസ്ഥാന സെക്രട്ടറിമാരായ പി.ആര്.ബാലചന്ദ്രന്, സി.കെ.കൊച്ചുണ്ണി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ.മേലത്ത് ചന്ദ്രശേഖരന് സ്വാഗതവും ജില്ലാ സെക്രട്ടറി പി.കേശവഭട്ട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംസ്ഥാന സമിതിയോഗവും നടന്നു.
വയോജനനയം കുറ്റമറ്റതാക്കി ഉടന്‍ നടപ്പിലാക്കുക, എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായവും ചികിത്സയും ലഭ്യമാക്കുക, ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കുക, പെന്‍ഷന്‍കാരുടെ കുടുംബത്തിന് മരണാനന്തര ചടങ്ങുകള്‍ക്ക് പതിനായിരം രൂപ ധനസഹായം അനുവദിക്കുക, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, സാമൂഹ്യ നീതിയും തുല്യ അവകാശവും ഉറപ്പുവരുത്തുക, പെന്ഷന് വകുപ്പ് രൂപീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
ഇന്ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ (സ്വാമി വിവേകാനന്ദ നഗര്‍) നടക്കുന്ന പ്രതിനിധി സമ്മേളനം രാഷ്ട്രീയ സ്വയം സേവകസംഘം അഖിലഭാരതിയ സഹ സര്‍കാര്യവാഹ് കെ.സി.കണ്ണന് ഉദ്ഘാടനം ചെയ്യും.
ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.പി.ഭാര്ഗ്ഗവന്, ഫെറ്റോ സംസ്ഥാന ജന.സെക്രട്ടറി പി.സുനില്‍കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: