ദല്‍ഹി: ഡോ. സഹേബ് ഹര്ഷവര്ദ്ധന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. രാഷ്ട്രീയക്കാരന് എന്നതിനു പുറമെ ഇഎന്റ്റി സര്ജന് എന്ന നിലയിലും പ്രശസ്തന്‍. 2013 ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹര്‍ഷവര്‍ദ്ധനെ മുന്നില്‍നിര്‍ത്തിയാണ് പാര്‍ട്ടി അങ്കത്തിന് ഇറങ്ങിയതും. കോണ്‍ഗ്രസിലെ ഷീലാ ദീക്ഷിത്തിനെ പിടിച്ചു കെട്ടുവാനും അരവിന്ദ് കെജ്രിവാളിന്റെ ഭീഷണിയെ മറികടക്കുവാനും ഹര്‍ഷവര്‍ദ്ധന്റെ ജനസ്വാധീനത്തിന് സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
1993 ല്‍ കിഴക്കന്‍ ദല്‍ഹിയിലെ കൃഷ്ണാ നഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ചതു മുതലാണ് ഹര്‍ഷവര്‍ദ്ധനെ പാര്‍ട്ടിക്ക് പുറത്തുള്ളര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അതിനു ശേഷം 1998,2003,2008 തുടങ്ങിയ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയം നേടി. ബിജെപി സര്‍ക്കാരില്‍ വിദ്യാഭ്യാസം, നിയമം, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ ചുമതല വഹിച്ചിട്ടുണ്ട്.
വര്ദ്ധന് വളരെ ലാളിത്യം നിറഞ്ഞ മനുഷ്യനാണെന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് പ്രകീര്‍ത്തിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലും തകര്‍ച്ചയില്‍ നിന്നും ബിജെപിയെ പിടിച്ചുയര്‍ത്താന്‍ ഹര്ഷന്റെ നേതൃപാടവത്തിന് സാധിച്ചിട്ടുണ്ട്. 2003 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നേരിട്ട കനത്ത തിരിച്ചടിയില്‍ നിന്നും കരകയറിയത് ഹര്‍ഷവര്‍ദ്ധന്റെ പ്രവര്‍ത്തന മികവ് കൊണ്ടാണ്. ദല്‍ഹിയില്‍ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള വര്‍ദ്ധന്റെ പ്രവര്‍ത്തം പാര്‍ട്ടി ഹൈക്കമാന്റില്‍ മതിപ്പുളവാക്കി. ചരിത്രപരമായ പല പ്രവര്‍ത്തനത്തിലൂടെയും അദ്ദേഹം പാര്‍ട്ടിയെ ശക്തപ്പെടുത്തി. അതുകൊണ്ടു തന്നെയാണ് 2007ല്‍ പാര്‍ട്ടി പ്രസിഡന്റ് പദവി അദ്ദേഹത്തെ മൂന്നാമതും തേടിയെത്തിയത്.
ഓംപ്രകാശ് ഗോയലിന്റെയും സ്നേഹലതാദേവിയുടെയും രണ്ടാമത്തെ പുത്രനായി 1954 ഡിസംബര്‍ 13 ന് വര്ദ്ധന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കാണ്‍പൂരിലെ ജിഎസ്വിഎം മെഡിക്കല്‍കോളേജില്‍ എംബിബിഎസ്, എംഎസ് തുടങ്ങിയവയില്‍ ഇഎന്റ്റി ഒരു വിഷയമായെടുത്ത് പഠിച്ചു. പഠനം പൂര്‍ത്തിയാക്കി ദല്‍ഹിയില്‍ തിരിച്ചെത്തിയ വര്ദ്ധന് ഇഎന്റ്റി സര്‍ജനായി പരിശീലനം തുടര്‍ന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ ദല്‍ഹി വിഭാഗത്തില്‍ അംഗമാകുകയും പല ചുമതലകള്‍ വഹിക്കുകയും ചെയ്തു. പല സന്നദ്ധപ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ സ്വയംസേവക സംഘത്തോടൊപ്പം പ്രവര്‍ത്തിച്ചു.
വര്‍ദ്ധന്റെ നേതൃത്വത്തില്‍ രാജ്യമെമ്പാടും പള്‍സ് പോളിയോ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. 2012 ജനുവരി മുതല്‍ 2013 വരെ ഇന്ത്യയില്‍ ഒരിടത്തും പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 1997 ല്‍ വര്ദ്ധന് ദല്‍ഹിയില്‍ പുകവലി നിരോധന നിയമം കൊണ്ടുവരുകയും കര്‍ശനമായി നിയമം നടപ്പില്‍ വരുത്തുകയും ചെയ്തത് ജനങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കി.
ബ്രസീലിലെ റിയോ ഡി ജെയിനെറോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ 1998 ലെ ഡയറക്ടര്‍ ജനറല്‍സ് പോളിയോ ഇറാഡിക്കേഷന്‍ കാമ്പയിന് അവാര്‍ഡ്, 1994 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഐഎംഎ പ്രസിഡന്റ്സ് സ്പെഷ്യല്‍ അവാര്‍ഡ്, 2001 ല്‍ റോട്ടറി ഇന്റര്‍ നാഷണലിന്റെ പോളിയോ നിര്‍മ്മാര്‍ജന കാമ്പയിന് അവാര്‍ഡ്, 2002 ല്‍ ന്യൂദല്‍ഹിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സ്വസ്ഥരത്നാ പുരസ്കാരം തുടങ്ങിയവയ്ക്ക് ഹര്ഷവര്ദ്ധന് അര്‍ഹനായി. ‘സ്വാസ്ഥ്യ വര്ദ്ധന്’ എന്ന് ഒരിക്കല്‍ ബിജെപി നേതാവി അടല്‍ ബിഹാരി വാജ്പേയ് ഹര്‍ഷവര്‍ദ്ധനെ സംബോധന ചെയ്തു. നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
കൂട്ടിക്കാലം മുതലെ ആര്‍എസ്എസ്സിന്റെ ശാഖയില്‍ പോയിരുന്ന ഹര്ഷവര്ദ്ധന് ദേശസ്നേഹം, അനുകമ്പ, നേതൃപാടവം തുടങ്ങിയവ കൈമുതലാക്കി. 2013 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചപ്പോള്‍ എതിര്‍പ്പൊന്നും പറയാതെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനെ പോലെ ഏറ്റെടുക്കുകയായിരുന്നു. പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ മനംമടുത്ത ദല്‍ഹി നിവാസികള്‍ക്ക് മുന്നില്‍ ഹര്‍ഷവര്‍ദ്ധന്റെ മുഖമാണ് തെളിഞ്ഞ് കാണുന്നത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഒരുപാട് അവകാശവാദങ്ങളുമായാണ് തെരഞ്ഞെടുപ്പിലേക്ക് വന്നതെങ്കിലും ജനങ്ങളുടെ വിശ്വാസം നേടാന്‍ അവര്‍ക്കായില്ല.
പ്രചാരണത്തില്‍ ആദ്യം മൂന്ന് പാര്‍ട്ടികളും ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും തെരഞ്ഞെടുപ്പിന്റെ അവസാനമായപ്പോഴേക്കും ആം ആദ്മി പാര്‍ട്ടി ഏറെ പിന്നോട്ട് പോകുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. ഷീലാ ദീക്ഷിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആളുകൂടാത്തതും കോണ്‍ഗ്രസ് ക്യാമ്പിലെ വീര്യം കെട്ടടക്കി. അതേസമയം നരേന്ദ്രമോദിയുടെ റാലികളില്‍ എന്തെന്നില്ലാത്ത ജനപങ്കാളിത്തവും വേദികളില്‍ ഹര്ഷവര്ദ്ധന് ലഭിക്കുന്ന കരഘോഷങ്ങളും ബിജെപി വിജയത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പത്ത് വര്‍ഷമായി കൈവിട്ട് നില്ക്കുന്ന ഇന്ദ്രപ്രസ്ഥം വര്ദ്ധനിലൂടെ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: