ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കൊലക്കുറ്റം റദ്ദാക്കണമെന്ന സജ്ജന്‍കുമാറിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് കൊലപാതക കേസിലെ വിചാരണ നടപടികള്‍ നേരിടാന്‍ കോണ്‍ഗ്രസ് നേതാവിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് എ.കെ പട്നായക് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ദല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ നടന്ന കൊലപാതകങ്ങളിലാണ് സജ്ജന്‍കുമാറിനെ പോലീസ് പ്രതി ചേര്‍ത്തിരുന്നത്. കൊലപാതകക്കേസിലും കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലും സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ വളര്‍ത്തിയ കേസിലുമെല്ലാം സജ്ജന്‍കുമാര്‍ പ്രതിയാണ്.
സജ്ജന്‍കുമാറിനെ കൊലക്കേസില്‍ പ്രതിയാക്കുന്നതിനായി യാതൊരു തെളിവുകളും ഇല്ലെന്നും 302-ാം വകുപ്പ് ഒഴിവാക്കണമെന്നുമുള്ള സജ്ജന്‍കുമാറിന്റെ അഭിഭാഷകന് മുകുള്‍ റോട്ടാഗിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സജ്ജന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു രാജ്യതലസ്ഥാനത്തെ സുല്ത്താന്പുരയില് നടന്ന കലാപമെന്ന് കലാപ ബാധിതര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദേവ് പറഞ്ഞു.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തേ തുടര്‍ന്ന് സജ്ജന്‍കുമാര്‍ കലാപകാരികള്‍ക്ക് വേണ്ട നേതൃത്വം നല്കിയെന്നുള്ള ദുഷ്യന്ത്ദേവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: