ബാങ്കോക്ക്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന തായ്ലന്റില് സ്ഥിതിഗതികള്‍ ശാന്തമാകുന്നു. ബാരിക്കേഡുകളടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ നീക്കിയ പോലീസ് പ്രധാനമന്ത്രിയുടെ ഓഫീസ് വളപ്പിലെ ഒരു ഭാഗത്ത് നിന്ന് പ്രതിഷേധിക്കാന്‍ പ്രക്ഷോഭകാരികള്‍ക്ക് ഇന്നലെ അനുമതി നല്കി. പോലീസ് ആസ്ഥാനത്തും പ്രതിഷേധക്കാരെ കടത്തിവിട്ടു. ഭരണ സിരാകേന്ദ്രത്തില്‍ ഒരുമണിക്കൂറോളം പ്രതിഷേധിച്ച ജനക്കൂട്ടം പിന്നീട് പിരിഞ്ഞുപോയി.
വ്യാഴാഴ്ച ഭൂമിബോല്‍ അതുല്യതേജ് രാജാവിന്റെ പിറന്നാളാണ്. ഈ പശ്ചാത്തലത്തില്‍ സമരക്കാരുമായി താത്കാലിക സന്ധിയുണ്ടാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് നിയന്ത്രണങ്ങളില്‍ അയവുവരുത്തിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നറിയുന്നു. പ്രധാനമന്ത്രി ഷിനവത്രയുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ രാജിവച്ച് പീപ്പിള്‍സ് കൗണ്‍സിലിനെ ഭരണം ഏല്‍പ്പിക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. എന്നാല്‍ ഷിനവത്ര അതിനു വഴങ്ങിയിട്ടില്ല. അതേസമയം, തായ്ലാന്റിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നതായും മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: