ജൊഹാന്നസ്ബര്‍ഗ്: ടീം ഇന്ത്യയുടെ ഭാഗത്തു നിന്ന് ആവേശകരമായ ക്രിക്കറ്റ് പ്രതീക്ഷിക്കാമെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധോണി.
ടീം സമീപകാലത്ത് നല്ല പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്. അതിനാല്‍ത്തന്നെ ആത്മവിശ്വാസത്തിലാണ്. ബാറ്റ്സ്മാന്മാര്ക്കെല്ലാം സാങ്കേതികത്തികവുണ്ട്. പരിചയസമ്പന്നതിയില്ലെന്നതാണ് ഏകകാര്യം. എന്നിരുന്നാലും എല്ലാവരും കഴിവില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുന്നു. ഉദ്വേഗജനകമായ ക്രിക്കറ്റ് പ്രതീക്ഷിക്കാം, ധോണി പറഞ്ഞു.
ഇന്ത്യയുടെയുടെയും ദക്ഷിണാഫ്രിക്കയുടെയും ടീമംഗങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ്. ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ഉന്നംവയ്ക്കുന്നില്ല. നമ്മളെ സംബന്ധിച്ചടത്തോളം ശുഭകരമായ പരമ്പരയാവും വരാന്‍ പോകുന്നതെന്നതിന്റെ സൂചനയാണത്.
ദക്ഷിണാഫ്രിക്കയില്‍ വന്നിറങ്ങിയപ്പോള്‍ ലഭിച്ച സ്വീകരണം ഉശിരനായിരുന്നു. അതു തുടരുമെന്നു പ്രതീക്ഷിക്കുന്നു ധോണി കൂട്ടിച്ചേര്‍ത്തു. മൂന്നു ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്.
ആദ്യ ഏകദിനം ജോഹാന്നസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നാളെ നടക്കും. ഇന്നലെ കഠിന പരിശീലനം നടത്തിയ ഇന്ത്യന്‍ ടീം സ്റ്റേഡിയത്തിലെ സാഹചര്യങ്ങളും വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: