ബംഗളൂരു: ഇരുപത്തിയൊമ്പതാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനം നിലവിലെ ചാമ്പ്യന്മാരായ കേരളം മുന്നില്‍. രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 58 പോയിന്റ് നേടിയാണ് കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒരു സ്വര്‍ണ്ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമടക്കം 52 പോയിന്റുമായി ഹരിയാന കേരളത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തമിഴ്നാടാണ് (46) മൂന്നാംസ്ഥാനത്ത്. എന്നാല്‍ സ്വര്‍ണ്ണവേട്ടയില്‍ തമിഴ്നാടും പഞ്ചാബും മഹാരാഷ്ട്രയുമാണ് മുന്നിട്ടുനില്‍ക്കുന്നത്. മൂന്ന് സ്വര്‍ണ്ണമാണ് മൂന്ന് സംസ്ഥാനങ്ങളും സ്വന്തമാക്കിയത്. അതേസമയം ആദ്യദിനം പിറന്ന രണ്ട് മീറ്റ് റെക്കോര്‍ഡുകളും കേരളം സ്വന്തമാക്കി. കേരളത്തിന്റെ സുവര്‍ണ്ണതാരം പി.യു. ചിത്രയും ഗായത്രി ശിവകുമാറുമാണ് ആദ്യദിവസത്തെ റെക്കോര്‍ഡിന് അവകാശികള്‍.
20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് ചിത്ര പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 17 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ചിത്ര പൊളിച്ചെഴുതിയത്. 1996-ല്‍ പഞ്ചാബിന്റെ സുനിത റാണി സ്ഥാപിച്ച റെക്കോര്‍ഡാണ് 4മിനിറ്റ് 35.00 സെക്കന്റിന്റെ റെക്കോര്‍ഡാണ് 4മിനിറ്റ് 33.82 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പാലക്കാട് മുണ്ടൂര്‍ സ്കൂളിന്റെ താരമായ ചിത്ര തിരുത്തിയത്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ മീറ്റില്‍ 4:26 സെക്കന്റുകള്‍കൊണ്ട് 1500 മീറ്റര്‍ മറികടന്നിരുന്നു. ഈ ഇനത്തില്‍ കേരളത്തിെന്റ എം.പി. സഫീദ വെങ്കലം നേടി. തിരുവനന്തപുരം സായിയിലെ താരമായ സഫീദ മാര്‍ ഇവാസിയോസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്.
14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ 2010-ല്‍ മഹാരാഷ്ട്രയുടെ ജൂലി ബാധെയുടെ പേരിലുള്ള 1.52 മീറ്ററിന്റെ റെക്കോര്‍ഡാണ് ഗായത്രി സ്വന്തം പേരിലാക്കിയത്. 1.55 മീറ്ററാണ് പുതിയ ഉയരം. കൊച്ചിയില്‍ നടന്ന ദേശീയ ഇന്റസോണ് മീറ്റില്‍ സ്ഥാപിച്ച ദേശീയ റെക്കോര്‍ഡിനൊപ്പം എത്താനായില്ലെങ്കിലും ജൂനിയര്‍ മീറ്റിലെ ആദ്യ റെക്കോര്‍ഡ് തിളക്കവുമായാണ് എറണാകുളം ഗിരിനഗര്‍ ഭവന്‍സ് സ്കൂളിലെ ഏഴാം ക്ലാസുകാരിയായ ഗായത്രി സ്വര്‍ണം നേടിയത്.
പതിനാല് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ കേരളത്തിന്റെ സാല്‍വിന്‍ സഞ്ജു 6.16 മീറ്റര്‍ ചാടി വെള്ളിമെഡല്‍ കരസ്ഥമാക്കി. 6.41 മീറ്റര്‍ ചാടിയ ഹരിയാനയുടെ സുനില്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. അതേസമയം കേരളത്തിന്റെ ഉറച്ച സ്വര്‍ണ്ണ പ്രതീക്ഷയായ ട്വിങ്കിള്‍ ടോമിക്ക് 18 വയസ്സിന് താഴെയുള്ളവരുടെ 1500 മീറ്ററില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആസാമിന്റെ അജയ്കുമാര്‍ സരോജിനാണ് ഈയിനത്തില്‍ സ്വര്‍ണ്ണം. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഈയിനത്തില്‍ കേരളത്തിന്റെ ആല്ബിന് സണ്ണി വെങ്കലം നേടി.ആന്ധ്രാപ്രദേശിന്റെ എം. നരേഷിനാണ് സ്വര്‍ണ്ണം.
16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ലോംഗ്ജംമ്പില്‍ കേരളത്തിന്റെ രുഗ്മ ഉദയന്‍ വെള്ളിമെഡല്‍ നേടി. രുഗ്മക്ക് ഒരു മീറ്ററിെന്റ വ്യത്യാസത്തിലാണ് രണ്ടാമതേത്തേണ്ടി വന്നത്. സ്വര്‍ണം നേടിയ തമിഴ്നാടിെന്റ പ്രിയദര്‍ശിനി 5.63 താണ്ടിയപ്പോള്‍ രുഗ്മക്ക് 5.62ല്‍ എത്തിയാണ് വെള്ളി നേടിയത്. മികച്ച ദൂരം മറികടന്ന അവസാനപ്രകടനം ഫൗളായതും തിരിച്ചടിയായി. 16 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ഹൈജംമ്പില്‍ ജിയോ ജോസ് കരിയറിലെ മികച്ച പ്രകടനത്തോടെയാണ് വെങ്കലം (1.92) സ്വന്തമാക്കിയത്.
കഴിഞ്ഞ മീറ്റിലും ഇതേ ഇനത്തില്‍ വെള്ളിനേടിയ രുഗ്മ ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ ജമ്പിലും ലോംഗ്ജമ്പിലും ഒന്നാമതെത്തയിരുന്നു. മീറ്റിന്റെ രണ്ടാം ദിവസമായ ഇന്ന് 20 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: