ഭാരതത്തില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും കയ്യേറ്റങ്ങളുടെ ചരിത്രമാണ് കൂടുതല്‍. കയ്യേറ്റക്കാരനെ ഭരണകൂടം തടയാതിരിക്കാന്‍ അവന്റെ കൈയ്യില്‍ എപ്പോഴും മതത്തിന്റെ ചരടുണ്ടാകും. പുരോഹിതവേഷധാരിയായ ഒരാള്‍ ചിഹ്നവും കയ്യിലേന്തി ആദ്യം മലകയറും; വിശ്വാസികള്‍ പിന്നാലെയും. മലമുകളില്‍ മതം സ്ഥാപിച്ചാല്‍ അതിനു ചുറ്റുമുള്ള കാടുകള്‍ വിശ്വാസിക്കൂട്ടത്തിനു വളച്ചെടുക്കാം. പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്ത് കയ്യേറ്റക്കാരെ കര്‍ഷകരെന്നും പുനര്‍നാമകരണം ചെയ്യും. അങ്ങനെ കേരളത്തില്‍ പുതിയൊരുകൂട്ടം കര്‍ഷകരും കൂടിയുണ്ടായി. യഥാര്‍ത്ഥ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും നമ്മള് സവര്‍ണ്ണരെന്നും ആദിവാസികളെന്നും ദളിതരെന്നും വിളിച്ചു പകുത്തു.
കാടുകയ്യേറി കര്ഷകന് എന്നു നാമം സ്വീകരിച്ചവര്‍ ആദിവാസി എന്ന് അവര്‍തന്നെ പേരിട്ട പാവങ്ങളുടെ ഭൂമി സ്വന്തമാക്കി. നിഷ്ക്കളങ്കരായ അവരുടെ മൂപ്പന്മാര്ക്ക് കള്ളും കഞ്ചാവും നല്കി പാട്ടിലാക്കി. യഥാര്‍ത്ഥ കര്‍ഷകരെ വഞ്ചിച്ചു. കൈക്കലാക്കിയ കൃഷിഭൂമിയില്‍ തോട്ടമുണ്ടാക്കി പണക്കാരായി.
കര്‍ഷകരുടെ അവകാശത്തിനുവേണ്ടി എന്നു പറഞ്ഞു സമരം നടത്തുന്ന മാന്യന്മാര് വഞ്ചിക്കപ്പെട്ട വനവാസിയുടെ ഭൂമി തിരിച്ചു നല്‍കുമോ ? രണ്ടുതവണ സുപ്രീം കോടതി വിധിച്ചിട്ടും കര്‍ഷകരക്ഷ വ്രതമാക്കിയ സര്‍ക്കാരുകള്‍ എന്തുകൊണ്ടു വിധി നടപ്പാക്കുന്നില്ല.? എവിടെപ്പോയി കര്‍ഷകപ്രേമവും ആദിവാസി സ്നേഹവും ?
പുരോഗമന വര്‍ഗ്ഗമെന്ന പേരില്‍ ലോകം മുഴുവന്‍ വഞ്ചനയും അക്രമവും നടത്തിയവര്‍ കേരളത്തില്‍ അധികാരമേറ്റു. ഭൂപരിഷ്കരണമെന്ന പേരില്‍ തട്ടിപ്പുനടത്തിയപ്പോള് യഥാര്‍ത്ഥ കര്‍ഷകരായ ആദിവാസികള്‍ അനാഥരായി. കയ്യേറിയവന്റെ തോട്ടം ഭൂപരിഷ്കരണ പരിധിയില്‍ നിന്ന് ഒഴിവാക്കി. പാവപ്പെട്ടവന്റെ പാര്‍ട്ടി മുതലാളിത്തത്തിനു കുട്ടുനിന്നു. ഇന്നും അതുതന്നെ തുടരുന്നു.
പിന്നീട് ഭരണകൂടങ്ങള്‍ മാറിമാറി വന്നു. കയ്യേറ്റക്കാര്‍ക്ക് പാര്‍ട്ടികളുണ്ടായി. പുരോഹിതന്മാര് ചാക്രികലേഖനങ്ങളിലൂടെ രാഷ്ട്രീയം വളര്‍ത്തി അധികാരത്തില്‍ പങ്കാളികളായി. കേരളത്തില്‍ ആര് അധികാരത്തില്‍ ഏറിയാലും പുരോഹിതവര്‍ഗവും പങ്കാളികളാവും. കയ്യേറ്റക്കാരന്റെ പാര്‍ട്ടികളും മന്ത്രിസഭയിലുണ്ടാവും. പിന്നീടങ്ങോട്ട് പട്ടയമേളകളുടെ പൂരം. വോട്ടുബാങ്കിനായി ഉഴറിയ ഇടതും വലതും മുന്നണികള്‍ കൈയ്യേറ്റത്തിനു നിയമസാധുത നല്കാന് മത്സരിച്ചു. കാടുതെളിച്ച് മരം മുറിച്ചു കോടികള്‍ തട്ടി. മുത്തുമാല പിടിക്കേണ്ട പുരോഹിതന്റെ കയ്യില്‍ തീവെട്ടിയും റിവോള്‍വറും! വിശ്വാസത്തിന്റെ പുണ്യഗ്രന്ഥം പിടിക്കേണ്ട വിശ്വാസികളുടെ കൈകളില്‍ കല്ലും കൊടിയും പെട്രോള്‍ ബോംബും! അക്രമങ്ങള്‍, തീവയ്പുകള്‍, അട്ടിമറികള്‍…. ഭൂമി നഷ്ടപ്പെട്ട പാവം കര്‍ഷകനും വനവാസിയും കാര്യമറിയാതെ കണ്ണുമിഴിച്ചു.
ഇന്നു കര്‍ഷകന്റെ പേരില്‍ നടക്കുന്ന തട്ടിപ്പും ഗുണ്ടായിസവും ഇവിടെയാണ് എത്തിനില്‍ക്കുന്നത്.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനാണ് കസ്തൂരിരംഗനെ അവതരിപ്പിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത് നിഗൂഢമായ ഒരു തന്ത്രമാണ്. വിദൂരഭാവിയില്‍ പോലും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയോ പേരിനെങ്കിലും നടപ്പാക്കാന്‍ മുതിരുകയോ ചെയ്യരുത്. അതാണ് താത്പര്യം.
ഭാവിതലമുറകളെയും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെയും പരിഗണിക്കുന്നവര്‍ക്കാണ് ഗാഡ്ഗിലിന്റെ നിര്‍ദ്ദേശങ്ങള്‍ ആവശ്യമായി വരുന്നത്. കയ്യേറ്റം നടത്തുകയും കൊള്ളയടിക്കുകയും ചെയ്ത് സമ്പന്നരാകുന്ന പുരോഹിതനും സ്വാര്‍ത്ഥനായ അധോലോകക്കാരനും ഇവിടെ കൈകോര്‍ക്കുന്നു. അവര്‍ക്കെന്തു ഭാവി തലമുറ ? എന്തു പ്രകൃതി സംരക്ഷണം ?
തിന്നുകയും കുടിക്കുകയും സുഖിക്കുകയും ചെയ്യുന്ന മൃഗീയതയുടെ വക്താക്കള്‍ക്കു മാത്രമേ ഭാവിതലമുറയുടെ സുരക്ഷയില്‍ അശ്രദ്ധയുണ്ടാകൂ. പൈതൃകവും പിന്തുടര്ച്ചയും ഒന്നും അവര്‍ക്ക് പ്രശ്നമല്ല. പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ സൗകര്യത്തിനനുസരിച്ചുവേണം എന്നു വാദിക്കുന്നവര്‍ പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെല്ലാം മനുഷ്യനുവേണ്ടി ദൈവം സൃഷ്ടിച്ചതാണ് എന്ന അന്ധവിശ്വസത്തിന്റെ അടിമകളാണ്.
കയ്യേറ്റം ആഗോളതലത്തില്‍ നടത്താന്‍ തുടങ്ങിയിട്ട് രണ്ടു സഹസ്രാബ്ദത്തോളമായി. ആദ്യം യൂറോപ്പിലും പിന്നീട് അമേരിക്കയിലും ആഫ്രിക്കയിലും മിക്കവാറും അതു സാധിച്ചു. കയ്യേറ്റത്തിനു പിന്നാലെ സാംസ്ക്കാരികവും മതപരവുമായ അധിനിവേശം കൂടിയായിരുന്നു ലക്ഷ്യം. അതിന്റെ രണ്ടിന്റെയും പിന്നാലെ ആധിപത്യം ഉറപ്പിക്കുക എന്നതും.
മറ്റു ഭൂഖണ്ഡങ്ങളില്‍ വിജയിച്ച ആധിപത്യശ്രമം ഭാരതത്തിലും ആദ്യം വിജയംകണ്ടിരുന്നു. എന്നാല്‍ കാലംപോകെ ഭാരതത്തിന്റെ ആത്മാവുണര്ന്നു. സാമ്രാജ്യത്വശക്തിളെ തട്ടിത്തെറിപ്പിച്ചു. പക്ഷേ ഏതാനും കീടങ്ങള്‍ രാഷ്ട്രശരീരത്തില്‍ പറ്റിപ്പിടിച്ചിരുന്നു. മതേതരപ്രവാചകന്മാരുടെ അനുഗ്രഹത്താലും പോഷണത്താലും അവ വീണ്ടും ശക്തിയായ വളര്‍ച്ച നേടി. ഇന്നു വീണ്ടും ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
കുറെക്കാലം മുമ്പ് നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെവന്ന പാവപ്പെട്ട ഏതാനും പേര് വനമേഖലയിലേക്ക് കുടിയേറിയിരുന്നു. സംസ്ഥാനരാഷ്ട്രീയത്തിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ കുറെപ്പേരെ കുടിയിരുത്തുകയും ചെയ്തു. എന്നാല്‍ അവരുടെ മറവില്‍ വിഭവങ്ങളും ഭൂമിയും കയ്യടക്കാന്‍ പണ്ടേ കച്ചമുറുക്കിയിരുന്നവരും കൂട്ടത്തിലിറങ്ങി. കര്‍ഷകന്റെ മറവില്‍ കയ്യേറ്റം നടത്തിയതിന്റെ പരിണതഫലമാണ് പശ്ചിമഘട്ടത്തില്‍ പെടുന്ന കേരളത്തിന്റെ ഭാഗങ്ങള്‍ പാരിസ്ഥിതിക ദുരന്തത്തിലെത്തിനില്ക്കുന്നത്.
ആധിപത്യത്തിന് അവര്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. അതിലൊരു ശ്രമമാണ് പണ്ട് ശബരിമലയില്‍ ഉണ്ടായ അക്രമം. തീവെപ്പും ക്ഷേത്രധ്വംസനവും നടത്തുന്നതിന് സാമ്പത്തികതാത്പര്യം മാത്രമല്ല ഉള്ളത്. പാശ്ചാത്യ അധിനിവേശത്തിനു തടസ്സമായി നില്ക്കുന്ന ഒരു പ്രധാന ഘടകമാണ് ഇവിടുത്തെ സാംസ്ക്കാരിക ബിംബങ്ങളും ആചാരങ്ങളുടെ സവിശേഷതകളും.
ഉച്ചനീചത്വങ്ങള്‍ മറ്റുമതങ്ങളിലെയും നാടുകളിലെയും പോലെ ഇവിടെയുമുണ്ടായിരുന്നു. എന്നാല്‍ അത്തരം സാഹചര്യങ്ങള്‍ നിലനില്ക്കുമ്പോള്ത്തന്നെ ശബരിമലയിലെത്തുന്ന എല്ലാവരെയും അയ്യപ്പസ്വാമിമാരായി കാണുന്ന സമത്വത്തിന്റെ സന്ദേശവും ഇവിടെത്തന്നെ ഉണ്ടായിരുന്നു. ശബരിമലയില്‍ കോടിക്കണക്കിനു ഭക്തന്മാര് എത്തുന്നതിന്റെ രഹസ്യം അതാണ്. ശബരിമലയെ തകര്‍ക്കേണ്ടത് അങ്ങനെ ഒരു മതതാത്പര്യം കൂടിയായി മാറുന്നു.
ഇതേ തകര്‍ക്കല്‍ പദ്ധതി വീണ്ടും നടത്തിയതിന്റെ ഉദാഹരണമാണ് നിലക്കലില്‍ കണ്ടത്. അവിടെ മതതാല്പര്യം വേണ്ടത്ര വിജയിച്ചില്ലെങ്കിലും സാമ്പത്തിക ലക്ഷ്യം നേടിയെടുക്കാന്‍ പറ്റി. കേരളത്തിലെ ഏറ്റവും മര്‍മ്മപ്രധാനമായ സ്ഥലത്ത് കോടിക്കണക്കിനുരൂപയുടെ ഏക്കര്‍കണക്കിനു വനഭൂമി വെട്ടിപ്പിടിച്ചു.
മേല്‍പ്പറഞ്ഞ മതസാമ്രാജ്യത്വ താത്പര്യം തന്നെയാണ് ആറന്മുളയിലും കണ്ടുകൊണ്ടിരിക്കുന്നത്. ഇവിടുത്തെ മണ്ണും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഭാരതത്തില്‍ സംസ്ക്കാരം നിലനിന്നുപോരുന്നത് മണ്ണും ജലവും കൂടിയുള്ള ഒരു സവിശേഷ ചേരുവയില്‍ നിന്നാണ്. അവയെ കൂട്ടിയിണക്കുന്ന വിശ്വാസങ്ങളും ആഘോഷങ്ങളുമാണ് ഇവിടെയുള്ളത്. അവയെ തകര്‍ത്തെങ്കിലേ ഭാരതത്തെ നശിപ്പിക്കാന്‍ കഴിയൂ എന്ന് രണ്ടുനൂറ്റാണ്ടുമുമ്പ് യൂറോപ്യന്മാര് പ്രഖ്യാപിച്ചിരുന്നു. അതിനുള്ള ഒരു ശ്രമമാണ് ആറന്മുളയിലെ അധിനിവേശത്തിലൂടെ ലക്ഷ്യമിടുന്നത്.
ആറന്മുളയില് വിമാനത്താവളം ലക്ഷ്യമല്ല, മാര്‍ഗമാണ്. ലക്ഷ്യം ശബരിമലയാണ്. ആറന്മുളയില് ഉയരാന്‍ പോകുന്ന പഞ്ചനക്ഷത്രവേശ്യാലയങ്ങളും കള്ളക്കടത്തും അട്ടിമറിയും മനുഷ്യക്കടത്തും എല്ലാം അതിനുള്ള ഉപകരണങ്ങള്‍ മാത്രം. ഓരോ സന്ദര്‍ഭവും ശബരിമലയെയും അവിടേയ്ക്കൊഴുകുന്ന അയ്യപ്പസ്വാമിമാരെയും അപകീര്ത്തിപ്പെടുത്തുന്നതിനുപയോഗിക്കും. ശബരിമല മുന്തന്ത്രിയെ പാട്ടിലാക്കി തട്ടിക്കൊണ്ടുപോയി നഗ്നനാക്കി ഒരു സ്ത്രീയുടെ കൂടെനിര്‍ത്തി ഫോട്ടോ എടുത്തത് വെറും സാമ്പത്തികലാഭത്തിനാണെന്നു വിചാരിക്കുന്നോ ? ശബരിമല ക്ഷേത്രത്തിന് രണ്ടു തവണ തീയിട്ടത് അക്രമം മാത്രമെന്നു കരുതിയോ ? നിലക്കല്‍ പള്ളിയറക്കാവ് ദേവീക്ഷേത്രം ഡൈനാമിറ്റുവച്ചു സ്ഫോടനം നടത്തി തകര്‍ത്തത് വെറുമൊരു കുറ്റകൃത്യം മാത്രമോ ? ശബരിമല മേല്‍ശാന്തിയെ ആങ്ങാമൂഴിയില്‍ കൊണ്ടുപോയി പ്രാര്‍ത്ഥിപ്പിച്ച് അതിന്റെ വീഡിയോ പ്രചരിപ്പിച്ചത് ഒരു ആരാധനാകാര്യം മാത്രമെന്നു വിചാരിച്ചുവോ ?
ആറന്മുളയില് വിമാനത്താവളവും ഷോപ്പിംഗ് കോംപ്ലക്സും സ്റ്റാര്‍ ഹോട്ടലുകളും കൊണ്ടുവരാന്‍ നിലം നികത്തുന്നതും പുഴ മൂടുന്നതും നാട്ടുകാര്‍ക്ക് തൊഴില്‍ കൊടുക്കുവാനും വികസനം കൊണ്ടുവരാനും നാടു നന്നാക്കാനും എന്നു കരുതുന്നുവോ ? അല്ലതന്നെ. അങ്ങനെ വിശ്വസിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഒരു സംസ്ക്കാരത്തെയും പൈതൃകത്തെയും മണ്ണിട്ടുമൂടാനുള്ള മത- സാമ്രാജ്യത്വ ഗൂഢാലോചനയുടെ പ്രതിഫലനമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
കയ്യേറ്റം നടത്തി, അധിനിവേശം സാധിച്ച്, അപകീര്‍ത്തിപ്പെടുത്തി, അപകര്‍ഷതാബോധം സൃഷ്ടിച്ച്, അന്തിമമായി ആധിപത്യം ഉറപ്പിക്കാനുള്ള ബൃഹദ്പദ്ധതിയുടെ ഭാഗമാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തിരസ്കരണവും ആറന്മുള വിമാനത്താവള പദ്ധതിയും മറ്റും മറ്റും. അത് ഈ നാടിനെയും സംസ്ക്കാരത്തെയും പ്രകൃതിയെയും സ്നേഹിക്കുന്നവര്‍ മനസിലാക്കിയിട്ടുണ്ടോ ?
ഇത് പരിസ്ഥിതി സംരക്ഷണപ്രശ്നം മാത്രമല്ല. ചവുട്ടിനില്ക്കുന്ന മണ്ണും കൂടി നഷ്ടമാകുന്ന പ്രശ്നമാണ്. ഇത് ആധിപത്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പ്രശ്നമാണ്. ഇത് പ്രകൃതിയെയും ഭൂമിയെത്തന്നെയും നശിപ്പിക്കുന്നതിന്റെ പ്രശ്നമാണ്. ഇവിടെ തിരിച്ചറിവാണ് ആവശ്യം.
കാ.ഭാ. സുരേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: