കൊച്ചി: സംസ്ഥാനത്ത് ഖാനനങ്ങള്ക്കു സമ്പൂര്‍ണ്ണ നിരോധനം വന്നേക്കും. നാളിതുവരെ തുടര്‍ന്നുവന്നിരുന്ന വ്യവസായനയവുമായി മുന്നോട്ടുപോകാനാവില്ലെന്നും പരിസ്ഥിതി സംരക്ഷണംപോലുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഖാനനം പോലുള്ള കാര്യങ്ങള്‍ക്ക് അനുമതിനല്‍കാന്‍ കഴിയില്ലെന്നും വ്യവസായവകുപ്പുമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വ്യവസായവത്ക്കരണം ഇനി നടപ്പാക്കാനാവില്ല, കൂടുതല്‍ ഖാനനത്തിനുള്ള സാധ്യതകള്‍ ഇനി കേരളത്തിലുണ്ടാവില്ലെന്നും പറഞ്ഞ വ്യവസായവകുപ്പുമന്ത്രി ധാതുമണല്‍, കെമിക്കല്‍ പോലുള്ളവയെ ആശ്രയിച്ചുള്ള പുരാതനവ്യവസായങ്ങള്ക്ക് തനതായ ശക്തി ഇപ്പോഴുമുണ്ടെന്നും ചൂണ്ടിക്കാട്ടി. ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സിലെ സോഡിയം ക്ലോറേറ്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവരസാങ്കേതികരംഗത്തും ഭക്ഷ്യസംസ്ക്കരണരംഗത്തും പുതിയ സാധ്യതകള്‍ ഉണ്ടാവുന്നുണ്ടെന്നും ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊതുമേഖലസ്ഥാപനങ്ങളും കേന്ദ്ര പൊതുമേഖലസ്ഥാപനങ്ങളും സംയുക്തമായി ആരംഭിച്ചിച്ച പല പദ്ധതികളും പൂര്‍ത്തികരിക്കുന്നതില്‍ വിപണി മാന്ദ്യവും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികവിഷമതകളും പ്രതിസന്ധിസൃഷ്ടിക്കുന്നുണ്ട്. പ്രതിസന്ധികളുങ്ക്ലും പല സംയുക്ത പദ്ധതികളും അടുത്തമാസങ്ങളില്‍ പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.
ഫൈവ് ടിപിഡി സോഡിയം ക്ലോറേറ്റ് പ്ലാന്റ് ടിസിസിക്ക് പുതിയ ഉണര്‍വാകും. ഇതിലൂടെ വന്‍ കുതിപ്പാണ് കമ്പനിക്ക് ഉണ്ടാകാന്‍ പോകുന്നത്. ടിസിസിയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന പ്ലാന്റില്‍ സോഡിയം ക്ലോറേറ്റ് ആണ് ഉല്‍പ്പാദിപ്പിക്കുന്നത്. വിഎസ്എസ്സിയുടെ ആലുവയിലുള്ള എപിഇപി പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന അമോണിയം പെര്‍ക്ലോറേറ്റിന്റെ മുഖ്യ അസംസ്കൃത വസ്തുവാണ് സോഡിയം ക്ലോറേറ്റ്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ എസ് ആര് ഒ റോക്കറ്റ് വിക്ഷേപണങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാന ഖര ഇന്ധനങ്ങളിലെ മുഖ്യ ഘടകങ്ങളായ അമോണിയം പെര്‍ക്ലോറേറ്റിന്റെ പ്രധാന അസംസ്കൃത വസ്തുവായ സോഡിയം ക്ലോറേറ്റ് ആണ് ടി സി സിയുടെ സോഡിയം ക്ലോറേറ്റ് പ്ലാന്റില്‍ ഉത്പാദിപ്പിക്കുക. ട്രാവന്കുര്കെമിക്കല്സും വി എസ് എസ് സി യും സംയുക്തമായാണ് ഈ പ്ലാന്റ് ആരംഭിച്ചിട്ടുള്ളത്. വി എസ് എസ് സിയുടെ ആലുവയിലുള്ള എ പി ഇ പി പ്ലാന്റിലാണ് അമോണിയം പെര്‍ക്ലോറേറ്റ് ഉത്പാദിപ്പിക്കുന്നത്. ഫൈവ് ടി പി ഡിയുടെ സോഡിയം ക്ലോറേറ്റ് പ്ലാന്റ് പ്രവര്‍ത്തനസജ്ജമാവുന്നതോടെ ബഹിരാകാശ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള ഐ എസ് ആര് ഒയുടെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ട്രാവന്‍കൂര്‍ കെമിക്കല്‍സില്‍ നടന്ന പ്ലാന്റ് ഉദ്ഘാടനചടങ്ങില്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അധ്യക്ഷതവഹിച്ചു. മന്ത്രി കെ. ബാബു, ടി സി സി എം ഡി എന്‍.ആര്.സുബ്രഹ്മണ്യം, വിഎസ് എസ് സി ഡയറക്ടര്‍ ഡോ. എസ്. രാമകൃഷ്ണന്, വി എസ് എസ് സി ആര് ആന്റ് ് ഡി ഡയറക്ടര്‍ ജോണ്‍.പി. സക്കറിയ, വി .ഡി. സതീശന് എംഎല്‍എ, ഏലൂര്‍ നഗരസഭ ചെയര്മാന് ജോസഫ് ആന്റണി, വൈസ് ചെയര്‍പഴ്സണ്‍ സുബൈദ നുറുദീന്‍, കൗണ്‍സിലര്‍ പി.വി.സുഭാഷ്, എന്‍ .കെ.മോഹന്‍ദാസ്, കെ.ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: