കൊച്ചി: ട്രെയിനില്‍ സഞ്ചരിക്കവേ പുറത്തുനിന്ന് ആരോ എറിഞ്ഞ കല്ലുകൊണ്ട് പത്ത് വയസുകാരന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി മുസ്തഫ റാഫിയുടെ മകന് അദ്നനാണ് പരിക്കേറ്റത്. കുട്ടിയെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ ഉച്ചക്ക് 2.15 നാണ് സംഭവം. എറണാകുളം-മഡ്ഗാവ് എക്സ്പ്രസില്‍ മാതാപിതാക്കളോടൊപ്പം യാത്രചെയ്യുകയായിരുന്ന കുട്ടിക്ക് പച്ചാളത്തിനും ഇടപ്പള്ളിക്കുമിടയില്വെച്ചാണ് ഏറ് കിട്ടിയത്. തുടര്‍ന്ന് ആലുവയില്‍ ഇറങ്ങിയ കുടുംബം താലൂക്കാശുപത്രിയില്‍ കുട്ടിയെ കാണിച്ചശേഷം എറണാകുളം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്റെ കണ്ണൂര്‍ ജില്ലാ ട്രഷററായ മുസ്തഫറാഫി കലൂര്‍ കറുകപ്പള്ളിയിലുള്ള തറവാട്ടുവീട്ടില്‍ വന്നശേഷം ഭാര്യയും രണ്ട് കുട്ടികളോടൊപ്പം കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു. ട്രെയിനിന്റെ ജനലിനോട് ചേര്‍ന്നുള്ള സീറ്റിലായിരുന്നു കുട്ടി ഇരുന്നത്. ട്രാക്കില്‍ ഇട്ടിരിക്കുന്ന കല്ലുകൊണ്ടാണ് ട്രെയിനിലേക്ക് എറിഞ്ഞിരിക്കുന്നത്.
സംഭവത്തോടനുബന്ധിച്ച് മൂന്നുപേരെ ചോദ്യംചെയ്യാന്‍ റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: