തിരുവനന്തപുരം: കുടിവെള്ളമില്ലാതെ തിരുവനന്തപുരം നഗരം നാലാം ദിവസത്തിലേക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അടക്കമുള്ള മേഖലകളില്‍ വെള്ളമില്ലാതെ ജനം വലയുകയാണ്. മെഡിക്കല്‍കോളേജ്, എസ്എടി ആശുപത്രി, പേരൂര്‍ക്കട, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ടാങ്കറില്‍ ആവശ്യത്തിനു വെള്ളമെത്തിക്കുമെന്ന് പറഞ്ഞുവെങ്കിലും എങ്ങും വെള്ളമെത്തിയില്ല. നവജാത ശിശുക്കളുടെ തുണി അലക്കാന്‍ കുപ്പിവെള്ളത്തെയാണു കൂട്ടിരിപ്പുകാരും രോഗികളും ആശ്രയിച്ചത്. വെള്ളം കിട്ടാതായതോടെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി വീടുകളിലേക്കു പോയവരുമുണ്ട്. ആശുപത്രികളിലേക്ക് മാത്രമായി ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാന്‍ ജലഅതോറിറ്റി ശ്രമിച്ചിരുന്നെങ്കില്‍ ഇവരുടെ ദുരിതത്തിന് പകുതിയോളമെങ്കിലും പരിഹാരം കാണാമായിരുന്നു. എന്നാല്‍ വെള്ളമില്ലാത്തെ തിരുവനന്തപുരം നഗരത്തിലെ മെഡിക്കല്‍ കോളേജടക്കം സര്‍ക്കാര്‍ ആശുപത്രികളുടെയെല്ലാം പ്രവര്‍ത്തനം താറുമാറായി.
അരുവിക്കരയില്‍നിന്ന് നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനില്‍ ശനിയാഴ്ച രാത്രിയുണ്ടായ പൊട്ടലാണ് തലസ്ഥാനവാസികളെ ദുരിതത്തിലാക്കിയത്. നഗരത്തിലെ കുടിവെള്ള വിതരണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ഇന്നലെ രാവിലെയോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചെങ്കിലും പണി പൂര്‍ത്തിയായില്ല. പൊട്ടിയ രണ്ട് പൈപ്പുകളില്‍ ഒന്ന് മാറ്റിയിടുന്നതിനിടെ മഴ പെയ്തതു അറ്റകുറ്റപ്പണികള്‍ക്കു തടസമായി. അരുവിക്കര ഡാമിനു സമീപത്തെ ചെങ്കുത്തായ ചരിവില്‍ ജെസിബിയും ക്രെയിനും കുടുങ്ങി. രണ്ടാമത്തെ പൈപ്പ് മാറ്റുന്നതിനുള്ള ജോലികള്‍ മണിക്കൂറുകള്‍ വൈകിയാണു തുടങ്ങിയത്. പുതിയ രണ്ട് പൈപ്പുകള്‍ വിളക്കിച്ചേര്‍ക്കാന്‍ മാത്രം ആറുമണിക്കൂറെടുത്തു.
ബദല്പൈപ്പ് ലൈനിനു പുറമെ 25 ഓളം ടാങ്കര്‍ലോറികളിലും കുടിവെള്ളം എത്തിക്കുന്നുണ്ടെന്നാണ് ജല അതോറിറ്റി പറഞ്ഞത്. എന്നാല്‍ ഇത് കാര്യക്ഷമമായില്ലെന്നു നാട്ടുകാര്‍ പറയുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയായി ഇന്നലെ രാത്രിയോടെ പമ്പിംഗ് തുടങ്ങുമെന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നതെങ്കിലും ഇന്ന് ഉച്ചകഴിഞ്ഞേ വെള്ള വിതരണം സാധാരണ നിലയിലാകൂ.
വെള്ളമില്ലാത്തതിനാല്‍ തിരുവനന്തപുരം നഗരത്തിലെ പല ഹോട്ടലുകളും പൂട്ടി. ടാങ്കറുകളിലും വെള്ളം കിട്ടാനില്ലാത്തതാണ് ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്തത്. ടാങ്കറുകളിലെത്തുന്ന വെള്ളത്തിന് അമിത വില ഈടാക്കുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: