ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍സിറ്റിയും ചെല്‍സിയും മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ കരുത്തരായ ലിവര്‍പൂളിന് കനത്ത തിരിച്ചടി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഹള്‍ സിറ്റിയാണ് ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടത്. മറ്റ് മത്സരങ്ങളില്‍ മുന്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സതാമ്പ്ടണെയും മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെയും കീഴടക്കി.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിന്റെ 13-ാം സെക്കന്റില്‍ തന്നെ ഗോള്‍ നേടി ചെല്‍സിയെ സതാമ്പ്ടണ് ഞെട്ടിച്ചു. മൈക്കല്‍ എസ്സിയാന്റെ ഒരു വോളി പിടിച്ചെടുത്ത് വല ചലിപ്പിച്ച് റോഡ്രിഗസാണ് സ്വന്തം തട്ടകത്തില്‍ ചെല്‍സിയെ ഞെട്ടിച്ചത്. ആദ്യപകുതിയില്‍ ഈ ഒരു ഗോളിന് സതാമ്പ്ടണ് മുന്നിട്ടുനിന്നു. മൈക്കല്‍ എസ്സിയാന്‍, ഈഡന് ഹസാര്‍ഡ്, ടോറസ്, ഓസ്കര് തുടങ്ങിയവര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയിട്ടും ആദ്യ പകുതിയില്‍ സമനില പിടിക്കാന്‍ കഴിഞ്ഞില്ല.
ഈ ഞെട്ടലില്‍ നിന്ന് മുക്തരായി ഉണരാന്‍ ചെല്‍സിക്ക് ആദ്യ പകുതി മുഴുവന്‍ കാത്തിരിക്കേണ്ടിവന്നു. 55-ാം മിനിറ്റില്‍ ഗ്യാരി കാഹിലിലൂടെയാണ് ചെല്‍സി സമനില പിടിച്ചത്. ഡെബാ ബായുടെ ഒരു തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചത് നല്ലൊരു ഹെഡ്ഡറിലൂടെ കാഹില്‍ സതാമ്പ്ടണ് വലയിലെത്തിക്കുകയായിരുന്നു. 62-ാം മിനിറ്റില്‍ ചെല്‍സി ലീഡ് സ്വന്തമാക്കി. ജുവാന്‍ മാട്ട നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ജോണ്‍ ടെറി വലയിലെത്തിച്ചു. ചെല്‍സിക്കു വേണ്ടി പ്രീമിയര്‍ ലീഗില്‍ ടെറിയുടെ 400-ാമത് മത്സരമായിരുന്നു ഇത്. പിന്നീട് 90-ാം മിനിറ്റില്‍ റാമിറസ് നല്കിയ പാസില്‍ നിന്ന് നല്ലൊരു ഷോട്ടിലൂടെ ഡെംപാ ബാചെല്സിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ സമിര്‍ നസൃയുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വാന്‍സീ സിറ്റിയെ തകര്‍ത്തത്. എട്ടാം മിനിറ്റില്‍ 25 വാര അകലെ നിന്ന് തൊടുത്ത ഫ്രീകിക്കിലൂടെ ആല്‍വരോ നെഗ്രെഡോയാണ് സിറ്റിക്ക് ആദ്യം ലീഡ് നല്‍കിയത്. തിരിച്ചുവരാന്‍ ആദ്യ പകുതിയില്‍ തന്നെ മൂന്ന് സുവര്‍ണാവസരങ്ങളാണ് സ്വാന്‍സിക്ക് ലഭിച്ചത്. എന്നാല്‍ ജോന്‍ജോ ഷെല്‍വിയും ജൊനാഥന് ഡി ഗുസ്മാനും ഈ കനകാവസരങ്ങള്‍ കളഞ്ഞുകുളിക്കുകയാണുണ്ടായത്. പിന്നീട് 58, 77 മിനിറ്റുകളില്‍ നസൃയും സ്വാന്‍സീ വല കുലുക്കിയതോടെ സിറ്റിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
അതേസമയം മറ്റൊരു മത്സരത്തില്‍ കരുത്തരായ ലിവര്‍പൂളിനെ സ്വന്തം തട്ടകത്തില്‍ ഹള്‍ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കശാപ്പുചെയ്തു. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ലിവര്മോറിലൂടെ ഹള്‍ സിറ്റി മുന്നിലെത്തിയെങ്കിലും 7 മിനിറ്റിനുശേഷം സ്റ്റീവന്‍ ജെറാര്ഡിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. ആദ്യ പകുതിയില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചു. മത്സരത്തിന്റെ 72-ാം മിനിറ്റില്‍ മെയ്ലറിലൂടെ ഹള്‍ ലീഡ് നേടി. 87-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ മാര്ട്ടിന് സ്കര്ട്ടല് ദാനമായി നല്കിയ സെല്‍ഫ് ഗോളിലൂടെ ഹള്‍ സിറ്റി പട്ടിക പൂര്‍ത്തിയാക്കി. ലീഗില്‍ ലിവര്‍പൂളിന്റെ മൂന്നാം തോല്‍വിയാണിത്. സതാമ്പ്ടണിനോടും ആഴ്സനലിനോടുമാണ് ഇതിന് മുന്‍പ് അവര്‍ തോറ്റത്.
ലീഗില്‍ 13 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്സണല്‍ 31 പോയിന്റുമായി ഒന്നാം സ്ഥാനത്തും 27 പോയിന്റുമായി ചെല്‍സി രണ്ടാമതുമാണ്. 25 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും 24 പോയിന്റുള്ള ലിവര്‍പൂളുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 22 പോയിന്റുമായി എട്ടാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: