ചൂഷണം ചെയ്യാനായിട്ട് സജ്ജമാക്കിയിട്ടുള്ളതാണ് കേരളത്തിലെ പ്രകൃതിസമ്പത്തെന്ന് ദൃഢവിശ്വാസം പുലര്‍ത്തുന്ന മലയാളികള്‍ക്ക് പ്രകൃതിസംരക്ഷണം എന്ന ആശയം പോലും അന്യമാണെന്ന് തെളിയിക്കുന്നതാണ് കാലാകാലങ്ങളായി ഇവിടെ അരങ്ങേറുന്ന വനംകയ്യേറ്റവും വനനശീകരണവും പാറഖനനവും മണല്വാരലുമെല്ലാം. ഈ വിഭവങ്ങള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും മനുഷ്യരുടെ ആവാസമേഖലക്കും അത്യാവശ്യമാണെണെന്ന അവബോധം കേരളീയര്‍ക്കോ കേരളത്തെ മാറിമാറി ഭരിക്കുന്ന ഇടതു-വലതു സര്‍ക്കാരുകള്‍ക്കോ ഇല്ല. ഇപ്പോള്‍ അങ്ങേയറ്റം വിവാദമായ പാറഖനനം ഇത് തെളിയിക്കുന്നു.
ജെസിബി തന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ആക്കത്തക്കവിധം ഇടുക്കി വനമേഖലയില്‍ കയ്യേറ്റങ്ങളോട് യുദ്ധം പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദന്റെ ഇടതുപാര്‍ട്ടി പോലും ഇതില്‍ നിശബ്ദത പാലിക്കുന്നു. ഇപ്പോള്‍ പാറഖനനത്തിന്റെ ഉത്തരവാദിത്വം പ്രതിരോധമന്ത്രി ആന്റണിയുടെ തലയില്‍ ചുമത്താന്‍ നീക്കം നടത്തുന്ന കൗശലക്കാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. പാറഖനനം സര്‍ക്കാരിനും ഭരിക്കുന്ന പാര്‍ട്ടിക്കും ഒരുപോലെ വരുമാനമാര്‍ഗമായതിനാല്‍ പാറപൊട്ടിക്കല്‍ നിയന്ത്രണവിധേയമാക്കാനുള്ള നിയമത്തില്‍ ഒരു നിയന്ത്രണവുമില്ല. കുഴിച്ചെടുക്കുന്ന പാറയുടെ അളവിനെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട വകുപ്പ് പെര്‍മിറ്റ് നല്കുമ്പോള് അളവില്‍ കൃത്രിമം കാട്ടിയാണ് അധികാരികള്‍ പണം കൊയ്യുന്നത്. മലതുരക്കുമ്പോഴുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മനഃപൂര്‍വം അവഗണിക്കപ്പെടുന്നതും കോഴ ലക്ഷ്യമിട്ടാണ്.
ഏറ്റവുമൊടുവില്‍ കത്തിപ്പടരുന്ന പാരിസ്ഥിതിക വിവാദം ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖാനനമാണ്. കേരളത്തില്‍ ഇരുമ്പയിര് സമൃദ്ധമാണെന്ന് കണ്ടെത്തിയശേഷം ഇരുമ്പയിര് ഖാനനത്തിന് എളമരം കരീം മന്ത്രിയായിരുന്നപ്പോള്‍ അനുമതി നല്കി. പൊതുമേഖലയെ തഴഞ്ഞ് സ്വകാര്യകമ്പനിക്ക് ഇതിന് അനുമതി നല്‍കിയത് അന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണനാണ്. ഇത് ന്യായീകരിച്ച് എളമരം കരീം പറയുന്നത് എല്ലാ കാര്യങ്ങളും മന്ത്രി അറിയണമെന്നില്ലെന്നും നിയമാനുസൃതമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്നുമാണ്. ഈ ഇടപാടില്‍ ഇടനിലക്കാരനായത് എളമരം കരീമിന്റെ ബന്ധു നൗഷാദാണ്. കരീമിന്റെ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത് നൗഷാദ് നേടിയ സമ്പാദ്യങ്ങളും നടത്തിയ അഴിമതികളും ദ്രോഹവും ഈയിടെ പുറത്തുവന്നതാണ്. നൗഷാദിനെതിരെ ഭൂമിതട്ടിപ്പിനും സ്ഥലം വാങ്ങിക്കൂട്ടിയതിനും അഞ്ച് കേസുകള്‍ നിലവിലുണ്ട്. ഈ വിഷയത്തില്‍ എളമരം കരീമിന്റെ റോള്‍ വളരെ കൃത്യമായി വെളിച്ചത്ത് വന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുന്നത് സംശയകരമാണ്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന പ്രഖ്യാപനമല്ലാതെ അതിനുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് യുഡിഎഫില്‍ ചര്‍ച്ചചെയ്തശേഷം തീരുമാനിക്കുമെന്നാണ്. കോണ്‍ഗ്രസില്‍ അന്വേഷണാവശ്യം ശക്തമായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി മൗനം പാലിക്കുന്നു? ചക്കിട്ടപാറ അനുമതി തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ആയുധമായിട്ടും അത് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല. സോളാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലുള്ള നിലപാടും സംശയകരമാണ്.
ഇപ്പോള്‍ ഏക്കര്‍കണക്കിന് കൃഷിഭൂമിയും തോടുകളും കൈവശപ്പെടുത്തിയവര്‍ പാവം കര്‍ഷകരായി ചമഞ്ഞ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തടയാന്‍ അതില്‍ വെള്ളം ചേര്‍ത്ത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെപോലും സമരപാതയിലാണ്. ക്രഷര്‍ യൂണിറ്റുകളില്‍ ഓഹരി വാഗ്ദാനം ചെയ്ത് വലിയപറമ്പ്, മുക്കം, ബാലുശ്ശേരി, കൂരാച്ചുണ്ട് തുടങ്ങിയ സ്ഥലങ്ങളിലും നൗഷാദ് തട്ടിപ്പ് നടത്തിയിട്ടുണ്ട്. നൗഷാദിന്റെ വസതിയിലും ഓഫീസുകളിലുമൊക്കെ റെയ്ഡ് നടത്തി മുദ്രവച്ചു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പ്രകൃതിസംരക്ഷണവും എല്ലാം ചര്‍ച്ചാവിഷയമായിരിക്കുന്ന ഈ വേളയില്‍ ഇടതുഭരണത്തിന്‍കീഴില്‍ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിന്റെ അറിവോടെ നടന്ന ഇരുമ്പയിര് ഖാനനവും പാറഖനനവും അത്യന്തം കടുത്ത ശിക്ഷയര്‍ഹിക്കുന്ന നടപടികളാണ്. എന്നാല്‍ സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് അധികാരത്തില്‍ വന്നിട്ടും എളമരം കരീമിനെതിരെ നടപടിയെടുക്കുന്നതിന് പകരം സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം മുസ്ലിംലീഗിനെ പ്രീണിപ്പിക്കാനല്ലേ എന്ന സംശയം ദൃഢമാകുകയാണ്. മുസ്ലിംലീഗ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പാര്‍ട്ടി വക്താവ് എം.എം. ഹസ്സനും പരസ്യമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരീമിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചിട്ടും എന്തുകൊണ്ട് വീണുകിട്ടിയ അവസരം മുതലെടുക്കാതെ മുഖ്യമന്ത്രി അനങ്ങാപ്പാറയാകുന്നു?
പ്രതികരിക്കാൻ ഇവിടെ എഴുതുക: