“സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കാണാനോ കേള്‍ക്കാനോ എനിക്ക് സാധിച്ചില്ല. പിറ്റേന്ന് പത്രത്തില്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിച്ചു. അപ്പോള്‍ ഒരു കാര്യം എനിക്ക് ബോധ്യമായി. ഏതു കാര്യത്തിനും ആരംഭംപോലെ തന്നെ പ്രധാനമാണ് അവസാനവും. പ്രത്യേകിച്ചു കായികക്ഷമതയ്ക്ക്. വളരെ പ്രാധാന്യമുള്ള സ്പോര്‍ട്സ് മേഖലകളില്‍ തുടങ്ങിയതിനെക്കാള്‍ മനോഹരമായി സച്ചിന് തന്റെ കരിയര്‍ അവസാനിപ്പിച്ചു. സുഖകരമായ ഒരു മഴ പെയ്തു തോര്‍ന്നതുപോലെ, മധുരമായ ഒരു പാട്ട് പാടി തീര്‍ന്നതുപോലെ.”
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റേതാണ് ഈ വാക്കുകള്‍. അദ്ദേഹം ബ്ലോഗ് എഴുതാന്‍ തുടങ്ങിയതോടെ ഇത്തരം ചില പാട്ടുകള്‍ ആസ്വദിക്കാന്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് കഴിയുന്നുണ്ട്. പക്ഷേ കുറിപ്പിലെ ചില പാകപ്പിഴകള്‍ ചൂണ്ടിക്കാണിക്കാതെ വയ്യ.
മോഹന്‍ലാലിന്റെ ബ്ലോഗെഴുത്ത് അദ്ദേഹം ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ് എന്ന വാദഗതി തള്ളിക്കളഞ്ഞുകൊണ്ടാണ് ഇതുപറയുന്നത്. അദ്ദേഹം പറയുന്ന കാര്യം ശ്രദ്ധിക്കുക. “ഏതു കാര്യത്തിനും ആരംഭംപോലെ തന്നെ പ്രധാനമാണ് അവസാനവും.” കാര്യങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും സംബന്ധിച്ച് അറിയപ്പെടുന്ന മുഖ്യവാചകം വിശ്വമഹാകവി വില്യം ഷേക്സ്പിയറിന്റേതാണ്. അദ്ദേഹം എഴുതിയിട്ടുണ്ട് “ആള് ഈസ് വെല്‍ ദാറ്റ് എന്റ്സ് വെല്‍-എല്ലാം നല്ലത്, അവസാനം നല്ലതെങ്കില്‍”, അങ്ങനെയാണുതാനും! ആരംഭത്തെക്കുറിച്ച് ഷേക്സ്പിയര് പറഞ്ഞിട്ടേയില്ല. മോശമായി ആരംഭിച്ചാലും അവസാനിക്കുന്നതു നന്നെങ്കില്‍ നല്ലതെന്ന് തന്നെ പറയും. ഇനിയിപ്പോള്‍ മോഹന്‍ലാല്‍ മറിച്ചു പറഞ്ഞതുകൊണ്ട് ആരാധകര്‍ ഷേക്സ്പിയറെ തള്ളി മോഹന്‍ലാലിനെ പ്രതിഷ്ഠിക്കുമോയെന്ന കാര്യം കാത്തിരുന്നു കാണണം.
മോഹന്‍ലാലിനു പണ്ടേ യുഡിഎഫിനോടും കോണ്‍ഗ്രസിനോടുമാണ് താല്പര്യം. മമ്മൂട്ടിയാണ് ഇടതിന്റെ ആളും മാര്‍ക്സിസ്റ്റു ചാനലിന്റെ ചെയര്‍മാനും. മോഹന്‍ലാലിനെയും കൂടെ നിര്‍ത്തിയാല്‍ അടുത്ത പാര്‍ലമെന്റ് ഇലക്ഷനില്‍ വാക് ഓവര്‍ ചിന്തയിലാണ് അദ്ദേഹത്തെ നടുക്കിരുത്തി പിണറായിയും പന്ന്യനും ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കേള്‍ക്കാന്‍ പറ്റാത്തതുകൊണ്ട് പത്രം വായിച്ചാണ് കാര്യം മനസ്സിലാക്കിയതെന്ന് നടന്. ബ്ലോഗ് എഴുതുന്ന ആളല്ലേ? ബ്ലോഗില്‍നിന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍പ്ലസ്, യു-ട്യൂബ് എന്നിവയിലേക്ക് ലിങ്ക് കാണാതിരിക്കില്ല. യു ട്യൂബിലും, ഫേസ് ബുക്കിലും ഒത്തിരിപ്പേര് സച്ചിന്റെ വിടവാങ്ങല്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അതൊന്നു കണ്ടു നോക്കിയാല്‍ പോരെ, എന്തിന് ദുഃഖിക്കുന്നു.
ശരിയാണ്, സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കാണേണ്ടതു തന്നെ. രാഷ്ട്രം ‘ഭാരതരത്ന’ പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് ലഭിച്ച പുരസ്കാരം അദ്ദേഹം സമര്‍പ്പിച്ചത് സ്വന്തം മാതാവിനും രാജ്യത്തെ സകലമാന അമ്മമാര്‍ക്കുമാണ്. മഹനീയമായ മാതൃകയെന്നു തന്നെ പറയാം.
കാരണം തൈത്തീരിയ ഉപനിഷത്തില്‍ പറയുന്നുണ്ട് മാതാവ് പത്തു പിതാക്കന്മാര്ക്കു സമം, ഒരുപക്ഷേ ഈ ലോകത്തിനു തന്നെ.” അനന്യമായിരുന്നു സച്ചിന്റെ വിടവാങ്ങല്‍. സുഖകരമായ ഒരു മഴ പെയ്തു തോര്‍ന്ന പോലെ അഥവാ മഴ പെയ്തു മാനം തെളിഞ്ഞപോലെ.”
പക്ഷേ, സച്ചിന് മോഹന്‍ലാലിനെക്കുറിച്ച് ഇങ്ങനെയൊരു കുറിപ്പ് എഴുതാന്‍ കഴിയുമെന്ന് കരുതുക വയ്യ. സിനിമയില്‍നിന്നു വിടവാങ്ങിയിട്ടു വേണ്ടേ കുറിപ്പെഴുതാന്‍!
കെ.എ.സോളമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: