ഇന്ന് പത്തനാടി ഇങ്ങോട്ടു വരും. യജ്ഞപുരം ക്ഷേത്രത്തിനടുത്തുള്ള ഒരില്ലത്തേക്ക് പിറന്നാളിന് ക്ഷണിക്കാന്‍ അവിടുത്തെ അമ്മ വന്നിരുന്നു. ആ അമ്മയാണ് പറഞ്ഞത് ഇന്ന് പത്തനാടി ഇതിലെ വരും, അപ്പോള്‍ കൂടെ പോന്നാല്‍ മതി എന്ന്. എന്താണാ ഇല്ലപ്പേര് പാലക്കല്‍? അതോ പാലാക്കല്‍ എന്തോ ഇവിടുത്തെ പേരുകളും ഇല്ലപ്പേരുകളും നാവിനു വഴങ്ങാന്‍ തന്നെ കുറേ നാള് വേണ്ടിവരും. സത്യം പറഞ്ഞാല്‍ പിറന്നാളിന് പോകാന്‍ നല്ല മടിയുണ്ട്.
മടിപിടിച്ചിരുന്നിട്ടെന്താണ് ? ഇവിടുത്തുകാരായി ജീവിക്കണമെങ്കില്‍ പോകുകതന്നെ വേണം. പിന്നെ പത്തനാടി കൂടെ ഉണ്ടാകുമെന്നുള്ളതാണ് സമാധാനം. വേറൊരിടത്തു ചെന്നാല്‍ വേഷമാണ് വലിയ പ്രശ്നം. നാട്ടിലെ വേഷമായാല്‍ കാണുന്നവര്‍ക്കെല്ലാം അകലം തോന്നും. മാറുമറയ്ക്കാത്ത വേഷമാകുമ്പോള്‍ ഇതുവരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു പോകുന്ന പ്രതീതിയും. യാത്രയില്‍ വെള്ളവസ്ത്രം കൊണ്ട് ആകെ മൂടി ഓലക്കുടയും ചൂടിയുള്ള വേഷം അത്ര പ്രശ്നമുള്ളതല്ല. നാരായണി ഓലക്കുട സമ്പാദിച്ചു വച്ചിട്ടുണ്ട്. വിധികെട്ടിക്കുന്ന വേഷമെല്ലാം കെട്ടാന്‍ മനസ്സ് തയ്യാറാകുന്നുമുണ്ട്. ഭര്‍ത്താവ് പറയുക കൂടി ചെയ്തു. സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിതചര്യകള്‍ മാറ്റാനറിയുന്ന ഇരുത്തം വന്ന സ്ത്രീയായി മാറിയിട്ടുണ്ടെന്ന്.
എന്നാല്‍ പുറപ്പെടാം അല്ലേ പ്രിയദത്തേ ? എന്നു കേട്ടപ്പോഴാണ് പത്തനാടി വന്നു കയറിയത് അറിഞ്ഞതു തന്നെ. മനോരാജ്യത്തില്‍ പ്രവേശിച്ചാല്‍ പരിസരം അറിയില്ല. പത്തനാടി തലമുടി ഒരു പ്രത്യേകതരത്തില്‍ ഉള്ളിലേയ്ക്ക് തിരുകി വച്ചിട്ടുണ്ട്. പഠിക്കണം അതെങ്ങനെയാണെന്ന്. ചന്ദനം കൊണ്ടുള്ള ത്രിപുണ്ഡ്രവും കറുത്ത ചാന്തുപൊട്ടും തൂങ്ങിക്കിടക്കുന്ന തോടകളും എതോ മരുന്നിട്ടു കാച്ചിയ ഗന്ധം ഉള്ള തലമുടിയും ഹോമഗന്ധവും പത്തനാടിയുടെ പരിശുദ്ധി പോയ്പ്പോകാതെ ഒപ്പം നടന്ന് പരിരക്ഷിക്കുന്നവയാണെന്നു തോന്നും. ?പ്രിയദത്ത ആദ്യായിട്ടല്ലേ പുറമേ പോകുന്നത് ? അതോണ്ട് ഞാനും ഇതിലെ പോരാന്ന് വെയ്ക്കേ. പിന്നെ ഒരു കാര്യം പ്രത്യേകം പറയാണ്ട്. നമ്പൂതിരിവര്‍ഗം സ്വതേ ഫലിതപ്രിയരാണ്. അതോണ്ട് വല്ലോരും വല്ലതും പറഞ്ഞ് ചിരിച്ചാല്‍ വിഷമിക്കാനൊന്നൂല്യാട്ടോ. അത് പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ വിഷമിക്കാനേ നേരം ണ്ടാവുള്ളൂ. പത്തനാടിയെ കണ്ടപ്പോഴേക്കും ഭദ്ര തുള്ളിത്തുളുമ്പി അടുത്തെത്തി. കുട്ടികള്‍ക്ക് പത്തനാടി സ്വന്തം മുത്തശ്ശിയായിട്ടുണ്ട്. പ്രിയദത്തേടെ കുട്ട്യോളും പോന്നോട്ടെ. അവരോട് പറയേണ്ട കാര്യമൊന്നും ഇല്ല. എപ്പോഴേ തയ്യാറായിട്ടുണ്ട്.
?നല്ല കൂമ്പാളക്കോണകം ഒക്കെ ഉണ്ടലോ. ആരാണ്ടാക്കിത്തന്നത്??
?നാരായണി. പത്തനാടി കുട്ടികളോട് ലോഗ്യം തുടങ്ങിയപ്പോള്‍ പുതയ്ക്കാന്‍ ഒന്നു ശ്രമിച്ചു നോക്കി. ശരിയായില്ല. പത്തനാടി കുട്ടികളോട് ലോഗ്യം പറഞ്ഞുകൊണ്ടു തന്നെ പുതയ്ക്കാന്‍ സഹായിച്ചു. അമ്മയുടെ പുതിയ വേഷം കണ്ട വിഷ്ണുവിന്റെ പരുങ്ങല് പുഞ്ചിരിയോടെ ശ്രദ്ധിച്ചുകൊണ്ട് പത്തനാടി ചോദിച്ചു അമ്മ വരുന്നില്ല? പത്തനാടിയുടെ ശബ്ദം കേട്ട് വേദനയാല്‍ ചുളിഞ്ഞു നീരുന്ന മുഖവുമായി അമ്മ പുറത്തേക്കു വന്നു. ?ഇല്യ. വരുന്നില്യ. ഒന്നാമത് നടക്കാന്‍ വയ്യ. പിന്നെ കേശവനും രവിയും വരുമ്പൊ ഞാനിവിടെ ഇല്യാന്നു വെച്ചാല്‍ കേശവന് വിഷമമാകും. പിന്നെ ആവാലോ ? പത്തനാടി അമ്മയുടെ അടുത്തേക്ക് ചെന്നു. ഇപ്പൊ കണ്ടാല്‍ ക്ഷീണം കുറവുണ്ട്. വന്നപ്പോള്‍ നന്നെ ക്ഷീണം ഉണ്ടായിരുന്നു. ക്ഷീണം കുറവുണ്ട്. വൈകുന്നേരം ആയാല്‍ ദേഹം മുഴുവനും വേദനകളാണ്. കാലിനാണ് അധികം. രവി ഇവിടെ ഇല്യാ എന്നു വെച്ചാല്‍ പാവം പ്രിയദത്ത ഉഴിഞ്ഞു തരും. രവി ഉണ്ട് എന്നു വെച്ചാല്‍ ആഭാരം രവി കഴിച്ചോളും. കുറേ ഉഴിഞ്ഞാല്‍ കുറച്ച് സമാധാനം കിട്ടും അത്രേ ഉള്ളൂ. വൈദ്യനെ വരുത്താന്‍ അവ്ടത്തെ ആളോട് പറയാം.?
പത്തനാട്യേ വല്ലാതെ ബുദ്ധിമുട്ടിക്കുന്നണ്ട് ഞാന്‍. അല്ലേ??
വിഷമോ ? അങ്ങനെ തോന്നരുത്. ഒരു വിഷമോം ഇല്യ. സന്തോഷേ ള്ളൂ?
ഭദ്ര പത്തനാടിയുടെ കൈ പിടിച്ചു വലിച്ചു. പോവ്വാം?
എന്നാല്‍ പ്രിയദത്ത ഇറങ്ങിക്കോളൂ. പത്തനാടി തിരിച്ചുപോവ്വുമ്പോ ഇങ്ങോട്ട് കയറൂലോ അല്ലേ??
വരാം. പ്രിയദത്തേ ! നമുക്ക് യജ്ഞപുരത്ത് ഒന്നു തൊഴുതു പോകാം. ഈ മാസത്തെ തൊഴല്‍ കഴിഞ്ഞിട്ടില്യ?
വിളവെല്ലാം കൊയ്ത പാടത്ത് ഇപ്പോഴും അവിടെയവിടെ വെള്ളമുണ്ട്. ഇവിടെ നല്ല ചൂടുകാലമാണ് എന്നാണ് പറയുന്നത്. നാട്ടിലെ ചൂട് ആലോചിച്ചാല്‍ ഇതൊന്നും ചൂടു തന്നെ അല്ല. വയലിന്റെ നടുക്കുകൂടി യജ്ഞപുരം ക്ഷേത്രത്തിലേക്ക് വീതിയുള്ള വരമ്പുണ്ട്. കുട്ടികള്‍ ഉത്സാഹത്തിലുള്ള ഓട്ടത്തിനിടയ്ക്ക് പെട്ടെന്ന് തിരിച്ചു പോന്ന് പത്തനാടിയുടെ കൈ പിടിച്ചു. തവളയെ കണ്ട് പേടിച്ചിട്ടാണ്. വഴിക്ക് ഒരു സ്ത്രീ ലോഗ്യം പറഞ്ഞു. പത്തനാടിയും എന്തൊക്കെയോ പറഞ്ഞു. ആ സ്ത്രീ പോകുകയാണ് എന്ന് അര്‍ഥത്തില്‍ തൊഴുത് നടന്നപ്പോള്‍ പത്തനാടി പറഞ്ഞു. വെളുത്തേടത്തെ ആണ്. അലക്കുകാരെ വെളുത്തേടത്തവര് എന്നാണ് പറയുക. നാളെ പ്രിയദത്തയുടെ അവിടേക്കു വരും. വസ്ത്രങ്ങളെല്ലാം കൊടുത്തോളൂ. കാര്യങ്ങളൊക്കെ ഒന്നു ശരിയാവുന്നതുവരെ അവര്‍ക്കു കൊടുക്കേണ്ട പ്രതിഫലത്തിന് വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്.? വയല്‍ കഴിഞ്ഞ് പൊയ്കയുടെ അടുത്തെത്തിയപ്പോള്‍ കാലും മുഖവും കഴുകി. പണ്ടത്തെ തപസ്വിയുടെ സാന്നിദ്ധ്യം ജലത്തില്‍ ഇപ്പോഴുമുണ്ടായിരിക്കണം. ഭക്തിയോടെ ജലമെടുത്ത് ശിരസ്സില്‍ തളിച്ചു.
അകത്ത് കടന്ന് തൊഴുതപ്പോള്‍ ശാന്തിക്കാരന് പ്രസാദം കൈവരിക്കല്ലില്‍ വച്ച് മാറിനിന്നു. പ്രസാദം എടുത്ത് പ്രദക്ഷിണം വെയ്ക്കാന്‍ തുടങ്ങിയപ്പോഴേക്കും കുട്ടികള്‍ രണ്ടു കയ്യിലും നിറയെ മലരും ശര്‍ക്കരയുംകൊണ്ട് ഓടിവന്നു. ശാന്തിക്കാരന് കൊടുത്തതായിരിക്കും. രണ്ടാമത് പ്രദക്ഷിണം വയ്ക്കുമ്പോഴേക്കും പാലയ്ക്കലമ്മയും വന്നു. പത്തനാടീ ഞാനും വേഗം തൊഴുത് വരാം. ഒരു പണീം കഴിഞ്ഞിട്ടില്യ. ധൃതിയില്‍ പ്രദക്ഷിണം വച്ചുകൊണ്ട് പാലയ്ക്കലമ്മ പറഞ്ഞു. നാലമ്പലത്തില്‍ നിന്ന് പുറത്ത് കടന്നപ്പോഴേക്കും ഒപ്പം എത്തുകയും ചെയ്തു. പത്തനാടി പറഞ്ഞു. പാലയ്ക്കലമ്മെടെ ദേഹണ്ണം കഴിയാത്തത് നന്നായി. പ്രിയദത്തയ്ക്ക് പഠിക്കാലോ. ട്ട്വോ പ്രിയദത്തേ! പാലയ്ക്കലമ്മേടെ കൈപ്പുണ്യം പ്രസിദ്ധാണ്. പഠിച്ചോളൂ. പാലയ്ക്കലമ്മ പരിഭവവും സ്നേഹവും കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു. പത്തനാടീ ഇത്ര ഒക്കെ പോരേ വലുതാക്കീത് ??
പാലയ്ക്കല്‍ ഇറയത്തേക്ക് കയറിയപ്പോള്‍ തന്നെ പാലയ്ക്കലമ്മയും പത്തനാടിയും കുടകള്‍ ഇറയത്തെ ഉത്തരത്തില്‍ തിരുകി വച്ചു. ഒരു പുതിയപാഠം. ഓലക്കുട ഇറയത്താണ് വയ്ക്കേണ്ടത്. അകത്തേക്കുകടക്കുമ്പോള് പത്തനാടിയോട് പാലയ്ക്കലമ്മ പറഞ്ഞു. പത്തനാടീ പൊതപ്പ് മേലട്ക്കളേല് അയക്കോലില് ഇടാം. ഇടുങ്ങിയ ജനലുകളില്‍ക്കൂടി വെളിച്ചം സംശയിച്ചുകൊണ്ടെത്തുന്ന മേലടുക്കളയില്‍ എത്തിയപ്പോള്‍ പത്തനാടി പുതപ്പഴിച്ച് അയക്കോലിലിട്ടു. പുതപ്പഴിക്കാന് പരുങ്ങുന്ന പ്രിയദത്തയോട് പാലയ്ക്കലമ്മ പറഞ്ഞു. നോക്കൂ! ത്തത്തേ! പൊതപ്പഴിക്കാന് മടിണ്ടെങ്കില് വേണ്ടട്ടോ ത്തത്ത പേരും മാറി. പ്രിയദത്ത ജാള്യത മറയ്ക്കാന്‍ വെറുതെ ഒന്നു ചിരിച്ച് ചോദ്യഭാവത്തില്‍ പത്തനാടിയെ നോക്കി. പത്തനാടി കണ്ണടച്ച് ചെറുതായൊന്നു തലചെരിച്ച് അനുകൂലഭാവം പ്രകടിച്ചപ്പോള്‍ പുതപ്പഴിക്കേണ്ടെന്നു വെച്ചു. വിലയൊരു വിശേഷത്തിനുള്ള ആളൊന്നും പാലയ്ക്കലില്ലായിരുന്നു. ഭാഗ്യം അല്ലെങ്കില്‍ അറിയാത്ത എത്രാളുടെ ലോഗ്യത്തിന് മുഖം കൊടുക്കേണ്ടിവരുമായിരുന്നു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: