ചെന്നൈ: ലോക ചെസ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ നോര്‍വീജിയന്‍ ചാമ്പ്യന്‍ മാഗ്നസ് കാള്‍സന്റെ കേളീ പദ്ധതികള്‍ തനിക്കു താങ്ങാനാവുന്നതിനും അപ്പുറമായിരുന്നെന്ന് ഇന്ത്യന്‍ ഇതിഹാസം വിശ്വനാഥന് ആനന്ദ്. ഒരു പ്രമുഖ ദിന പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം വ്യക്തമാക്കിയത്. പന്ത്രണ്ടു ഗെയിമുകളുള്ള ലോക ചെസ് ഫൈനലില്‍ ആനന്ദിനെ കീഴടക്കി കാള്സന് കിരീടമണിഞ്ഞിരുന്നു.
മാഗ്നസിന് ഒരുപാട് നല്ല ഗുണങ്ങളുണ്ട്. ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. മത്സരത്തിന്റെ ഉന്നതതലങ്ങളില്‍ നിരവധി പൊസിഷനുകള്‍ മാഗ്നസിന് സാധ്യം. അതിനൊപ്പം ഫ്ലെക്സിബിളുമാണ്.ഈ വൈവിധ്യങ്ങളുടെ കൂടിച്ചേരലിനെ കൈകാര്യം ചെയ്യാന്‍ എനിക്കു കഴിയാതെപോയി, ആനന്ദ് പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പിന് നല്ല തുടക്കമാണിട്ടത്. ആദ്യ നാലു ഗെയിമുകളില്‍ കാര്യങ്ങളെല്ലാം വിചാരിച്ചതുപോലെ മുന്നോട്ടുനീങ്ങി. അഞ്ചാം ഗെയിമില്‍ ഏകാഗ്രത നഷ്ടപ്പെട്ടു. ചെറിയ പിഴവുകള്‍ തുടര്‍ച്ചയായി വരുത്തി. അവ വിടാതെ പിന്തുടര്ന്നു. ആ ഗെയിമില്‍ കാള്സന് വെറുതെ പോയിന്റ് സമ്മാനിച്ചെന്ന തോന്നല്‍ ഉടലെടുത്തു.
തിരിച്ചുവരാന്‍ റിസ്ക് എടുക്കേണ്ടിയിരുന്നു. എന്നാല്‍ എന്റെ കളിയുടെ നിലവാരം താണു, ആറാം ഗെയിമിലെ തോല്‍വിയുടെ കാരണങ്ങള്‍ ആനന്ദ് വിലയിരുത്തി. കാള്സന് വലിയ ഉദാരമതിയാകുമെന്നു കരുതുന്നില്ല. ജയിച്ചയാള്‍ക്ക് എന്തും പറയാം. ഇപ്പോള്‍ നമ്മളതു സഹിച്ചേ മതിയാകു, ആനന്ദിനെ ചിലതു പഠിപ്പിക്കാനുള്ള തന്റെ ഊഴമാണിനിയെന്ന കാള്‍സന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ താരം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: