അഗളി: ഇന്നത്തെ ആദിവാസി സമൂഹം അകപ്പെട്ട ദുരിതങ്ങള്ക്കുളള പ്രധാന കാരണം തങ്ങളുടെ പാരമ്പര്യ ജീവിത വ്യവസ്ഥകളില്‍ നിന്ന് അകന്ന് പോയതാണെന്ന് അട്ടപ്പാടി തായ്കുല സംഘം തലൈവി ഭഗവതി. മല്ലീശ്വര വിദ്യാനികേതനില്‍ സരസ്വതി സംസ്കൃതി കേന്ദ്രം പഠന ശിബിരത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പണ്ട് ആദിവാസി സമൂഹത്തിന്റെ മണ്ണും മനസ്സും കൃഷിയും തങ്ങള്‍ക്ക് സ്വന്തമായിരുന്നു.
റാഗിയും തിനയും ചീരയും തുവരയും ഔഷധമൂല്യമുളള പലതരം പഴവര്‍ഗ്ഗങ്ങളും കിഴങ്ങുകളും സ്വന്തം ഭക്ഷണത്തിനായി കൃഷിചെയ്തിരുന്നു. എന്നാല്‍ ഇന്ന് സ്വന്തം മുറ്റത്തെ മണ്ണുപോലും ആദിവാസികള്‍ക്ക് അന്യമാണ്. പലതരം ചൂഷണങ്ങള്‍ മൂലം ഗതിയറ്റുപോയ ജീവിത മൂല്യങ്ങള്‍ തിരിച്ചെടുക്കാന്‍ തനത് പാരമ്പര്യങ്ങളിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്നും അവര്‍ പറഞ്ഞു.
പക്കേജുകള്‍ പ്രഖ്യാപിക്കുന്ന നേതാക്കന്മാര് തങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ വിസ്മരിക്കുന്നു. തായ്കുല സംഘത്തെപോലും തകര്ത്തെറിയുന്നതിനുളള ശ്രമമുണ്ടായി. തങ്ങളുടെ നെഞ്ചില്‍ ചവുട്ടി ഇവര്‍ നിര്‍മ്മിക്കുന്ന ദന്തഗോപുരങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ തകര്‍ത്തെറിയുമെന്നും എല്ലാം മനസ്സിലാക്കുന്ന ഒരു പുതിയ തലമുറയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് കീഴിലുളള സരസ്വതി സംസ്കൃതി കേന്ദ്രത്തിലെ ഇന്സ്ട്രക്ടര്മാര്ക്കും മിഷനുകീഴിലുളള വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും സാമൂഹ്യ സേവനസന്നദ്ധപ്രവര്ത്തകര്ക്കുമായിട്ടാണ് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. അട്ടപ്പാടി മല്ലീശ്വര വിദ്യാനികേതനില്‍ നടന്ന പരിശീലന ശിബിരം കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ സീമ ഭാസ്ക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.നന്ദകുമാര്‍, രാമനുണ്ണി മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.
തായ്കുല സംഘം തലൈവിമാരായ ഭഗവതി, മരുതി, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.ബി. സനല്‍കുമാര്‍, കെ. ഗോപാലകൃഷ്ണന്, മിഷന് അഡ്മിനിസ്ട്രേറ്റര്‍ മണികണ്ഠന് പനങ്കാവില്‍ സംസാരിച്ചു. ശിബിരം ഇന്നലെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: