കോട്ടയം: ഉന്നത പദവി അലങ്കരിക്കുന്നവരുടെ യോഗ്യതയുടെ പേരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പതിവായി, എം.ജി. സര്‍വ്വകലാശാല മാനക്കേടിന്റെ പടുകുഴിയില്‍. വൈസ് ചാന്‍സിലര്‍ ഡോ.എ.വി.ജോര്‍ജ്ജ്, രജിസ്ട്രാര്‍ എം.ആര്. ഉണ്ണി എന്നിവരുടെ യോഗ്യതയിലാണ് സംശങ്ങളുയര്ന്നിട്ടുള്ളത്. രണ്ടുപേരും ഇരുധ്രുവങ്ങളിലാണെങ്കിലും സ്ഥാനങ്ങള്‍ നേടാന്‍ സമര്‍പ്പിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഇരുവരെയും വിവാദങ്ങളില്‍ തളച്ചിട്ടിരിക്കുകയാണ്. യുഡിഎഫിലെ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായി ഇരുവര്‍ക്കും പിന്നില്‍ രാഷ്ട്രീയ കക്ഷികള്‍ നിലയുറപ്പിച്ചതിനാല്‍ പ്രശ്നത്തിന് രാഷ്ട്രീയ മാനവും കൈവന്നു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രശ്സതമായ നിലയില്‍ നേതൃത്വം നല്കിയ സര്‍വകലാശാലയ്ക്കാണ് ഈ ഗതികേട്.
രജിസ്ട്രാര്‍ എം.ആര്. ഉണ്ണിയുടെ യോഗ്യത സംബന്ധിച്ച് അന്വേഷണിച്ച സിന്‍ഡിക്കേറ്റ് കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടപടി അഞ്ചിന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിക്കും. എന്നാല്‍ അന്വേഷണ കമ്മീഷനുപോലും യോജിച്ച തീരുമാനമെടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ സിന്‍ഡിക്കേറ്റിലും ഇത് ആവര്‍ത്തിക്കാനാണ് സാധ്യത.
രജിസ്ട്രാറായി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതകളിലൊന്നായ അഞ്ചുവര്‍ഷത്തെ അഡ്മിനിസ്ട്രേറ്റീവ് എക്സീപിരിയന്‍സ് ഉണ്ണിക്ക് ഇല്ലെന്നാണ് പ്രധാന ആരോപണം. എന്‍സിസി ലഫ്റ്റനന്റ് ആയി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ച സര്‍ട്ടിഫിക്കറ്റാണ് ഭരണപരമായ പ്രവൃത്തിപരിചയമായി കാണിച്ചിട്ടുള്ളത്. എന്നാല്‍ ഇത് പ്രശംസാപത്രം മാത്രമാണെന്നാണ് എന്‍സിസി അറിയിച്ചിട്ടുള്ളതത്രെ. ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരകത പരിശോധിക്കാന്‍ എം.ജി. സിന്‍ഡിക്കേറ്റ് കമ്മീഷനെ കേരള സര്‍വകലാശാല അനുവദിക്കാത്ത സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് ആവശ്യം. പ്രൊഫ. പി.കെ. സോമശേഖരനുണ്ണി, പ്രൊഫ. അബ്ദുള്‍ ലത്തീഫ്, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ എന്നിവരായിരുന്നു അന്വേഷണ കമ്മീഷനംഗങ്ങള്‍. ഇതില്‍ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ രജിസ്ട്രാറെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് പരിഗണിച്ച ഉപസമിതിയിലും ഭിന്നത ഉണ്ടായ സാഹചര്യത്തിലാണ് ഈ വിഷയം സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിച്ചത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും മുസ്ലിംലീഗും രജിസ്ട്രാറിനെതിരാണെങ്കില് കോണ്‍ഗ്രസിലെ എ വിഭാഗം രജിസ്ട്രാറെ പൂര്‍ണ്ണായി പിന്തുണയ്ക്കുകയാണ്. വി.സി. ഡോ. എ.വി. ജോര്‍ജ്ജിന്റെ യോഗ്യത സംബന്ധിച്ച വിവാദത്തിലും യുഡിഎഫ് ഭിന്നത പ്രകടമാണ്. ഇവിടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വിസിക്ക് പിന്നില്‍ ശക്തമായി നിലയുറപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് എ വിഭാഗം വിസിക്കെതിരെ പരസ്യമായി രംഗത്തുണ്ട്. വി.സി.യുടെ യോഗ്യതാ പ്രശ്നം ഇപ്പോള്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണറുടെ പരിഗണനയിലാണ്. ഹൈക്കോടതിയാണ് ഈ വിഷയത്തില്‍ തീരുമാനമേടുക്കാന്‍ ഗവര്‍ണ്ണറെ ചുമതലപ്പെടുത്തിയത്.
മുഖ്യമന്ത്രിയടക്കമുള്ളവര്‍ വിസി ക്ക് എതിരായ സാഹചര്യത്തില്‍ പ്രശ്നം സങ്കീര്‍ണ്ണമാകാനാണ് സാധ്യത. വ്യാജവിവരങ്ങള്‍ നല്കി തെറ്റിദ്ധരിപ്പിച്ചതിനാല്‍ ഡോ. എ.വി. ജോര്‍ജ്ജിനെ വൈസ് ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് കൂടുതല്‍ അന്വേഷണം നടത്താതെ പുറത്താക്കാണമെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിലപാട്. വരും നാളുകളില്‍ ഈ വിഷയം യുഡിഎഫിലെ ബലപരീക്ഷണത്തിന് കാരണമാകാനാണ് സാധ്യത. ഉന്നത പദവികള്‍ വഹിക്കുന്നവരുടെ യോഗ്യതയില്പോലും സംശയത്തിന്റെ നിഴല്‍ വീണതിനാല്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: