മാവേലിക്കര: സ്വകാര്യബസ്-ടിപ്പര്‍ വേഗപ്പൂട്ട് പരിശോധന ഇടനിലക്കാര്‍ സമ്പാദിച്ചത് ലക്ഷങ്ങള്‍. സംസ്ഥാനത്തെ ടിപ്പറുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന്റെ സമയപരിധി നവംബര്‍ 30ന് അവസാനിച്ചു. ഇതുവരെ അറുപത് ശതമാനം ടിപ്പറുകളില്‍ മാത്രമാണ് വേഗപ്പൂട്ട് ഘടിപ്പിച്ചിരിക്കുന്നത്.
സമയപരിധി അവസാനിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിച്ച് സീല്‍ ചെയ്യാന്‍ വന്‍ തിരക്കായിരുന്നു. രാത്രി വൈകിയും പല സ്ഥലങ്ങളിലും പരിശോധന നീണ്ടു. വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന്റെ പേരില്‍ സ്വകാര്യബസ്-ടിപ്പര്‍ ഉടമകളില്‍ നിന്നും ഒരു ഏജന്‍സി ഉടമ ലക്ഷങ്ങളുടെ നേട്ടമുണ്ടാക്കിയതായി ആക്ഷേപം.
നാലു കമ്പനികളുടെ ഏജന്‍സിയാണ് ഇയാള്‍ എടുത്തിരിക്കുന്നത്. പല വാഹനങ്ങളുടെയും വേഗപ്പൂട്ടിലെ സെന്‍സറുകളാണ് തകരാറിലായിരിക്കുന്നത്. ഇതിന് എറണാകുളത്ത് 1,450 രൂപയാണുള്ളത്. ഫിറ്റിങ് ചാര്‍ജ് 1,000 രൂപയും. എന്നാല്‍ ഏജന്‍സി ഉടമ ഇത് ഘടിപ്പിക്കുന്നതിന്റെ കൂലിമാത്രം 2,500 രൂപയാണ് ഈടാക്കുന്നതെന്നാണ് ആക്ഷേപം. മറ്റ് സ്ഥലങ്ങളില്‍ ഘടിപ്പിച്ച് എത്തിക്കുന്ന വാഹനങ്ങള്‍ക്കും നിലവില്‍ വേഗപ്പൂട്ട് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് 300 മുതല്‍ 1,000 രൂപവരെയാണ് വാങ്ങുന്നത്.
ഈ സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കില്‍ മാത്രമെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പരിശോധിക്കുകയുള്ളു. നിലവില്‍ വേഗപ്പൂട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ പരിശോധിക്കണമെങ്കില്‍ പോലും ഏജന്‍സിയുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നുള്ള അധികൃതരുടെ നിലപാട് പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥരും ഏജന്റും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്നും ആരോപണമുണ്ട്. ഓരോ ആര്‍ടി ഓഫീസുകളിലും ആയിരത്തിലധികം ഹെവി വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബസുകളിലും ടിപ്പറുകളിലും വേഗപ്പുട്ട് നിര്‍ബന്ധമാക്കിയതിലൂടെ കഴിഞ്ഞ രണ്ടുമാസമായി ഏജന്റ് ലക്ഷങ്ങളാണ് സമ്പാദിച്ചത്.
ടിപ്പറുകളിലെ വേഗപ്പൂട്ട് പരിശോധന പ്രഹസനമാണെന്ന വാദവുമായി സ്വകാര്യ ബസുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. വാഹനത്തിന്റെ പിന്‍ചക്രം ജാക്കിയില്‍ ഉയര്‍ത്തി വച്ചതിനുശേഷം സ്റ്റാര്‍ട്ട് ചെയ്ത് ആക്സിലേറ്റര്‍ അമര്‍ത്തിയായിരുന്നു പരിശോധന നടത്തിയത്. ഇത്തരത്തില്‍ ശരിയായ വേഗതാ നിര്‍ണയം നടത്താന്‍ സാധിക്കില്ലെന്ന വാദമാണ് ബസുടമകള്‍ ഉന്നയിക്കുന്നത്. ഓരോ സ്വകാര്യ ബസും ഓടിച്ചു നോക്കിയ ശേഷമായിരുന്നു വേഗപ്പൂട്ട് പരിശോധന നടത്തിയതെന്നും ഇവര്‍ വാദിക്കുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: