ദല്‍ഹിയില്‍ തെരഞ്ഞടുപ്പ് ചൂട് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ബിജെപി, കോണ്‍ഗ്രസ്, എഎപി പാര്‍ട്ടികളുടെ മുഴുവന്‍ നേതാക്കളും ദല്‍ഹി തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. ബിജെപിയുടെ മുഖ്യപ്രചാരകനും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദിക്ക് ന്യൂദല്‍ഹിയില്‍ പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാന്‍ അനുമതി നിഷേധിച്ചതാണ് കഴിഞ്ഞദിവസത്തെ ശ്രദ്ധേയമായ ഒരു നീക്കം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോദിക്ക് അനുമതി നിഷേധിച്ചതെന്ന് ഭരണകൂടവും പോലീസും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മോദിയുടെ സാന്നിദ്ധ്യം കോണ്‍ഗ്രസ് ഭയപ്പെടുന്നുവെന്നതാണ് സത്യം. ന്യൂദല്‍ഹി മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല.
മൂന്നു വട്ടം അതായത് പതിനഞ്ചു വര്‍ഷക്കാലം ഒരു ഭരണാധികാരിയെ സംബന്ധിച്ച് തീര്‍ച്ചയായും തന്റെ കഴിവും പ്രാപ്തിയും തെളിയിക്കാന്‍ മതിയായ കാലയളവാണ്. പ്രത്യേകിച്ചും അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഭരണത്തുടര്‍ച്ച സാധാരണ ഗതിയില്‍ ആര്‍ക്കും അനുവദിക്കാത്ത ഇന്ത്യന്‍ ജനാധിപത്യത്തില്‍. പക്ഷേ ഷീലാ ദീക്ഷിത് പതിനഞ്ചു വര്‍ഷക്കാലത്തെ ഭരണം കൊണ്ട് ജനങ്ങളില്‍ നിന്ന് ഏറെ അകന്നു കഴിഞ്ഞിരിക്കുന്നു. ദല്‍ഹിയില്‍ ഭരണ വിരുദ്ധ വോട്ടുകള്‍ ബിജെപിക്കും ആം ആദ്മി പാര്‍ട്ടിക്കുമിടയില്‍ ഭിന്നിക്കുമെന്ന കണക്കു കൂട്ടലാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്. ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിഞ്ഞാല്‍ ദേശീയ തലസ്ഥാനം തങ്ങളെ കയ്യൊഴിഞ്ഞുവെന്ന ദുഷ്പേരില്‍ നിന്ന് രക്ഷപ്പെടാനാവുമെന്നും ആ പാര്‍ട്ടിയുടെ നേതൃത്വം കണക്കു കൂട്ടുന്നു.
തീര്‍ച്ചയായും ആം ആദ്മി പാര്‍ട്ടിയേക്കാള്‍ കോണ്‍ഗ്രസ് ഭയക്കുന്നത് ബിജെപിയെയാണ്. അരവിന്ദ് കേജ്രിവാള് എത്ര സീറ്റു നേടിയാലും കോണ്‍ഗ്രസിന് അത് ഒരു വലിയ വെല്ലുവിളിയല്ല എന്ന് അവര്‍ കണക്കു കൂട്ടുന്നു. പക്ഷേ ബിജെപി കോണ്‍ഗ്രസിനേക്കാള്‍ അധികമായി നേടുന്ന ഓരോ സീറ്റും വോട്ടും അടുത്ത പൊതു തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ മനോവീര്യം തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് മാനേജര്‍മാര്‍ക്ക് നന്നായറിയാം. നരേന്ദ്രമോദിക്ക് പ്രചരണാനുമതി നിഷേധിക്കുന്നതിനു പിന്നിലെ മനഃശാസ്ത്രം ഇതാണ്.
ദല്‍ഹി ഭരണകൂടത്തിനെതിരായ വികാരം പോലെ തന്നെ ഈ തെരഞ്ഞടുപ്പില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ ജനവികാരവും പ്രതിഫലിക്കുമെന്ന് വ്യക്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ മുഴങ്ങുന്ന ഒരേയൊരു മുദ്രാവാക്യം ആഫ്ററര്‍ മന്മോഹന് ഇറ്റ് ഈസ് നരേന്ദ്ര മോദി എന്നതാണ്. മന്മോഹന്റെ വീഴ്ചകളെ ജനം വെറുക്കുന്നു. പകരം അവര്‍ നരേന്ദ്ര മോദിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഇതാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ദേശീയ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല നിര്‍വ്വചനം. ദല്‍ഹിയിലെ മോദിയുടെ സാന്നിദ്ധ്യം ഈ ചര്‍ച്ചകളെ വീണ്ടും കൂടുതല്‍ സജീവമാക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നു.
പറയാന്‍ കാര്യമായ ഭരണ നേട്ടങ്ങളൊന്നുമില്ലാതെയാണ് ഷീലാദീക്ഷിത് നാലാം അവസരത്തിനായി വോട്ടര്‍മാരെ സമീപിക്കുന്നത്. അതേ സമയം പ്രതിപക്ഷത്തിനാകട്ടെ പറയാനേറെയുണ്ട് താനും. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയുടെയും ഭരണ വീഴ്ചയുടെയും കഥകള്‍. ഈ ഭരണ വിരുദ്ധ വികാരം തന്നെയാണ് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെയും ശക്തി. മിനിമം രാഷ്ട്രീയ പരിപാടികള്‍ മാത്രമുള്ള ഒരു പ്രാദേശിക രാഷ്ട്രീയ കക്ഷിക്ക് അര്‍ഹതപ്പെട്ടതിലുമധികം മാധ്യമ ശ്രദ്ധയും ജന പിന്തുണയും ആ പാര്‍ട്ടിക്ക് ലഭിക്കുന്നുവെന്നതാണ് സത്യം. ഇത് ആ പാര്‍ട്ടിയുടെ നേതൃത്വം മുന്നോട്ടു വക്കുന്ന രാഷ്ട്രീയ അജണ്ടയുടെ ഫലമായി മാത്രമാണ് എന്നു കരുതുക വയ്യ.
ദല്‍ഹിയിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. തുടര്‍ച്ചയായി ഉയരുന്ന വന്‍ അഴിമതി ആരോപണങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, നിശ്ചലമായ ഭരണ സംവിധാനം തീര്‍ച്ചയായും ഇക്കര്യങ്ങള്‍ പ്രബുദ്ധരായ ദല്‍ഹി വോട്ടര്‍മാരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ സാഹചര്യം മുതലെടുക്കാനുള്ളള്ള ശ്രമമാണ് അരവിന്ദ് കേജ്രിവാള് നടത്തുന്നത്. അതില്‍ ഒരു പരിധി വരെ അവര്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ആവശ്യമായ പ്രത്യയശാസ്ത്ര സമീപനമോ ഭരണ- വികസന -രാഷ്ട്രീയ കാഴ്ചപ്പാടുകളോ ആം ആദ്മി പാര്‍ട്ടിക്ക് ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല. പക്ഷേ അവര്‍ ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. കൂടുതലും ചെറുപ്പക്കാരെ. എട്ടു സീറ്റു വരെ എഎപിക്ക് ലഭിക്കാനിടയുണ്ടെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ദല്‍ഹി രാഷ്ട്രീയത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കെങ്കിലും എഎപി ഒരു നിര്‍ണ്ണായക ശക്തിയാവുകയാണ്. ജനങ്ങള്‍ ആ പാര്‍ട്ടിയിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കണമെങ്കില്‍ കേജ്രിവാളും കൂട്ടരും പാലിക്കേണ്ട മിനിമം രാഷ്ട്രീയ മര്യാദകളുണ്ട്. അതില്‍ പ്രധാനമാണ് കോണ്‍ഗ്രസുമായി കൂട്ടുചേരാതിരിക്കുക എന്നത്. കോണ്‍ഗ്രസ് വിരുദ്ധ- കോണ്‍ഗ്രസിന്റെ അഴിമതികള്‍ക്കെതിരായ ജനവികാര-മാണ് തങ്ങളുടെ രാഷ്ട്രീയം എന്ന് അവര്‍ മനസ്സിലാക്കണം. ദല്‍ഹി നിയമസഭയിലും പാര്‍ലമെന്റിലും കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുമെന്ന് ഉറപ്പാക്കാനുള്ള ബാധ്യത തീര്‍ച്ചയായും ആ പാര്‍ട്ടിക്കുണ്ട്.
തൂക്കു സഭയാണ് ദല്‍ഹി നിയമസഭ തെരഞ്ഞടുപ്പിനു ശേഷം ഉണ്ടാകുന്നതെങ്കില്‍ എഎപി ഒരു വിലപേശല്‍ ശക്തിയായി മാറും എന്ന തരത്തിലുള്ള പ്രചാരണം ആ പാര്‍ട്ടിയുടെ വിശ്വസ്തത തകര്‍ക്കുന്നതാണ്.
തെരഞ്ഞടുപ്പിനു ശേഷമെങ്കിലും കേജ്രിവാളിന് തന്റെ പഴയ ഗുരു അണ്ണാ ഹസാരെയുമായി സന്ധി ആകാവുന്നതാണ്. അത് ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ വര്‍ണ്ണാഭമാക്കും. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിന് അവസാനം കാണുക എന്ന ശക്തമായ ജനവികാരത്തിന്റെ പ്രതിഫലനങ്ങളിലൊന്നാണ് എഎപിയുടെ ജനനം. ആ പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്‍പ് അണ്ണാ ഹസാരെയും കേജ്രിവാളും ഒരുമിച്ച് നടത്തിയ അഴിമതി വിരുദ്ധ കാമ്പയിന് രാജ്യത്തിന്റെയാകമാനം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ജനശ്രദ്ധയാണ് കേജ്രിവാളിനെ പുതിയ രാഷ്ട്രീയ നീക്കത്തിന് പ്രേരിപ്പിച്ചതും. ഇക്കാര്യങ്ങള്‍ കേജ്രിവാള് മറക്കരുത്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: