ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് ദല്‍ഹിയില്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി അഭിപ്രായപ്പെട്ടു. ദല്‍ഹിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായുള്ള ചോദ്യോത്തരവേളയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എല്ലാ വോട്ടും ഒരു പാര്‍ട്ടിക്ക് ലഭിച്ചിരുന്ന ഒരു സാഹചര്യം നമ്മുടെ രാജ്യത്ത് ഒരു കാലത്ത് നിലനിന്നിരുന്നു. ഈ അവസ്ഥ മാറി ബിജെപിയുടെ വരവോടുകൂടി ദ്വികക്ഷി രാഷ്ട്രീയസംവിധാനത്തിനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു. എന്നാല്‍ മൂന്നാമതൊരു പാര്‍ട്ടിക്ക് നിലവില്‍ സാഹചര്യമില്ലെന്നും അദ്വാനി വ്യക്തമാക്കി.
മാസങ്ങള്‍ മാത്രം പ്രായമുള്ള ആം ആദ്മി പാര്‍ട്ടി ദല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ തലവേദനയാകുമെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന പാര്‍ട്ടിക്ക് ജനങ്ങളില്‍ സ്വാധീനം സൃഷ്ടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ദല്‍ഹിയില്‍ യഥാര്‍ത്ഥ പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തന്നെയാണ്.
ദല്‍ഹി വോട്ടര്‍മാര്‍ സമര്‍ത്ഥരും ഇച്ഛാശക്തിയുള്ളവരുമാണ്. അതുകൊണ്ടുതന്നെ അവര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ യുവജനങ്ങള്‍ അസംതൃപ്തരാണെന്നും അദ്വാനി പറഞ്ഞു. നിലവില്‍ ദല്‍ഹിയില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജനങ്ങള്‍ മാറി ചിന്തിച്ച് തുടങ്ങിയെന്നും ഇത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: