രാജ്യത്തെ ജനങ്ങള്‍ നിരവധിയായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഗുജറാത്തിലെ കെവാഡിയയില്‍ 1400 കോടി രൂപാ മുടക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുവാന്‍ നടക്കുന്ന നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പരാമര്‍ശങ്ങള്‍ പരമ്പരാഗത മാധ്യമങ്ങള്‍ വഴിയും നവമാധ്യമങ്ങള്‍ വഴിയും ഉയര്‍ന്നുകേട്ടിരുന്നു. പലരും ഇതിനെ നോക്കിക്കാണുന്നതും മനസ്സിലാക്കിയിരിക്കുന്നതും ലോകത്തെ ഏറ്റവും ഉയരം കൂടിയ ഒരു പ്രതിമ നിര്‍മ്മാണം മാത്രമാണ് ഈ ഒരു സംരംഭത്തിലൂടെ സാധ്യമാകുവാന്‍ പോകുന്നതെന്നാണ്. പക്ഷെ ഇതിനു പിന്നിലെ മഹത്തായ ലക്ഷ്യങ്ങളേയും അത് നാടിനു സംഭാവന ചെയ്യാന്‍ പോകുന്ന കാര്യങ്ങളും മന:പൂര്‍വ്വം തമസ്കരിക്കപ്പെടുകയാണ്.
റാണാപ്രതാപ്, ഛത്രപതി ശിവജി, ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു, റാണി ലക്ഷ്മി ഭായി, ബാലഗംഗാധര തിലകന്, ഗോപാലകൃഷ്ണ ഗോഖലെ, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ തുടങ്ങിയ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത നിരവധിയായ ദേശാഭിമാനികള്‍ ഒരു ‘പ്രത്യേക കുടുംബത്തില്‍’ നിന്നുള്ള അംഗങ്ങളല്ലാത്തതിനാല്‍ സാമാന്യ ജനത്തിന്റെ ഓര്‍മയില്‍നിന്ന് മായ്ച്ചുകളഞ്ഞുകൊണ്ടിരിക്കുന്ന ചരിത്ര പുരുഷന്മാരാണ്. ഇന്ത്യയുടെ ചരിത്രമെന്നാല്‍ ജന്മനാടിനുവേണ്ടി പോരാടിയ എണ്ണമറ്റ സ്ത്രീ പുരുഷന്മാരുടെ ചരിത്രം കൂടിയാണ്. ഭരണം കയ്യാളുന്ന ചിലര്‍ സ്വന്തം കുടുംബത്തിന്റെ മഹത്വം കൂട്ടാന്‍ വേണ്ടി നടത്തിയ നീക്കത്തിന്റെ ഭാഗമായി മന:പൂര്‍വ്വം വിസ്മൃതിയില്‍ ആക്കപ്പെട്ട പോയവരും, നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവ ത്യാഗം ചെയ്ത് നമുക്ക് വഴി കാട്ടികളായി നമുക്കു മുന്നിലൂടെ കടന്നു പോയവരുമായ അസംഖ്യം ധീരദേശാഭിമാനികളുടെ സ്മരണകള്‍ക്കു മുന്നിലുള്ള പ്രണാമം കൂടിയാണ് ഈ സംരംഭം. മുമ്പ് പാഠപുസ്തക താളുകളില്‍ എങ്കിലും ഇടം പിടിച്ചിരുന്ന ഇവര്‍ ഇന്ന് എല്ലാ മേഖലകളിലും വിസ്മരിക്കപ്പെടുകയാണ്.
ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന പ്രതീകങ്ങളില്‍ ഒന്നായ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഭാരതത്തിന്റെ ഏകതയുടെ പ്രതീകം കൂടിയാണ്. ഭാരതത്തില്‍ ചരിത്രാതീത കാലം മുതല്ക്കു തന്നെ സാംസ്കാരികമായ ഏകത നിലനിന്നിരുന്നുവെങ്കിലും അതിന് രാഷ്ട്രീയമായ ഏകത ഉണ്ടാക്കിയത് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ എന്ന ഉരുക്കു മനുഷ്യന്റെ ദൃഢനിശ്ചയം ഒന്നു കൊണ്ടു മാത്രമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ 565 നാട്ടുരാജ്യങ്ങളായി നിന്നിരുന്ന ഒരു പ്രദേശത്തെ ഒരു കൊടിക്കീഴില്‍ അണിനിരത്താനായതു മാത്രമല്ല അദ്ദേഹത്തിന്റെ മഹത്വം. നമ്മുടെ രാജ്യത്തിന് നല്ലൊരു ദിശാബോധം നല്കുവാനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ നെഹൃു പിന്തുടര്ന്നു വന്ന അഴകൊഴമ്പന്‍ നയങ്ങള്‍ അതിനെ പിന്നോട്ടടിക്കുകയും ചെയ്തു.
ഇതിന്റെ പേരില്‍ ഇവര്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിക്കുകയും പട്ടേലിനെ അവഗണിക്കാന്‍ ശ്രമം നടക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്നും അദ്ദേഹത്തിന് രാജ്യത്ത് ഉചിതമായ സ്മാരകം ഉയരാതിരിക്കാനും അദ്ദേഹത്തിന്റെ സ്മരണകളെ പാഠപുസ്തകങ്ങളില്‍ നിന്നുവരെ അകത്താനും ഇടയാക്കിയത്.
ഈയൊരു സാഹചര്യത്തിലാണ് പട്ടേലിന് അര്‍ഹമായ ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന ആശയം ഉയര്‍ന്നുവന്നതും അതിനായി സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ ഏകതാ ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചതും. ഈ ട്രസ്റ്റാണ് ഇപ്പോള്‍ സ്റ്റാച്ച്യു ഓഫ് യൂണിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളതും.
സ്റ്റാച്ച്യു ഓഫ് യൂണിറ്റി എന്നത് സര്‍ദാര്‍ സരോവര്‍ നദിയില്‍ നിര്‍മ്മിക്കുന്ന കേവലം 182 അടി ഉയരമുള്ള പ്രതിമ മാത്രമല്ല. അത് ലോകത്തിന് മുമ്പില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്ന ഭാരതത്തിന്റെ അഭിമാനത്തിന്റേയും എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തിന്റേയും പ്രതീകം കൂടിയാണ്. സ്റ്റാച്ച്യു ഓഫ് യൂണിറ്റിയുടെ ഭാഗമായി ലോകത്തെ പട്ടേലിന്റെ കാല്ക്കീഴില് എത്തിക്കുവാനുള്ള നിരവധിയായ പദ്ധതികളും ഉള്‍പ്പെടുന്നു. ഇതിനോട് അനുബന്ധിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തേയും രാഷ്ട്രീയ ഏകതയ്ക്കായി പട്ടേല്‍ നല്‍കിയിട്ടുള്ള സംഭാവനകളേയും വിവരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു മ്യൂസിയം, അവിസ്മരണീയമായ പൂന്തോട്ടം, പ്രതിമ സ്ഥിതിചെയ്യുന്ന ദ്വീപിനെ കരയുമായി ബന്ധിക്കുന്ന പാലം, പതിനയ്യായിരം പേര്‍ക്ക് പ്രതിമ വീക്ഷിക്കുവാന്‍ സൗകര്യമുള്ള സന്ദര്‍ശന ഗാലറി, വിശാലമായ പാര്‍ക്കിംഗ് , റോഡ് സൗകര്യങ്ങള്‍,ഹോട്ടല്‍, കണ്വന്ഷന് സെന്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാം ഈ ബൃഹത് സംരംഭത്തില്‍ ഉള്‍പ്പെടും.
ഇതിനെല്ലാം പുറമെ ഭാരതത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയ്ക്ക് പട്ടേല്‍ നല്‍കിയിട്ടുള്ള സംഭാവനകളെ മാനിച്ച് അന്തര്‍ദേശീയ നിലവാരത്തിലുള്ള കാര്‍ഷിക പഠന കേന്ദ്രവും സര്‍വ്വകലാശാലയും ഉണ്ടാകും. പുതിയ തരം കൃഷി രീതികളെക്കുറിച്ചും, വിളകളെക്കുറിച്ചും റിസേര്ച്ചുകളും പഠനങ്ങളും ഇവിടെ നടക്കും. ഭാരതത്തിലെ ആദിവാസി മേഖലകളിലെ ആളുകളുടെ സര്വ്വതോന്മുഖമായ ക്ഷേമത്തിനും ഉന്നമനത്തിനും ഉപകരിക്കുന്ന ആദിവാസി പഠന കേന്ദ്രവും ഇതിനോടൊപ്പം തന്നെ നിര്‍മ്മിക്കും.
ഇത്തരത്തില്‍ നിരവധി ബൃഹത്തായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേവലം പ്രതിമ നിര്‍മ്മാണം എന്നതിനപ്പുറം കര്‍ഷകരേയും, ആദിവാസികളേയും അവരുടെ വിഷയങ്ങളേയും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളേയും, അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുവാന്‍ ഉതകുന്ന അനിര്‍വചനീയമായ പദ്ധതിയാണ് സ്റ്റാച്ച്യു ഓഫ് യൂണിറ്റിയിലൂടെ നടപ്പിലാക്കാന്‍ പോകുന്നത്.
ഭാരതത്തിന്റെ ഏകതയുടെ ബിംബം നിര്‍മ്മിക്കപ്പെടുന്നത് സര്‍ദാര്‍ സരോവര്‍ നദിയിലാണങ്കിലും ഐക്യത്തിന്റെ കാഹളം ഉയരാന്‍ പോകുന്നത് ഭാരത്തിന്റെ ഓരോ ഗ്രാമങ്ങളില്‍ നിന്നുമായിരിക്കും. ഏഴു ലക്ഷം ഗ്രാമങ്ങളില്‍ നിന്നുമായി കോടിക്കണക്കിന് ജനങ്ങളെ ഇതുമായി ബന്ധിപ്പിക്കും.
ഏകതയുടെ പ്രതിമ നിര്‍മ്മിക്കുന്നതിനാവശ്യമായ ഉരുക്കു ശേഖരിക്കുന്നതാവട്ടെ ഭാരതത്തിലെ ഗ്രാമ പ്രദേശങ്ങളിലെ കര്‍ഷകരില്‍ നിന്നുമാണ്. ഓരോ ഗ്രാമത്തില്‍ നിന്നും ഒരു കര്ഷകന് ഉപയോഗിച്ചതിനു ശേഷം ഉപേക്ഷിക്കപ്പെട്ട പണി ആയുധം എന്ന നിലയില്‍ ഏകദേശം ഏഴു ലക്ഷം കിലോ ഉരുമ്പ് ശേഖരിച്ചാണ് പ്രതിമയ്ക്ക് ആവശ്യമായ ഉരുക്ക് നിര്‍മ്മിക്കുന്നത്. അതേപോലെ തന്നെ പ്രതിമയുടെ അടിത്തട്ടില്‍ നിക്ഷേപിക്കുവാനുള്ള മണ്ണും ഇതേരീതിയില്‍ തന്നെയാണ് സമാഹരിക്കുന്നതും. ഭാരതത്തിന്റെ മുഴുവന്‍ ഗ്രാമങ്ങളില്‍ നിന്നും ഒരു കിലോ എന്ന കണക്കില്‍ ശേഖരിക്കുന്ന മണ്ണായിരിക്കും പ്രതിമയുടെ കാല്ച്ചുട്ടില് ഉണ്ടാവുക. അതിലൂടെ ലക്ഷ്യം വയ്ക്കുന്നത് പട്ടേല്‍ നമുക്ക് സമ്മാനിച്ച ഭാരതത്തിന്റെ രാഷ്ട്രീയ ഐക്യം കാത്തു സൂക്ഷിക്കുക എന്നതു തന്നെയാണ്. ഭാരതത്തിലെ മുഴുവന്‍ ഗ്രാമങ്ങളുടേയും ഗ്രാമ വാസികളുടേയും ഏകതയാകും ഈ പ്രതിമ നിര്‍മ്മാണത്തിലൂടെ സാധ്യമാക്കുവാന്‍ പോകുന്നത്.
രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വിഘടന വിധ്വംസക ശക്തികള്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദേശീയ ബോധത്തേയും ഐക്യത്തേയും ഊട്ടി ഉറപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തന പദ്ധതികളാണ് ഇതിനോടൊപ്പം നടക്കുന്നത്. സര്‍ദാര്‍ പട്ടേലിന്റെ ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 15 ന് ഈ സന്ദേശങ്ങള്‍ ഉയര്‍ത്തിപിടിച്ച് കൂട്ടഓട്ടങ്ങള്‍ സംഘടിപ്പിക്കുവാനും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഏകതാ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. 565 നാട്ടു രാജ്യങ്ങളെ പട്ടേല്‍ ഭാരതത്തോട് ലയിപ്പിച്ചതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ഭാരതത്തില്‍ എമ്പാടുമുള്ള 565 കേന്ദ്രങ്ങളിലാണ് ഒരേ സമയം കൂട്ട ഓട്ടം സംഘടിപ്പിക്കുന്നത്.
ഇതിനു പുറമെ ഭാരതത്തിലെ സെക്കന്ററി സീനിയര്‍ സെക്കന്ററി സ്കൂളുകളെ പങ്കെടുപ്പിച്ച് ദേശീയ ഏകത എന്ന വിഷയത്തില്‍ ഉപന്യാസ മത്സരങ്ങളും നടത്തും. പതിനൊന്ന് പ്രാദേശിക ഭാഷകളിലും, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും കുട്ടികള്‍ക്ക് ഉപന്യാസങ്ങള്‍ തയ്യാറാക്കാം. സ്കൂള്‍ തലം മുതല്‍ ദേശീയതലം വരെ മത്സരങ്ങള്‍ നടക്കും. വിവിധ തലങ്ങളില്‍ വിജയികളാകുന്ന സ്കൂളുകള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വലിയ തോതിലുള്ള ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും.
ഭാരതത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികളേയും സ്റ്റാച്ച്യു ഓഫ് യൂണിറ്റിയുമായി ബന്ധിപ്പിക്കുന്നതിന് ഫോട്ടോ കോളേജ് എന്ന പദ്ധതിയും ഉണ്ട്. തയ്യാറുള്ള മുഴുവന്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടേയും ഫോട്ടോകള്‍ ഒറ്റക്കോ മുഴുവന്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന ഗ്രൂപ്പായോ ശേഖരിച്ച് പ്രതിമ നിര്മ്മാണത്തോടൊപ്പമുള്ള മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയും സൊവീനിയറില് ഉള്‍പ്പെടുത്തി അവര്‍ക്ക് അയച്ചു നല്‍കുകയും ചെയ്യും. ജാതി, മത, വര്‍ഗ്ഗ , രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഭാരതത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരം പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്.
അതുകൊണ്ട് തന്നെ ഇത് കേവലം ഒരു പ്രതിമാ നിര്‍മ്മാണത്തില്‍ ഒതുങ്ങുന്ന പദ്ധതിയല്ല. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികള്‍ക്കുള്ള പ്രണാമമാണ്.
സന്തോഷ് അറയ്ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: