കോട്ടയം: ക്രൈസ്തവ പ്രീണനത്തിന് പള്ളിവരെ നിര്‍മ്മിച്ചു നല്കാന് തയ്യാറായിട്ടും സിപിഎമ്മുമായി സഹരിക്കാന്‍ വിവിധ ക്രൈസ്തവസഭകള്‍ തയ്യാറാകുന്നില്ല. സ്വാശ്രയ കോളേജ് വിഷയത്തിലുള്ള വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരുമായും സിപിഎമ്മുമായും ഏറ്റുമുട്ടിയ വിവിധ ക്രൈസ്തവ സഭകള്‍ ഇതുവരെ ഒത്തുതീര്‍പ്പിന് തയ്യാറായിട്ടില്ല. സഭയിലെ ഏറ്റവും പ്രധാനപ്പെട്ടത് അതിരൂപതയായ ചങ്ങനാശേരി അതിരൂപത പൊതുപരിപാടികളില്‍ ഒന്നുംതന്നെ സിപിഎമ്മുകാരായ ജനപ്രതിനിധികളെ സഹകരിപ്പിക്കാന്‍ തയ്യാറായിട്ടില്ല.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ജില്ലകളിലായാണ് ചങ്ങനാശേരി അതിരൂപതയുടെ പ്രവര്‍ത്തനം. സഭയ്ക്ക് സ്വാധീനമുളള പലപ്രദേശങ്ങളിലും എംഎല്‍എമാര്‍ സിപിഎം കാരാണെങ്കിലും പരിപാടികളില്‍ യുഡിഎഫ് വിധേയത്വമാണ് അതിരൂപത പിന്തുടരുന്നത്. ഏറ്റവും ഒടുവിലായി അതിരൂപതയുടെ കീഴിലുള്ള 108 സ്കൂളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന അതിരൂപതാ കോര്‍പറേറ്റ് മാനേജ്മെന്റ് വജ്രജൂബിലി ആഘോഷപരിപാടികളിലും ഇടതു ജനപ്രതിനിധികളെ ഒഴിവാക്കി. യുഡിഎഫ് കാരായ ജനപ്രതിനിധികളെയാണ് ആദ്യന്തം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അതിരുപതയുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ സിപിഎംകാരായ എംഎല്‍എമാരെപ്പോലും ആഘോഷപരിപാടികളില്‍ ഉള്‍പ്പെടുത്താതെ വ്യക്തമായ സന്ദേശമാണ് സഭ സ്വന്തം മതാനുയായികള്‍ക്ക് നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ക്രൈസ്തവ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള കോട്ടയം, ഇടുക്കി ജില്ലകളില്‍ മതപ്രീണനത്തിന് സിപിഎം തയ്യാറെടുക്കുന്നത്.
പശ്ചിഘട്ടസംരക്ഷണ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രക്ഷോഭത്തില്‍ വരെ സഭകളുമായി സിപിഎം യോജിച്ച് പ്രക്ഷോഭം നടത്താന്‍ തയ്യാറായത് ഇതിന്റെ ഭാഗമായാണ്. അതിനിടെ യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ എന്‍എസ്എസ്സുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്ന നിലപാടില്‍ നിന്നും ചങ്ങനാശേരി അതിരൂപത പിന്നോക്കം പോയിരിക്കുകയാണ്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: