തിരുവനന്തപുരം: സിപിഐ സംസ്ഥാന കണ്ട്രോള് കമ്മീഷന് സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ആന്റണി തോമസ്(79) അന്തരിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ആലുവ ചെവ്വര മുളവരിക്കല്‍ വീട്ടില്‍ തോമസിന്റേയും റോസമ്മയുടേയും എട്ടുമക്കളില്‍ മൂത്തമകനാണ്. തിരുവനന്തപുരം പിടിപി നഗര്‍, 249 റോലസന്നയിലായിരുന്നു താമസം.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ് ആശയത്തില്‍ ആകൃഷ്ടനായ ആന്റണി തോമസ് 1957 മുതല്‍ 62 വരെ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നാണ് ഡിഗ്രി കരസ്ഥമാക്കിയത്. മോസ്ക്കോയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദമെടുത്തു. ജനയുഗം മുഖ്യപത്രാധിപരായും പ്രഭാത് ബുക്ക് ഹൗസില്‍ എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സംസ്ഥാന വിനോദ സഞ്ചാര വികസന കോര്പ്പറേഷന്, കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്്രെപെസസ് എന്നിവയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചു.
തിരുവനന്തപുരത്ത് കിംസ് ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ 11 മണിവരെ സിപിഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. 11 മണിക്ക് പി.ടി.പി നഗറിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഉച്ചക്ക് ലൂര്‍ദ് പള്ളിയില്‍ വച്ചശേഷം മാര്‍ ഇവാനിയോസ് കോളജ് പരിസരത്തെ സെമിത്തേരിയില്‍ സംസ്കരിക്കും. സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷനിലെ ജീവനക്കാരിയായിരുന്ന അല്‍ഫോണ്‍സ് ആണ് ഭാര്യ. മക്കള്‍. റോസ്, അനു. മരുമക്കള്‍. ജോമോന് വല്ലാട്ട്, ആനന്ദ് ക്രിസ്റ്റി. സിപിഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്, സി. ദിവാകരന് തുടങ്ങിയവര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: