തിരുവനന്തപുരം: ‘ആദ്യത്തതെന്തും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം നിങ്ങള്‍ക്കായുള്ളതാണ്.’ മലയാളിയുടെ പ്രിയപ്പെട്ട സംവിധായകന് ബാലചന്ദ്രമേനോന് തന്റെ ജീവിതഗന്ധിയായ ഫോട്ടോകള്‍ ആസ്വാകരുമായി പങ്കുവയ്ക്കുന്നത് ഈ വാചകത്തോടെയാണ്. 36 വര്‍ഷങ്ങള്‍ സിനിമയ്ക്കും ജീവിതത്തിനുമൊപ്പം നടന്നതിന്റെ ‘ഓര്‍മ്മകള്‍’ പ്രദര്‍ശിപ്പിച്ച് ബാലചന്ദ്രമേനോനൊരുക്കിയ വിരുന്ന് തലസ്ഥാന വാസികള്‍ക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍പോലെ ഹൃദ്യമായ അനുഭവമായി.
തന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് സമയത്തെ ചിത്രങ്ങള്‍ മുതല്‍ ഇതുവരെയുള്ള സിനിമകളുടെ പോസ്റ്ററുകളും അപൂര്‍വ്വ ചിത്രങ്ങളും കോര്‍ത്തിണക്കിയ പ്രദര്‍ശനം ആസ്വാദകര്‍ക്കു മുന്നില്‍ ഒരു കാലഘട്ടത്തെയാണ് ഓര്‍മ്മിപ്പിച്ചത്. കൊച്ചു കുട്ടിയായ ബാലചന്ദ്രമേനോന് മുതല്‍ അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകനായ മേനോന് വരെയുള്ളവര്‍ ചിത്രത്തിലുണ്ട്. കൊല്ലം ഫാത്തിമാ മാതാ കോളേജില്‍ ഒന്നാം വര്‍ഷ പിഡിസിക്ക് പഠിക്കുമ്പോള്‍ കോളേജ് മാഗസിനിലെഴുതിയ കഥയും പ്രദര്‍ശനത്തിനുണ്ട്. അതായിരുന്നു ആദ്യ കഥ. ആ കഥയും സിനിമയെ കുറിച്ചായിരുന്നു. പിന്നീട് വിദ്യാഭ്യാസ കാലത്ത് വവിധ കലാമത്സരങ്ങളില്‍ വിജയിയായ വിദ്യാര്‍ത്ഥിയില്‍ നിന്ന് അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകനിലേക്ക് വളര്‍ന്ന അദ്ദേഹത്തിന്റെ ജീവിത വഴികളാണ് ചിത്രങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
1978 ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്റെ ഉത്രാടരാത്രിമുതല് 2008 ലെ ‘ദേ ഇങ്ങോട്ടു നോക്കിയെ’ വരെയുള്ള സിനിമകളഉടെ പോസ്റ്ററുകളുടെ പ്രദര്‍ശനവും ഒപ്പമുണ്ടായിരുന്നു. കുടുംബ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയില്‍ ബാലചന്ദ്രമേനോന് എന്നും സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരവും സംവിധായകനുമാണ്. പ്രേക്ഷകര്‍ ഏറ്റുവാങ്ങിയ നിരവധി ബാലചന്ദ്രമേനോന് ചിത്രങ്ങളിലൂടെയുള്ള സഞ്ചാരം കൂടിയായിരുന്നു പ്രദര്‍ശനം. പ്രേംനസീര്‍, മധു, വേണുനാഗവള്ളി, തിലകന്, നെടുമുടിവേണു, അടൂര്‍ഭാസി തുടങ്ങിയ പ്രഗത്ഭരായ അഭിനേതാക്കള്‍ക്കൊപ്പമുള്ള മേനോന് സിനിമകളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു അത്.
മേനോന് കൈവയ്ക്കാത്ത മേഖലകളില്ല. കഥ, തിരക്കഥ, സംഭാഷണം, സിനിമ സംവിധാനം, എഴുത്ത്, പത്രപ്രവര്‍ത്തനം തുടങ്ങി കര്‍മ്മ മേഖല അവസാനിക്കുന്നതേയില്ല. 2014ല്‍ പുതിയൊരു കുടുംബചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനൊരുങ്ങുന്നു എന്ന സൂചനയും അദ്ദേഹം നല്കി. മേനോന്റെ സിനിമാജീവിത്തിന്റെ 36-ാം വാര്‍ഷികത്തോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന പ്രദര്‍ശനം കാണാന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളുമെത്തി.
പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ അച്ചുവേട്ടന്റെ വീട് എന്ന സിനിമയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു. നടന് നെടുമുടി വേണു മുഖ്യപ്രഭാഷണം നടത്തി. 450 ഏളം സിനിമകളില്‍ അഭിനയിച്ചെങ്കിലും താന്‍ ആത്മാവ് സമര്‍പ്പിച്ച അപൂര്‍വ്വം കഥാപാത്രങ്ങളിലൊന്ന് അച്ചുവേട്ടനാണെന്ന് നെടുമുടി വേണു പറഞ്ഞു. കെ. മുരളീധരന് എം.എല്‍.എ, എം. വിജയകുമാര്‍, ഭാഗ്യലക്ഷ്മി, കവയത്രി റോസ്മേരി, രാധാലക്ഷ്മി പത്മരാജന്, സംവിധായകന് മോഹന്‍, ജലജ എന്നിവര്‍ സംസാരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: