സീതാറാം യച്ചൂരി സിപിഎമ്മിന്റെ തലച്ചോറായി അറിയപ്പെടുന്ന നേതാവാണ്. നയപരമായ കാര്യങ്ങളിലും സാമ്പത്തികവും രാജനൈതികവുമായ പ്രത്യയശാസ്ത്ര വിഷയങ്ങളിലും ഇന്ത്യയില്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ അവസാന വാക്ക് സീതാറാം യച്ചൂരിയാണ്. പ്രകാശ് കാരാട്ടിനു ശേഷം ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത ജനറല്‍ സെക്രട്ടറിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നതും യച്ചൂരിക്കു തന്നെ.
ഇക്കാര്യങ്ങളെല്ലാം കൊണ്ട് സീതാറാം യച്ചൂരിക്ക് മാധ്യമങ്ങളും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുമൊക്കെ വലിയ പരിഗണന കൊടുക്കാറുമുണ്ട്. പാലക്കാട് സിപിഎം സംസ്ഥാന പ്ലീനത്തോടനുബന്ധിച്ച് യച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ നയരേഖ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ദേശീയ തലത്തില്‍ മൂന്നാംശക്തിക്ക് രൂപം നല്കാന് പാര്‍ട്ടി ശ്രമിക്കുകയാണെന്നാണ് യച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ നയരേഖയില്‍ പറയുന്നത്. തീര്‍ച്ചയായും ഇത്തരമൊരു നിലപാട് ഇടതുപക്ഷ രാഷ്ട്രീയ നിലപാട് മുറുകെപ്പിടിക്കുന്നവരെ സന്തോഷിപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് പിന്തുടരുന്ന ആഗോളീകരണ നയങ്ങളും ബിജെപിയുടെ വര്‍ഗ്ഗീയതയുമാണ് ഇവര്‍ക്കെതിരെ സന്ധിയില്ലാതെ പോരാടാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നതെന്നും യച്ചൂരി അവതരിപ്പിച്ച നയരേഖയില്‍ പറയുന്നു. ഇപ്പറയുന്നതില് ആ പാര്‍ട്ടിക്കും അതിന്റെ നേതൃത്വത്തിനും എത്രമാത്രം വിശ്വാസം ഉണ്ടെന്നതാണ് കാതലായ ചോദ്യം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകള്‍ പരിശോധിച്ചാല്‍ ഇപ്പറയുന്നതെല്ലാം ശുദ്ധതട്ടിപ്പാണെന്ന് മനസിലാകും. ഇന്ത്യയില്‍ ആഗോളവത്കരണത്തിന് തുടക്കമിടുന്നത് 1991 ല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്.
നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍.. ഒരു ബഹുഭാഷാ പണ്ഡിതനായിരുന്ന റാവു കഴിവുറ്റ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആയിരുന്നു റാവുവിന്റെ ധനകാര്യമന്ത്രി. ജെയിനെവ ചര്‍ച്ചകളുടെ തുടര്‍ച്ചയെന്നോണം ലോകത്താകമാനം മൂന്നാം ലോക രാജ്യങ്ങള്‍ ഒന്നാം ലോകത്തിനായി കമ്പോളവും സമ്പദ് വ്യവസ്ഥയും തുറന്നുകൊടുത്തുകൊണ്ടിരുന്നു.
ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നിര്‍ദ്ദേശങ്ങള്‍ ലോകത്തെ ഒരു കമ്പോളമാക്കി മാറ്റിക്കൊണ്ടിരുന്നു. ഇതിനെതിരെ കുറഞ്ഞപക്ഷം ഗ്രാമീണ സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന മൂന്നാം ലോകരാജ്യങ്ങളെങ്കിലും എതിര്‍പ്പുമായി രംഗത്തെത്തുമെന്നായിരുന്നു ലോകം കരുതിയത്. തീര്‍ച്ചയായും അത്തരമൊരു ദൗത്യത്തിന് മുന്‍കൈയെടുക്കേണ്ടത് ഇന്ത്യയെപ്പോലെ നൂറുകോടി ജനങ്ങളുള്ള ഒരു മൂന്നാം ലോകരാജ്യത്തിന്റെ കടമയായിരുന്നു. പ്രത്യേകിച്ചും ഈ കമ്പോള വത്കരണത്തിന്റെ അനിവാര്യമായ ദുരന്തങ്ങള്‍ ഒട്ടേറെ സാമ്പത്തിക വിദഗ്ധര്‍ നിരന്തരമായി ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തില്‍. എന്നാല്‍ നരസിംഹറാവുവും മന്മോഹന് സിംഗും ചെയ്തതെന്താണ്. തലകുനിക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുകയായിരുന്നു കോണ്‍ഗ്രസ് ഭരണകൂടം. 91 മുതല്‍ 96 വരെയുള്ള കോണ്‍ഗ്രസ് ഭരണം അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആഗോളീകരണം അതിന്റെ പ്രത്യാഘാതങ്ങള്‍ ഏല്‍പ്പിച്ചത് ഈ അഞ്ചു വര്‍ഷമായിരുന്നു. അതിന് കാരണമായതാകട്ടെ മന്മോഹന് സിംഗ് എന്ന ധനകാര്യ മന്ത്രിയുടെ ലോകബാങ്ക് വിധേയത്വവും. റാവു എല്ലാത്തിനും മൗനാനുവാദം നല്കുന്ന പ്രധാനമന്ത്രിയായിരുന്നു. സഭയില്‍ ന്യൂനപക്ഷമായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ പലപ്പോഴും സഹായിച്ചത് ഇടതു പക്ഷമായിരുന്നു. ഒരിക്കല്‍പോലും ആഗോളീകരണ അജണ്ടക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സിപിഎം സ്വീകരിച്ചിട്ടില്ല എന്നതാണ് സത്യം. കഴിഞ്ഞ പത്തു വര്‍ഷമായി മന്മോഹന് സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്താണ്. ഈ കാലഘട്ടമത്രയും യുപിഎ സര്‍ക്കാരിനെ സംരക്ഷിച്ചു നിര്‍ത്തിയത് ഇടതുപക്ഷമാണ്. ആസിയാന്‍ കരാറിന്റെ കാര്യത്തില്‍ രാജ്യമൊന്നാകെ ഉയര്‍ന്ന എതിര്‍പ്പുകളെ കണ്ടില്ലെന്നു നടിച്ച് മന്മോഹന് സര്‍ക്കാര്‍ കരാറൊപ്പിട്ടു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഓഹരി വിപണികളെല്ലാം വിദേശ ഫണ്ടുകള്‍ക്കായി തുറന്നുകൊടുത്തു. 70 ശതമാനവും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ആശ്രയിച്ച് കഴിയുന്ന ഒരു രാജ്യത്തിന് ഈ വിദേശ കടന്നുവരവിനെ ആരോഗ്യകരമായി ചൂഷണം ചെയ്യുവാനോ മത്സരിച്ചു നില്‍ക്കാനോ കഴിയില്ലെന്ന് ഇന്ത്യന്‍ പണ്ഡിറ്റുകള്‍ ഓര്‍ത്തില്ല. ഈ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളെല്ലാം നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ സഹായിച്ചത് ഇടതുപക്ഷമാണ്. ആഗോളീകരണ അജണ്ട നടപ്പാക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇടതുപക്ഷം മനസ്സുവച്ചിരുന്നുവെങ്കില്‍ എന്നേ അധികാരത്തില്‍ നിന്ന് പുറത്താക്കാമായിരുന്നു എന്നതാണ് വസ്തുത.
രാജ്യം ഇന്ന് നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പോലും ഈ സര്‍ക്കരിന്റെ നയവൈകല്യം മൂലം ഉണ്ടായതാണ്. യഥാര്‍ത്ഥത്തില്‍ വാക്കുകളിലല്ലാതെ ആഗോളീകരണത്തെയോ കോണ്‍ഗ്രസിനേയോ എതിര്‍ക്കാന്‍ സിപിഎമ്മിന് താത്പര്യമില്ല. ബിജെപിയെ എതിര്‍ക്കാന്‍ വേണ്ടി കോണ്‍ഗ്രസിന്റെ ബി ടീമാകാന്‍ അവര്‍ തയ്യാറുമാണ്. പിന്നെ എന്തിനാണ് യച്ചൂരിയെപ്പോലുള്ളവര്‍ ഇങ്ങനെയുള്ള നയരേഖകള്‍ അവതരിപ്പിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പ്രധാനമായും സീറ്റുകള്‍ ലഭിക്കേണ്ടത് കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമാണ്. ഇവിടെയാകട്ടെ മുഖ്യ രാഷ്ട്രീയ എതിരാളി കോണ്‍ഗ്രസും. തെരഞ്ഞെടുപ്പ് കഴിയും വരെ കോണ്‍ഗ്രസിനെ എതിര്‍ത്ത് സംസാരിക്കുക. തെരഞ്ഞടുപ്പിനു ശേഷം കോണ്‍ഗ്രസുമായി കൈകോര്‍ക്കുക. ആഗോളീകരണ നയങ്ങള്‍ ആയാലും അഴിമതി ആയാലും വിരോധമില്ല. ഇതാണ് സിപിഎമ്മിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ ലൈന്‍. യച്ചൂരി എന്ത് പ്രസംഗിച്ചാലും.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: