മാധ്യമപ്രവര്‍ത്തന മേഖലയില്‍ ഒളിഞ്ഞുനോട്ടം ഒരു കലയായി വികസിപ്പിച്ചെടുത്ത ആളാണ് തരുണ്‍ തേജ്പാല്‍. ഒരു പീപ്പിംഗ് ടോം. വിദ്വാന് എല്ലാവര്‍ഷവും സംഘടിപ്പിച്ചുപോരുന്ന ചിന്താമഹോത്സവത്തിന്റെ പ്രേരണ ഇക്കുറി വെളിച്ചത്തായതിന്റെ ഒച്ചപ്പാട് അടങ്ങുന്നില്ല. രാവിലെ വീട്ടുമുറ്റത്തെത്തിയ ഗോവാപോലീസിന്റെ തലവെട്ടം കണ്ടപ്പൊഴേ അടുക്കളവാതിലില്‍ കൂടി മുങ്ങിയ വേന്ദ്രനാണ് തേജ്പാല്‍.
തെഹല്‍ക.കോമില് ഒപ്പം പ്രവര്‍ത്തിച്ചുപോരുന്ന ഒരു പെണ്‍കുട്ടിയെ ബലാല്കാരം ചെയ്യാന്‍ തുനിഞ്ഞതിന്റെ പേരിലാണ് ഗോവപോലീസ് ഇയാളെ പിടിക്കാന്‍ ദല്‍ഹിക്ക് വണ്ടി കയറിയത്. സംഭവം ഇങ്ങനെയാണ്. ഗോവയില്‍ തിങ്ക് ഫെസ്റ്റിവലിനിടയില്‍ തേജ്പാല്‍ ഒരു പീതാംബരക്കുറുപ്പായി. ഇരയായത് മകളുടെ മാത്രം പ്രയമുള്ള ഒരു മാധ്യമപ്രവര്‍ത്തക. അതും സ്വന്തം സ്ഥാപനത്തില്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഒരുവള്‍. സംഗതി വഷളായപ്പോള്‍ പുള്ളി ദല്‍ഹിക്കു കടന്നു.
അവിടെയാകുമ്പോള്‍ സകലമാന പീഡനവീരന്മാര്ക്കും സുരക്ഷ ഒരുക്കുന്നതില്‍ ബദ്ധശ്രദ്ധയായ ഷീലാദീക്ഷിതാണ് മുഖ്യമന്ത്രി. കോണ്‍ഗ്രസ് ഭരിക്കുന്നതിന്റെ ഒരു ഗുണം ഇതാണ്. ഇരയായവള്‍ വേട്ടക്കാരനെ തൊട്ടുകാണിച്ചാലും അനങ്ങില്ല. പീതാംബരക്കുറുപ്പിനെയെന്നപോലെ തേജ്പാലിനെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യില്ല. കുറുപ്പ്മുതല്‍ രാഹുല്‍ഗാന്ധി വരെയുള്ള മിക്കവാറും എല്ലാ കോണ്‍ഗ്രസുകാരും ഇടപെട്ട് ശീലമുള്ള ഒരു കേസാണിത്. മാത്രമല്ല ഇത് തരുണ്‍ തേജ്പാലാണ്. ഇയാള്‍ എന്നും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ള ബിജെപി വിരുദ്ധശക്തികള്‍ക്ക് പ്രിയങ്കരനായിരുന്നു. അതുകൊണ്ടൊക്കെത്തന്നെ തേജ്പാല്‍ ചെയ്തത് ഒരു വലിയ തെറ്റാണെന്ന് അവരാരും സമ്മതിച്ചു തരില്ല, അല്ലെങ്കില്‍ നോക്കണം ഈ പെണ്ണുപിടിയനെ കയ്യാമം വെക്കണമെന്ന് ബിജെപിയല്ലാതെ ഏതെങ്കിലും പാര്ട്ടിക്കാര് ആവശ്യപ്പെട്ടിട്ടുണ്ടോ? തേജ്പാല്‍ നിലനില്‍ക്കേണ്ടത് അവരുടെയൊക്കെ ആവശ്യമാണ്. അയാള്‍ ചെയ്തത് മാര്‍ക്സിസ്റ്റ് പ്രവാചക പ്രമാണമുദ്ധരിച്ചാല്‍ പ്രകൃതിയുടെ പ്രതിഭാസം മാത്രമാണ്. ഒരു ചായകുടി പോലെ, ബീഡിവലി പോലെ എഴുതിത്തള്ളാവുന്ന കേവലവിനോദം. എന്നിട്ടും തല്പരകക്ഷികള് തേജ്പാലിനെ ചെളിവാരിയെറിയുകയാണ്.
മനുഷ്യന് പട്ടിയെ കടിക്കുന്നതാണ് വാര്‍ത്ത. മറിച്ചുണ്ടാകുന്നത് പ്രകൃതിയാണ്. ഇവിടെ ലോകമാസകലം നടന്ന ഇത്തരം വൃത്തികേടുകള്‍ പൊടിപ്പും തൊങ്ങലും വെച്ച് വിളമ്പി മാധ്യമപ്രതിഭാ പട്ടം സ്വന്തമാക്കിയ ഒരാള്‍ തന്നെ കൈവിട്ടുകളിച്ചിരിക്കുന്നു എന്നതാണ് വിഷയം. പത്രപ്രവര്‍ത്തകര്‍ തെരുവ് നീളെ തല്ല് വാങ്ങാനിടയായ സാഹചര്യം എങ്ങനെയുണ്ടായി എന്ന ചിന്തയ്ക്ക് മറുപടിയായി മലയാളത്തിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിരല്‍ചൂണ്ടിയത് തരുണ്‍ തേജ്പാലിന് നേരെയാണ്. പൊതുസമൂഹത്തിന്റെ സ്വകാര്യതകളിലേക്ക് നുഴഞ്ഞുകയറുകയും ഒളിഞ്ഞു നോക്കുകയുംചെയ്ത് അതിനെ വികൃതഭാവനകള്‍ക്ക് വിധേയമാക്കി സമൂഹത്തെ മലിനീകരിക്കുന്ന ഇത്തരക്കാരാണ് ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ അടിവാരം തോണ്ടുന്നതെന്ന് സാരം. മഹനീയമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രത്തെയും ചാരിത്ര്യത്തെയും ഒരുകൂട്ടം ഞരമ്പുരോഗികള്‍ വിറ്റുതിന്നുന്നതിന്റെ ഉദാഹരണമായാണ് ഇത് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ലുക്കില്‍ മാത്രമല്ല വര്‍ക്കിലും ഒരു സന്തോഷ് മാധവനാണ് തെഹല്‍ക മേധാവി. അമ്പതുകാരനായ തരുണ്‍ തേജ്പാല്‍ കുപ്രസിദ്ധനാകുന്നത് അടല്‍ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ രാജ്യം ഭരിക്കുമ്പോഴാണ്. കൃത്യമായിപറഞ്ഞാല്‍ ബിജെപി വിരുദ്ധ, ഹിന്ദു വിരുദ്ധ അജണ്ടയുമായി ആരൊക്കെയോ ചേര്‍ന്ന കെട്ടിയിറക്കിയ ഒരു തട്ടിക്കൂട്ട് സാധനമായാണ് തെഹല്‍ക്ക എന്ന ടാബ്ലോയിഡ് വായനക്കാര്‍ക്ക് അന്നേ അനുഭവപ്പെട്ടത്. ഇസ്ലാമിക മതഭീകരസംഘടനകള്‍ക്ക് പ്രിയങ്കരരായ ടീസ്റ്റ സെതല്‍വാദ് മുതല്‍ കെ.കെ. ഷാഹിന വരെയുള്ളവരുടെ തട്ടകവും താവളവുമായി തരുണ്‍ തേജ്പാലിന്റെ തെഹല്‍ക മാറിയത് ഈ അജണ്ടയുടെ ഭാഗമായാണ്. ഇന്ത്യാ ടുഡേയിലും ഔട്ട്ലുക്കിലും ഇന്ത്യന്‍ എക്സപ്രസ് ഗ്രൂപ്പിലും നിന്നാല്‍ നടപ്പാക്കാനാവാത്ത മാധ്യമതെമ്മാടിത്തത്തിന് സ്വന്തം ലാവണം സൃഷ്ടിക്കുകയായിരുന്നു 2000ല്‍ തേജ്പാല്‍ തെഹല്‍കയിലൂടെ.
പിന്നീടാണ് തെഹല്‍കയിലൂടെ ചീഫ് എഡിറ്ററുടെ ‘പരിസ്ഥിതിലോല പ്രദേശങ്ങള്‍’ ലോകമറിഞ്ഞുതുടങ്ങിയത്. ‘ഇന്ത്യ ഇങ്ക്’ എന്ന സ്വന്തം പ്രസാധക വിഭാഗത്തിലൂടെ അടക്കാനാവാത്ത വികാരങ്ങള്‍ക്ക് സാഹിത്യ ചമത്കാരം നല്കി ഇയാള്‍ നോവലിസ്റ്റുമായി. വേണമെങ്കില്‍ ലിഫ്റ്റിലുമാവാം എന്ന് തെളിയിച്ച ഈ ആവിഷ്കാരസ്വാതന്ത്ര്യപോരാളിയാണ് ബ്രിട്ടനില്‍ നല്കുന്ന ബാഡ് സെക്സ് ലിറ്റററി പ്രൈസ് എന്ന പുരസ്കാരത്തിന് ഒരിക്കല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടതെന്ന് ഓര്‍ക്കണം. ആല്‍കെമി ഓഫ് ഡിസൈര്‍ എന്ന കൊച്ചുപുസ്തകമാണ് ലോകോത്തര മാധ്യമപ്രവര്‍ത്തകനെ ഈ പട്ടികയിലെത്തിച്ചത്. പാപങ്ങളുടെ കഥയും മുഖംമൂടികളുടെ താഴ്വരയുമൊക്കെയാണ് വിഖ്യാതനായ ഈ നോവലിസ്റ്റിന്റെ പേരുകേട്ട സന്തതികള്‍. കേരളത്തിന്റെ സാംസ്കാരിക മുഖവാരികയെന്ന് സ്വയം ഘോഷിക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രശസ്തരായ താരാജൂണ്‍ മുതല്‍ നളിനി ജമീല വരെയുള്ളവരുടെ അഖിലേന്ത്യാ രൂപമാണ് ഇപ്പറഞ്ഞ തരുണനെന്നതിന് ഇതിനപ്പുറം തെളിവ് വേണോ! കേരളത്തിലെ തീയറ്ററുകളില്‍ ഷക്കീലോന്മാദം കത്തിപ്പടര്‍ന്ന നാളുകളിലാണ് സാംസ്കാരികവാരികകള്‍ വരെ ഇത്തരം മാംസദാഹം വിറ്റ് കാശാക്കാന്‍ ഇറങ്ങിയത്.
അന്തരീക്ഷമാകെ നീലമയമായിരുന്ന ആ കാലത്തിന്റെ ഉല്പന്നമെന്ന നിലയിലാണ് ഇമ്മാതിരി പ്രകൃതിവിരുദ്ധ ലീലാവിലാസങ്ങള്‍ക്ക് വായനക്കാരും പ്രേഷകരും ഏറിയത്. അതിന്റെയെല്ലാം പുറകേ ഒളിഞ്ഞുനോട്ടവും ഒളിക്യാമറയുമായി നടന്ന് വൃത്തികേടുകള്‍ ലൈവായും അല്ലാതെയും വിളമ്പി തേജ്പാല്‍ സ്കൂളിലെ കുട്ടികള്‍ പലര്‍ക്കും പേരുകേള്‍പ്പിച്ചു.
സ്റ്റിംഗ് ഒപ്പറേഷന് എന്ന ഒളിഞ്ഞുനോട്ടകലയുമായി തരുണ്‍ രംഗത്ത് വരുന്നത് വലിയൊരു നുണപ്രചാരണത്തിന്റെ ദൗത്യമേറ്റെടുത്താണ്. കേട്ടാലറയ്ക്കുന്ന, നട്ടാല്‍ കിളിര്‍ക്കാത്ത പച്ചക്കള്ളങ്ങള്‍ ഈ സ്റ്റിംഗ് ഒപ്പറേഷന്റെ മറവില്‍ വിറ്റഴിച്ചു. ഗുജറാത്തിലെ നരോദ പാട്യയില്‍ ഇല്ലാത്ത ഗര്‍ഭിണിയെ സൃഷ്ടിക്കുകയും അവരുടെ ദുരന്തകഥ വിവരിക്കുകയും ചെയ്തപ്പോഴാണ് ഈ മനുഷ്യന്റെ വികൃതബുദ്ധി അങ്ങേയറ്റം പത്തിവിടര്‍ത്തിയാടിയത്. ഒരു മനുഷ്യജീവിക്ക് സങ്കല്പിക്കാന് പോലുമാത്ത നെറികെട്ട കെട്ടുകഥയായിരുന്നു അത്. ഗര്‍ഭിണിയുടെ വയര്‍ ത്രിശൂലം കൊണ്ട് കുത്തിപ്പിളര്‍ന്നെന്നും അവരെ തീയിലേക്ക് വലിച്ചെറിഞ്ഞെന്നുമൊക്കെ ഈ പരിഷ്കൃത സമൂഹത്തോട് അയാള്‍ വിളിച്ചുകൂവി. ഹിന്ദു വിരുദ്ധ മാധ്യമങ്ങളും രാഷ്ട്രീയക്കാരും നൂറ്റൊന്നാവര്‍ത്തിച്ച് അത് സത്യമാക്കാന്‍ പരിശ്രമിച്ചു.
അധികാരത്തിലേക്കുള്ള കുറുക്കുവഴിയില്‍ മാഡം സോണിയ അവതരിപ്പിച്ച ഗീബല്‍സല്ലാതെ മറ്റാരുമല്ല തരുണ്‍തേജ്പാലെന്ന് കാലം തെളിയിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ കപടബുദ്ധിജീവിയുടെ ചിന്താ മഹോത്സവങ്ങള്‍ക്ക് പിന്നിലെല്ലാം ഇതിനേക്കാള്‍ ഭീകരമായ മേറ്റ്ന്തൊക്കെയോ ഉണ്ടെന്ന് വ്യക്തം. എല്ലാത്തരത്തിലും തിരിച്ചടിയാണ് സോണിയയ്ക്ക് . അതിന്റെ തുടക്കമാണ് ഗീബല്‍സിന്റെ പതനമെന്ന് കാണാതിരുന്നുകൂടാ.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: