അര്‍ധരാത്രിയില്‍ ഭോപ്പാല്‍ റയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങുമ്പോള്‍ ശ്മശാന മൂകത. കമ്പിളിയില്‍ പുതച്ച് മൂടി കിടന്നുറങ്ങുന്നവര്‍. ചാരുബഞ്ചില്‍ ഉറക്കം തൂങ്ങുന്നവര്‍. നേര്‍ത്ത വെളിച്ചം. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിഞ്ഞ ചിത്രങ്ങള്‍ വീണ്ടും മനസിലേക്ക്. പത്രങ്ങളില്‍ കണ്ട അന്നത്തെ റയില്‍വേ സ്റ്റേഷന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. ഭോപ്പാല്‍ വാതകദുരന്തചിത്രങ്ങള്‍. 29 വര്‍ഷം മുന്‍പ് ഇതേ സമയത്താണ് ഈ സ്റ്റേഷനില്‍ ആയിരങ്ങള്‍ ശ്വാസംമുട്ടി പിടഞ്ഞുമരിച്ചത്. സ്റ്റേഷന്മാസ്റ്ററുടെ മുറിക്കുമുന്നിലുടെ കടന്നപ്പോള്‍ അകത്തേക്ക് നോക്കി. ലൈറ്റും ഫാനുമെല്ലാം ഇട്ടിട്ടുണ്ടെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ഏറ്റവും മഹാനായ സ്റ്റേഷന് മാസ്റ്റര്‍ ഇരുന്ന കസേര. അതെ എച്ച് എസ് ധ്രുവ് ഇരുന്ന് മരിച്ച കസേര. വിഷവാതകം ശ്വസിച്ച് സഹപ്രവര്‍ത്തകരും യാത്രക്കാരും സ്റ്റേഷനില്‍ മരിച്ചുവീഴുന്ന വാര്‍ത്തയറിഞ്ഞ് പാതിരാത്രിയില്‍ ദൂരെയുള്ള ക്വാര്‍ട്ടേഴ്സില്‍നിന്ന് ഓടിയെത്തിയ ജനസേവകന്. ഭോപ്പാലിലേക്ക് ട്രയിനൊന്നും വിടരുതെന്ന് സമീപ സ്റ്റേഷനിലേക്കെല്ലാം സന്ദേശമയച്ച് നിരവധിപ്പേരുടെ ജീവന് രക്ഷിച്ച കര്‍മ്മയോഗി, ഫോണ്‍ വിളിച്ചുകൊണ്ടുതന്നെ മരിച്ചുവീണ വീരബലിദാനി, ധ്രുവന്റെ സ്മരണക്കുമുന്പില് അഞ്ജലി അര്‍പ്പിച്ചാണ് സ്റ്റേഷന് വിട്ടത്.
തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിനായി മധ്യപ്രദേശില്‍ പോകാന്‍ തീരുമാനിച്ചപ്പോഴേ മനസ്സില്‍ വന്ന മറ്റു പല കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് ഭോപ്പാല്‍ വാതകദുരന്തമായിരുന്നു. ദുരന്ത കാരണമായ യൂണിയന് കാബൈഡ് കമ്പനിയില്‍ പോകണമെന്ന ആഗ്രഹം പറഞ്ഞപ്പോഴൊക്കെ ചങ്ങാതിമാരില്നിന്ന് കിട്ടിയ മറുപടി ‘കമ്പനിക്കുള്ളിലേക്ക് പ്രവേശനമില്ല. അവിടെയൊന്നും കാണാനുമില്ല. ആകെയുള്ളത് ദുരന്തസ്മരണയ്ക്കായി നിര്‍മ്മിച്ച ഒരു പ്രതിമമാത്രം..’ എന്നായിരുന്നു.
എങ്കിലും പോയി. ഭാരത് ഹെവി ഇലക്ടിക്കല്‍സിലെ ജീവനക്കാരനായിരുന്ന പി.വി.പിള്ളയും മധ്യപ്രദേശ് വനം വകുപ്പില്‍ ജീവനക്കാരനായ ഷാജഹാനും ഒപ്പം വന്നു. മലയാളികളെല്ലാം ഡോക്ടര്‍ എന്നു സ്നഹപൂര്‍വം വിളിക്കുന്ന പി.വി.പിള്ള 53 വര്‍ഷമായി ഭോപ്പാലുകാരനാണ്. യാത്രാമധ്യേ പിള്ള ദുരന്തത്തെ ക്കുറിച്ച് വിശദീകരിച്ചു. ലോകത്ത് ഉണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും ഭീകരമായ വ്യാവസായിക പാരിസ്ഥിതിക ദുരന്തത്തിന്റെ പറഞ്ഞുപറഞ്ഞ് കാണാപ്പാഠമായ ചരിത്രം.
യൂണിയന് കാര്‍ബൈഡ് കീടനാശിനി നിര്‍മ്മാണശാലയില്‍ നിന്ന് 1984 ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെയ്ക്ക് ചോര്‍ന്ന മീഥൈല്‍ ഐസോസയനേറ്റ് എന്ന വിഷവാതകമാണ് ദുരന്തം വിതച്ചത്. ഹരിതവിപ്ലവത്തിന് ആക്കം കൂട്ടാനും തൊഴിലും വികസനവും മധ്യപ്രദേശിലെത്തിക്കാനുമായി ബഹുരാഷ്ട്ര കുത്തക കമ്പനിയായ യൂണിയന് കാര്‍ബൈഡ്,1977 ലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഉത്പാദിപ്പിച്ചിരുന്നത് മീഥൈല്‍ ഐസോസയനേറ്റ് (മിക്ക്) അടിസ്ഥാനമാക്കിയുള്ള കീടനാശിനി. അത്യന്തം അപകടകരമായതും സൂക്ഷിച്ചുവയ്ക്കാന്‍ കൊള്ളാത്തതുമായ വാതകമാണ് മിക്ക്.
മിക് സൂക്ഷിച്ചുവയ്ക്കാനായി 60 ടണ്‍ വീതം ശേഷിയുള്ള മൂന്ന് ടാങ്കുകളാണ് ഉണ്ടായിരുന്നത്. 610, 611, 619 എന്നിങ്ങന നമ്പരുകള്‍ കൊടുത്തിരുന്ന ഈ ടാങ്കുകളില്‍ ഒരെണ്ണം എപ്പോഴും കാലിയായിരിക്കും. ഉപയോഗത്തിലിരിക്കുന്ന ടാങ്കുകളില്‍ മര്‍ദ്ദം ഉയരുകയാണെങ്കില്‍ ഉടന്‍തന്നെ കാലി ടാങ്കിലേക്ക് കുറെ വാതകം മാറ്റി മര്‍ദ്ദം നിയന്ത്രിക്കാനായിരുന്നു ഇത്. ടാങ്ക് 610 ലെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതായി രാത്രി 11 മണിയോടുകൂടിത്തന്നെ ജോലിക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കീടനാശിനി നിര്‍മ്മാണത്തിന് ടാങ്കിലെ മര്‍ദ്ദം വര്‍ദ്ധിപ്പിച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവര്‍ ധരിച്ചത്. ടാങ്കിന്റെ സുരക്ഷാ വാല്‍വ് തെറിച്ചുപോയതായി രാത്രി പന്ത്രണ്ടുമണിയോടുകൂടി പ്രൊഡക്ഷന്‍ അസിസ്റ്റന്റ് കണ്ടുപിടിച്ചുവെങ്കിലും വൈകിപ്പോയി. രാത്രി ഒരു മണിയോടുകൂടി 33 മീറ്റര്‍ ഉയരമുള്ള പുകക്കുഴലിലൂടെ ദുരന്തവാതകം പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങി.
ഈ വാതകത്തെ നിര്‍വീര്യമാക്കാനുള്ള സാങ്കേതികവിദ്യകളുണ്ടായിരുന്നെങ്കിലും ഇവയൊന്നും പ്രവര്‍ത്തനക്ഷമമായിരുന്നില്ല. ഡിസംബറിലെ തണുപ്പാണെങ്കിലും തകരപ്പാട്ടകൊണ്ടും മറ്റും തട്ടിപ്പടച്ച കുടിലുകളില്‍ തണുപ്പിനെ പ്രതിരോധിക്കാനാകാതെ കിടന്നുറങ്ങുന്നവരെയും റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും കടത്തിണ്ണങ്ങളിലും മറ്റും രാത്രി കഴിച്ചുകൂട്ടുന്നവരെയുമാണ് കൊലയാളിപ്പുക ആദ്യം ആക്രമിക്കുന്നത്. ജനലും വാതിലുമടച്ചിട്ട് സുരക്ഷിതമായ വീടിനകത്തു കിടന്നുറങ്ങിയവര്‍ വിവരമറിയാന്‍ പിന്നെയും സമയമെടുത്തു. രാത്രി പന്ത്രണ്ടരയോടെത്തന്നെ പലരും ചുമച്ചുകൊണ്ട് ഞെട്ടിയുണര്‍ന്നു. പലര്‍ക്കും കണ്ണില്‍ മുളകുപൊടി കയറിയതുപോലുള്ള അസ്വസ്ഥതയനുഭവപ്പെട്ടു. കഠിനമായ നെഞ്ചടപ്പ്, കാഴ്ചക്കുറവ്, കണ്ണെരിച്ചില്‍, വായില്‍ നിന്നു നുരയും പതയും ഒഴുകല്‍, തലവേദന, തലചുറ്റല്‍, നെഞ്ചെരിച്ചില്‍, ശ്വാസംമുട്ടല്‍, ഛര്‍ദ്ദി എന്നീ അസ്വസ്ഥതകളുമായി കാര്യം എന്തെന്നറിയാതെ ആയിരങ്ങള്‍ തെരുവില്‍ ഉഴറിനടന്നു.
ഭോപ്പാല്‍ നഗരത്തിലുള്ള ഹമീദിയ ആശുപത്രി ആയിരക്കണക്കിന് രോഗികളെക്കൊണ്ട് നിറഞ്ഞു. ആശുപത്രിയിലേക്കുള്ള ഓട്ടത്തിനിടയില്‍ പലരും മരിച്ചുവീണു. കാര്‍ബൈഡു ഫാക്ടറിയില്‍നിന്ന് എന്തോ വിഷവാതകം ചോര്‍ന്നു എന്നു മനസിലാക്കിയവരില്‍ വാഹന സൗകര്യമുള്ളവര്‍ ജീവനുംകൊണ്ട് അതില്‍ കയറി രക്ഷപ്പെട്ടു. എട്ടുലക്ഷത്തിലധികം പേര് തിങ്ങിപ്പാര്‍ക്കുന്ന ഭോപ്പാല്‍ നഗരത്തിലെ രണ്ടു ലക്ഷത്തോളംപേരെ അപകടം ദുരിതത്തിലാഴ്ത്തി. ഔദ്യോഗിക കണക്കനുസരിച്ച് തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ 3,410 ആണ്. അനൗദ്യോഗിക കണക്കനുസരിച്ച് പതിനായിരത്തിലധികം പേര് മരിച്ചു. 3000 ത്തിലധികം പേര് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായി. ജനിതക മ്യൂട്ടേഷന് സംഭവിച്ച് അംഗവൈകല്യത്തോടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങളിലൂടെ ഇന്നും ദുരന്തം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പിള്ളയുടെ കഥ തുടരുന്നതിനിടയില്‍ തന്നെ ഞങ്ങള്‍ ഫാക്ടറി പരിസരത്തെത്തി. നേരത്തെ പറഞ്ഞതുപോലെ രണ്ടാള് പൊക്കത്തില്‍ ഉയര്‍ത്തിയ മതില്. ഉള്ളില്‍, നിശബ്ദമായ ഒരു അര്‍ദ്ധരാത്രിയില്‍ ആയിരങ്ങളെ കൊന്നൊടുക്കിയ ഒരു കൊലയാളിയുടെ അസ്ഥികൂടം പോലെ ഫാക്ടറി. കാടുപടര്‍ന്ന് കാണാന്‍ വയ്യാത്ത അവസ്ഥ. പുറകുവശത്ത് വലിയൊരു ഇരുമ്പ് ഗേറ്റ്. പഴയ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലേക്കുള്ള പ്രവേശനകവാടമായിരുന്നു. ഇപ്പോള്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടവരുടെ ഓഫീസിവിടുണ്ട്. പുറകിലത്തെ ഗേറ്റിലേക്കാണ് ആദ്യം പോയത്. നിരാശയായിരുന്നു ഫലം, ഗേറ്റ് പൂട്ടിയിരുന്നു.
ഏതായാലും റോഡ് വക്കത്തെ പ്രതിമയുടെ പടമെടുക്കാമെന്ന് കരുതി. ചേരിയുടെ സമീപത്ത് കാര്യമായ സംരക്ഷണമൊന്നുമില്ലാത്ത പ്രതിമ. കൈക്കുഞ്ഞിനെ ഒക്കത്തിരുത്തി മൂക്കുപൊത്തി ഓടുന്ന അമ്മയുടെ സാരിത്തുമ്പില്‍ വലിച്ചുകൊണ്ട് മറ്റൊരു കുട്ടിയും. ബ്രിട്ടീഷുകാരന് റൂത്ത് വാട്ടര്‍മാനും ഇന്ത്യക്കാരന് സഞ്ജയ് മിത്രയും ചേര്‍ന്ന് കൊത്തിയ ശില്പത്തില്’ഹിരോഷിമയും ഭോപ്പാലും വേണ്ട, നമ്മുക്ക് ജീവിക്കണം’എന്നെഴുതിയിരിക്കുന്നു.
പ്രതിമയുടെ ചിത്രമെടുത്ത് മടങ്ങാന്‍ തുടങ്ങുമ്പോഴാണ് കമ്പനിയുടെ മതിലിലെ ദ്വാരം കണ്ടത്. ഒരാള്‍ക്ക് നുഴഞ്ഞുകയറാവുന്ന വലുപ്പം. അതിലൂടെ അകത്തു കടക്കുന്നകാര്യം ഞാന്‍ പറഞ്ഞു. സെക്യൂരിറ്റിക്കാര്‍ കണ്ടാല്‍ അടിയും കിട്ടും ക്യാമറയും പോകും എന്നു പറഞ്ഞ് കൂടെയുണ്ടയിരുന്നവര്‍ വിലക്കി. എന്തും വരട്ടെ എന്നുകരുതി ഞാന്‍ അകത്തുകയറി. ഒറ്റയ്ക്കു വിടുന്നത് ശരിയല്ലന്നു പറഞ്ഞ് പി.വി. പിള്ളയും ഒപ്പം ചേര്‍ന്നു. ആരെങ്കിലും വരുന്നതു നിരീക്ഷിച്ച് ഷാജഹാന് നിന്നു. ഫാക്ടറി പരിസരം മുഴുവന്‍ കാടുപിടിച്ചു കിടക്കുന്നു. അസ്ഥികുടം പോലെ, മരങ്ങള്‍ക്കിടയില്‍ ഫാക്ടറിയുടെ മേല്‍ക്കൂരകാണാം. അടുത്തു ചെന്ന് ചിത്രമെടുക്കാനായി, ആള് പൊക്കത്തില്‍ വളര്‍ന്നു നില്ക്കുന്ന കാടുകള്‍ വകഞ്ഞുമാറ്റി മുന്നോട്ടു പോയി. പെട്ടന്നാണ് കുറ്റിച്ചെടികള്‍ക്കിടയില്‍ മുറിച്ചിട്ട നിലയില്‍ ടാങ്കിന്റെ ഭാഗം. ടാങ്ക് നമ്പര്‍ 610. അതെ അര്‍ദ്ധരാത്രി ഉറക്കത്തിലായിരുന്ന ഒരു ജനതയെ ഒന്നു നിലവിളിക്കാന്‍പോലും അനുവദിക്കാതെ കൊന്നൊടുക്കിയ വിഷവാതകം വമിച്ച ടാങ്ക്. മുള്‍പ്പടര്‍പ്പിലൂടെ അടുത്തുവരെയെത്തി. കഴിയുന്നത്ര ചിത്രങ്ങല്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ദുരന്ത തീവ്രത ഒരു ഹൃദയമിടിപ്പെന്നപോലെ മനസ്സില്‍ മുഴങ്ങി. ടാങ്കില്‍ തൊട്ടപ്പോള്‍ തണുത്ത് മരവിച്ച ശവശരീരത്തില്‍ സ്പര്‍ശിക്കുന്നപോലെ തോന്നി. സെക്യൂറിറ്റിക്കാരന് വരുന്നുണ്ടോ എന്ന ഭയത്തെ ആര്‍ക്കും കിട്ടാതിരുന്ന ചിത്രം കിട്ടിയതിന്റെ സന്തോഷം മറികടന്നു.
തിരിച്ചുപോരാനുള്ള സുചന ഷാജഹാന് നല്കി. നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ പുറത്തുകടന്നു. ബൈക്കില്‍ റോന്ത് ചുറ്റുന്ന സുരക്ഷാ ചുമതലയുള്ള പട്ടാളക്കാരന് ഗേറ്റ് തുറന്ന് അകത്തേക്ക്. ഭാഗ്യത്തിന് ഞങ്ങളെ കണ്ടില്ല. കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസാണ് ഇപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ഉപയോഗിക്കുന്നത്. ഒന്നും അറിയാത്തവരെപ്പോലെ ഞങ്ങള്‍ ആ ഓഫീസിലേക്കു നടന്നു. കമ്പനി കാണാന്‍ വന്നതാണെന്നു പറഞ്ഞപ്പോഴേ പറ്റില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് ഉറപ്പിച്ചു പറഞ്ഞു. കളക്ടറുടെ പ്രത്യേക ഉത്തരവുമായി വന്നാല്‍ കമ്പനിയുടെ ചില ബ്ലോക്കുകള്‍ കാണിക്കാം. അതും ചിത്രമൊന്നും എടുക്കാന്‍ പറ്റില്ല. അയാള്‍ തീര്‍ത്തു പറഞ്ഞു. എടുക്കാന്‍ പറ്റാത്ത ചിത്രം എന്റെ ക്യാമറയിലുണ്ടെന്ന അഭിമാനത്തോടെയും അഹങ്കാരത്തോടെയുമാണ് അവിടം വിട്ടത്.
1969
അമേരിക്കന്‍ കമ്പനിയായ യൂണിയന് കാര്‍ബൈഡ് കോര്പ്പറേഷന് ഭോപ്പാലില്‍ പ്ലാന്റ് സ്ഥാപിക്കുന്നു.
1984ഡിസംബര്‍ 2/3 രാത്രി
9.00 കമ്പനിയുടെ വാതകക്കുഴലുകള്‍ വെള്ളം ചീറ്റിച്ച് വൃത്തിയാക്കാന്‍ ആരംഭിച്ചു
10.00 മീതൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയില്‍ വെള്ളം കയറി, രാസപ്രവര്‍ത്തനം ആരംഭിച്ചു.
11.30 വിഷവാതകം അന്തരീക്ഷത്തില്‍ വ്യാപിച്ചു തുടങ്ങി.
12.30 ഉച്ചത്തില്‍ മുഴങ്ങിയ അപായസൈറണ്‍ നിര്‍ത്തി.
12.50 അപായ സൈറണ്‍ ശാലക്കുള്ളില്‍ മുഴങ്ങി. തൊഴിലാളികള്‍ പുറത്തേക്ക് രക്ഷപെട്ടു.
01.00 പോലീസ് ജാഗരൂകമായി. ചുറ്റുപാടുമുള്ളവര്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങി.
01..30 യൂണിയന് കാര്‍ബൈഡ് മേധാവി വാതക ചോര്‍ച്ചയുണ്ടായെന്ന വാര്‍ത്ത നിഷേധിച്ചു.
02.00 കാഴ്ച മങ്ങല്‍, കാഴ്ചയില്ലായ്മ, ശ്വാസതടസം, വായില്‍ നിന്ന് നുരയും പതയും, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ആളുകള്‍ എത്തിത്തുടങ്ങി.
02.10 ഫാക്ടറിക്ക് പുറത്തും അപായസൈറണ്‍.
04.00 വാതക ചോര്‍ച്ച നിയന്ത്രണ വിധേയമായി.
06.00 പോലീസിന്റെ ഉച്ചഭാഷിണികള്‍ ‘എല്ലാം ശരിയായി’ എന്നു പ്രഖ്യാപിച്ചു.
1984 ഡിസംബര്‍ 4
യൂണിയന് കാര്‍ബൈഡ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായിരുന്നു വാറണ് ആന്‍ഡേഴ്സനെയും 9 ഉദ്യോഗസ്ഥരെയും ഭോപ്പാലില്‍ അറസ്റ്റുചെയ്തു. നരഹത്യമുതല്‍ വിവിധ ക്രിമിനല്‍ കുറ്റങ്ങള്‍ ചാര്‍ത്തി. അന്നു തന്നെ ജാമ്യത്തിലിറങ്ങിയ ആന്ഡേഴ്സണ് ഇന്ത്യവിട്ടു. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ താല്പര്യപ്രകാരം മുഖ്യമന്ത്രി അര്ജ്ജുന്സിംഗാണ് ആന്ഡേഴ്സന് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കിയത്.
1984 ഫെബ്രുവരി
ആന്‍ഡേഴ്സണിനും കമ്പനിക്കുമെതിരെ 20000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യു. കോടതി കേസ് ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു.
1987 ഡിസബര്‍
ആന്‍ഡേഴ്സണിനും മറ്റു പ്രതികള്‍ക്കുമെതിരെ സിബിഐ കോടതിയില്‍ കുറ്റപത്രം നല്കി.
1989 ഫെബ്രുവരി
ഇന്ത്യ സര്‍ക്കാറും കമ്പനിയും തമ്മില്‍ കോടതിക്ക് പുറത്ത് ധാരണയിലെത്തി. 3000 കോടി കമ്പനി നഷ്ടപരിഹാരം നല്കാമെന്നതായിരുന്നു ധാരണ.
1992 ഫെബ്രുവരി
ഭോപ്പാല്‍ മജിസ്ടേറ്റ് കോടതി ആന്‍ഡേഴ്സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
2004 ജൂണ്‍
ആന്‍ഡേഴ്സനെ വിട്ടുതരില്ലന്ന് അമേരിക്ക അറിയിച്ചു.
2010 ജൂണ്‍ 7
യൂണിയന് കാര്‍ബൈഡ് ഇന്ത്യാ കമ്പനി മുന്‍ചെയര്‍മാന്‍ കേശബ് മഹീന്ദ്ര ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ഒരു ലക്ഷം രൂപവീതം പിഴയും രണ്ടു വര്‍ഷം തടവും കമ്പനിയ്ക്ക് അഞ്ചു ലക്ഷം രൂപ പിഴയും ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിധിച്ചു.
പി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: