നക്ഷത്രങ്ങള്‍ മിഴിതുറക്കാന്‍ പേടിച്ച, ഇരുള് പോലും വേറെങ്ങോ അഭയം തേടുന്ന ആ നിശീഥിനിയില്‍, വന്മരങ്ങള് പോലും കോച്ചിവിറയ്ക്കുന്ന കോടമഞ്ഞു പെയ്തിറങ്ങുമ്പോള്‍ അലമേലമ്മ വിറയ്ക്കുകയായിരുന്നില്ല. കണ്ണെത്താ ദൂരത്ത് മൃതിക്കും പുനര്‍ജനിക്കുമിടയില്‍, നിരാലംബനായി ഒരുവേള പഞ്ചാക്ഷരീ മന്ത്രം ഉരുക്കഴിച്ചു കിടക്കുന്ന തന്റെ പ്രാണനാഥനെ ഒരുനോക്കു കാണാനുള്ള ഉത്കടമായ ആഗ്രഹം പോലുമായിരുന്നില്ല ആ സാധ്വിയെ അപ്പോള്‍ വിഷമിപ്പിച്ചിരുന്നത്.
എപ്പോള്‍ വേണെമെങ്കിലും വന്നെത്തിയേക്കാവുന്ന, മരണദൂതരായ, രാജാ വോഡയാറിന്റെ പടയാളികള്‍ കവര്‍ന്നെടുക്കുന്ന ആത്മാഭിമാനവും പരമ്പരയായി കിട്ടിയ, സതീത്വത്തിന്റെയും അധികാരത്തിന്റെയും അടയാളങ്ങള്‍ അവരുടെ കൈക്കുടന്നയിലിരുന്നു തപിച്ചു. അസംഖ്യം ദാസിമാര്‍ ആജ്ഞകള്‍ക്ക് കാത്തു നില്ക്കാറുള്ള,ഇളംകാറ്റു പോലും അനുമതിയെന്യേ കടന്നുവരാന്‍ മടിക്കുന്ന അന്തപ്പുരത്തില്‍ നിന്നുമകലെ തപ്തമായ ഹൃദയവുമായി, മൈസൂര്‍ മഹാരാജന്റെ പടയാളികള്‍ക്ക് പിടികൊടുക്കുന്നതിനേക്കാള്‍ മരണത്തെ പുല്കുകയല്ലാതെ മറ്റൊന്നും അഭികാമ്യമല്ലെന്ന് അഭിമാനത്തിന് എന്തിനേക്കാളും വിലകല്‍പ്പിച്ച ആ മഹിള തിരിച്ചറിയുകയായിരുന്നു. അമൂല്യങ്ങളായ തന്റെ രാജ ചിഹ്നങ്ങളും ശരീരം വിട്ടൊഴിയാന്‍ വെമ്പുന്ന പ്രാണനും നെഞ്ചോടു ചേര്‍ത്ത് പിടിച്ച് മുഴുവന്‍ ശക്തിയും ആവാഹിച്ച് അവര്‍ ശപിച്ചു :
‘തലക്കാട് മണല്‍ക്കാടാകട്ടെ…
‘മാലിംഗി’ ചുഴികളാകട്ടെ
മൈസൂര്‍ ധ്വരകള്‍ക്ക് മക്കളില്ലാതെ പോകട്ടെ…’
ആര്‍ത്തലച്ചൊഴുകുന്ന കാവേരിയും ഓടിയൊളിക്കാന്‍ ശ്രമിച്ച രാത്രിയും ഒരുമാത്ര സ്തബ്ധമായി നിന്നു. പിന്നെ തന്റെ മാര്‍ത്തട്ടില്‍ അഭയം തേടിയ അലമേലമ്മയെയും കൊണ്ട് കാവേരിയും പടയാളികളെ കണ്ടു ഭയന്ന് ഇരുട്ടും എങ്ങോ മറഞ്ഞു!
****
മാലിംഗി എന്ന ആ സുന്ദര ഗ്രാമത്തെ ആരും പിന്നെ കണ്ടിട്ടില്ല. അതുണ്ടായിരുന്നിടത്ത് സദാ കോപാക്രാന്തയായി,ചുഴികളും മലരികളും നിറഞ്ഞ് കാവേരി മാത്രം ശാപ മന്ത്രങ്ങള്‍ ഉരുക്കഴിച്ച് ഭ്രാന്തിയാം യുവതിയെ പോലെ ഇപ്പോഴും ഒഴുകുന്നു. തലക്കാടാകട്ടെ മീറ്ററുകളോളം ആഴത്തില്‍ മണല്‍മൂടി, അതിനുള്ളില്‍ ദീപാരാധനയും പുഷ്പാഞ്ജലിയുമില്ലാതെ നൈവേദ്യമില്ലാതെ നിസ്സഹായരായ ഈശ്വരന്മാര് നെടുവീര്‍പ്പിട്ടു. പിന്നീട്,നാളിന്നുവരെ സ്വന്തം രക്തത്തില്‍ പിറന്ന ഒരുണ്ണിയെ ഓമനിക്കാനും സിംഹാസനത്തില്‍ അവരോധിക്കാനും മഹാരാജാക്കന്മാര്ക്ക് കഴിഞ്ഞില്ല.റാണിമാരുടേയും വൃഷലികളുടെയും ഊഷരമായ ഗര്‍ഭപാത്രത്തില്‍ വീണ വിത്തുകള്‍ മുളക്കാതെ പോവുകയോ മുളച്ചവ പൂക്കാതെയും കായ്ക്കാതെയും അകാലത്തില്‍ ഉണങ്ങി പോവുകയോ ചെയ്തു. ഇപ്പോഴും പക്ഷെ അവിടങ്ങളിലെ കാറ്റിനു പോലും അലമേലമ്മയുടെ ഗദ്ഗദം ഉണ്ട്. പ്രാണനാഥയുടെ ആത്മബലികൊണ്ട് അനാഥമായ തിരുമലരായന്റെ രാജാ ശ്രീരംഗരായന്റെ ആത്മാവിന്റെ തപ്ത നിശ്വാസങ്ങളുണ്ട്.
****
ഭാരതത്തിലെ ഏതൊരു സ്മൃതിസ്ഥലികളെയും പോലെ, ചരിത്രവും മിത്തുകളും, സത്യവും കെട്ടുകഥകളും, വേര്‍തിരിക്കാനാവാത്ത ഈരിഴകള്‍ കൊണ്ട് നെയ്തെടുത്ത ചേതോഹരങ്ങളായ പട്ടുവസ്ത്രം കണക്കെ നിരവധി പൗരാണിക നഗരികള്‍ കൊണ്ട് സമൃദ്ധമാണ് കര്‍ണ്ണാടകവും. ബംഗരിനും മൈസൂരിനും ഇടയില്‍ ‘സ്ഫടിക സങ്കാശ’നായ വൃദ്ധശിവന്റെ ജടാവലിപോലെ നിവര്‍ന്നു കിടക്കുന്ന വെളുത്ത മണല്‍ക്കാടിനു പക്ഷെ മിത്തുകളെക്കാള്‍ ചരിത്രത്തോടാണ് കൂടുതല്‍ അടുപ്പം.
അവിടവിടെ ഇപ്പോഴും ചിതറിക്കിടക്കുന്ന ശില്‍പ്പഭംഗിയാര്‍ന്ന ശിലാമണ്ഡപങ്ങളും വന്മരങ്ങളെപോലും കവച്ചു വളരുന്ന മണല്‍ കൂനകളും അത് നമ്മെ ബോധ്യപ്പെടുത്തും. കാവേരിതീരത്തെ തലക്കാടെന്ന സ്കന്ദപുരാണത്തിലെ ദലവനപുരം മൂന്നാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതല്‍ നിരവധി രാജവംശങ്ങളുടെ ഭരണകേന്ദ്രം ആയിരുന്നു. ഗംഗാ രാജവംശത്തിലെ രാജാഹരിവര്‍മ എ.ഡി.247-ല്‍ സ്ഥാപിച്ച ഈ നഗരം പിന്നീട് ചോളന്മാര്ക്കും ഹോയ്സാലര്‍ക്കും അവരില്‍ നിന്നും വിജയനഗര സാമ്രാജ്യത്തിനും, ഒടുവില്‍ മൈസൂരിലെ വോഡയാര്‍ രാജവംശത്തിനും കീഴില്‍ പുഷ്ക്കലമായി.
തല എന്നും കാടന്‍ എന്നും പേരുള്ള രണ്ടു നിഷാദന്മാരില്‍ നിന്നുമാണ് ഗജാരണ്യക്ഷേത്രം എന്ന സ്ഥലത്തിനു പില്ക്കാലത്ത് തലക്കാട് എന്ന പേരു വരുന്നത്. ഒരുകൂട്ടം ആനകള്‍ ഒരു വന്മരത്തെ പൂജിക്കുന്നത് കണ്ട ആ കാട്ടാളര്‍ കൗതുകം കൊണ്ട് മരം മുറിച്ചു നോക്കുകയായിരുന്നത്രേ. അവിടെ അതി തേജസ്സോടുകൂടിയ ഒരു ശിവലിംഗം കാണപ്പെടുകയും ഭക്തിപരതന്ത്രരായ അവര്‍ക്കും ഗജരൂപം പൂണ്ടിരുന്ന മുനിമാര്‍ക്കും ശിവദൂതന്മാരാല്‍ കൈലാസപ്രാപ്തി ഉണ്ടായെന്നുമാണ് ഐ തിഹ്യത്തിന്റെ ചുരുക്കം. ആ സ്ഥാനത്താണ് തലക്കാടിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ വൈദ്യനാഥേശ്വരം ഉള്ളത്.
അലമെലമ്മയുടെ ശ്രീരംഗമ്മയുടെ ശാപം ഉണ്ടായത് പതിനാറാം നൂറ്റാണ്ടിലാണ്. കൃത്യമായിപ്പറഞ്ഞാല്‍ 1670-ല്‍ അതിനു ശേഷം അവസാന രാജാവായ 1974-ല്‍ അന്തരിച്ച ജയ ചാമരാജ വോഡയാര്‍ ഒഴികെ 400 വര്‍ഷം മൈസൂര്‍ ഭരിച്ച രാജാക്കന്മാര്‍ക്കാര്‍ക്കും സ്വസന്താനത്തെ അധികാരമേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. യുക്തി എന്തുതന്നെയായാലും പിന്നീട് സ്വതന്ത്രഭാരതത്തിന്റെ ഭാഗം ആകുംവരെയും മൈസൂര്‍ മഹാരാജാക്കന്മാര്ക്ക് പിന്തുടര്ച്ചാവകാശികള് ഉണ്ടായിട്ടില്ല. കുടുംബത്തിലെ മറ്റംഗങ്ങളില്‍ നിന്നും ദത്തെടുത്താണ് ഇപ്പോഴും അടുത്ത ഭരണാധികാരി ഉണ്ടാവുന്നത്. അഥവാ സന്താനം ജനിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ അകാലത്തില്‍ മരണപ്പെട്ടു. ഇടക്കാലത്ത് അധികാരത്തില്‍ എത്തിയ ഹൈദരാലിയുടെ മകന് പോലും ആയുസെത്തും മുന്‍പേ കൊല്ലപ്പെടുകയായിരുന്നല്ലോ. ആ ശാപം കൊണ്ടോ എന്തോ തലക്കാടിനു സമീപം വല്ലാതെ വളഞ്ഞൊഴുകുന്ന കാവേരിയില്‍ അക്കാലത്ത് വന്‍ വെള്ളപ്പൊക്കം ഉണ്ടാകുകയും ക്ഷേത്ര നഗരിയായിരുന്ന തലക്കാട് മണല്‍ വന്നു മൂടുകയും മുപ്പതോളം ക്ഷേത്രങ്ങള്‍ അതിനടിയില്‍ അമരുകയും ചെയ്തു. ഇപ്പോഴും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്പെടുമ്പോള്‍ വര്‍ഷത്തില്‍ എട്ടോ ഒന്‍പതോ അടി ഉയരത്തില്‍ വരെ അവിടെ മണലിന്റെ തള്ളിക്കയറ്റം ഉണ്ടാകാറുണ്ട്.
ഏതാണ്ട് വിജനമായ അവിടെ പില്ക്കാലത്ത് മൈസൂര്‍ ദിവാനായിരുന്ന എം. വിശ്വേശ്വരയ്യ മരങ്ങള്‍ വെച്ച് പിടിപ്പിച്ചുകൊണ്ട് മണലിന്റെ തള്ളിക്കയറ്റം തടയാന്‍ ശ്രമിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: