കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരില്‍ താമരശ്ശേരിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ ഒരു വൈദികനുമുണ്ടെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്.
വനംവകുപ്പ് പോലീസിന് നല്കിയ റിപ്പോര്‍ട്ടിലാണ് അക്രമത്തിന് ചെമ്പുകടവ് പള്ളി വികാരിയായ ഫാദര്‍ സജി മംഗരയും പഞ്ചായത്ത് അംഗമായ ജെയ്സന് കിഴക്കുന്നേലും ഉണ്ടായിരുന്നുവെന്ന് വിവരംലഭിച്ചതായി വ്യക്തമാകുന്നത്. രഹസ്യാന്വേഷണ വിഭാഗവും പോലീസിന് നല്കിയ റിപ്പോര്‍ട്ടില്‍ ഈ കാര്യം സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം പതിനഞ്ചിനാണ് താമരശ്ശേരിയില്‍ വ്യാപകമായ അക്രമം നടന്നത്. മലയോര ഹര്‍ത്താലിന്റെ പേരില്‍ താമരശ്ശേരിയില്‍ നടന്ന അക്രമത്തില്‍ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് മിനി സിവില്സ്റ്റേഷന്, തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിലെ ഡിടിപിസി സെന്റര്‍, വനം വകുപ്പ് ഓഫീസ് എന്നിവ അക്രമികള്‍ തകര്‍ത്തു. രണ്ടു കോടിയോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെട്ടത്. താമരശ്ശേരിയില്‍ നടന്ന അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ജീരകപ്പാറ വനം കയ്യേറ്റം, ചന്ദന കടത്ത് കേസ് തുടങ്ങിയ കേസുകളിലെ നിര്‍ണ്ണായക രേഖകളാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ കത്തി ചാമ്പലായത്. റാപിഡ് റെസ്പോണ്‍സ് ടീം, ഓഫീസ് റെയ്ഞ്ച് ഓഫീസറുടെ ക്വാര്‍ട്ടേഴ്സ് എന്നിവയും തകര്‍ക്കപ്പെട്ടിരുന്നു. ഓഫീസ് മുറികളില്‍ ഉണ്ടായിരുന്ന ഫയലുകള്‍, കമ്പ്യൂട്ടറുകള്‍, ടിവി എന്നിവ അക്രമികള്‍ കത്തിച്ചാമ്പലാക്കി ഓഫീസിന് പിന്നിലുണ്ടായിരുന്ന നിരവധി വാഹനങ്ങളും അന്ന് തകര്‍ക്കപ്പെട്ടിരുന്നു.
ഹര്‍ത്താലിന്റെ പേരില്‍ പതിനഞ്ചിന് കാലത്ത് പത്ത് മണിയോടെയാണ് അക്രമം നടമാടിയത്. മുന്നൂറോളം വരുന്ന അക്രമി സംഘം മാരകായുധങ്ങളുമായി റെയ്ഞ്ച് ഓഫീസ് വളയുകയായിരുന്നു. താമരശ്ശേരി ചുങ്കത്ത് സിഐയുടെ വാഹനം മറിച്ചിട്ടതിനു ശേഷമാണ് അക്രമി സംഘം വനം വകുപ്പ് ഓഫീസിലെത്തിയത്. ഗെയ്റ്റുകളും വാതിലുകളും തകര്‍ത്ത് ഓഫീസിനുള്ളില്‍ കയറിയ അക്രമികള്‍ ഒരു മണിക്കൂറോളം താണ്ഡവമാടി. ജീവനക്കാര്‍ പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ആസൂത്രിതമാണ് അക്രമം നടന്നതെന്നും അക്രമത്തിന് മതപുരോഹിതര്‍ നേതൃത്വം കൊടുത്തിരുന്നുവെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അക്രമത്തിന് ശേഷം തിരിച്ചു പോയസംഘത്തില്‍ മതപുരോഹിതന്മാര് ഉണ്ടായിരുന്നുവെന്ന് ളോഹമാറ്റിയാണ് അവര്‍ തിരിച്ചു പോയതെന്നും ദൃക്സാക്ഷികള്‍ അന്ന് സൂചിപ്പിച്ചിരുന്നു. നാല്പത്തിനാല് കേസുകളാണ് ഇതു സംബന്ധിച്ച് മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ ഉള്ളത്. എന്നാല്‍ ആകെ പന്ത്രണ്ട് പേരെയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസന്വേഷണത്തിന് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി.പി. സദാനന്ദനെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
അക്രമത്തില്‍ വൈദികര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് എതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അന്വേഷണ സംഘം എന്നാല്‍ താമരശ്ശേരി റേഞ്ച് ഓഫീസ് കത്തിക്കുന്നതില്‍ ചെമ്പുകടവ് പള്ളി വികാരി ഫാദര്‍ സജി മംഗര ഉണ്ടെന്ന ആരോപണം ശരിയല്ലെന്ന് രൂപത വക്താവ് ഫാദര്‍ എബ്രഹാം കാവില്‍ പുരയിടത്തില്‍ വ്യക്തമാക്കി. കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് ഫാദര്‍ സജീവ് മംഗരയുടെ പേര് അന്വേഷണ ലിസ്റ്റില്‍ ഇല്ലെന്നേ അറിയിച്ചതായിം വക്താവ് അവകാശപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: