പത്തനംതിട്ട: ആറന്മുള വിമാനത്താവളം നിര്‍മ്മിക്കുന്നതിനാവശ്യമായ ഭൂമി കെജിഎസ് ഗ്രൂപ്പിന്റെ കൈവശമില്ലെന്ന് എഐസിസി അംഗം അഡ്വ.ഫിലിപ്പോസ് തോമസ്. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതികവും സാംസ്കാരികവും മതപരവുമായ ഒട്ടനവധി കാര്യങ്ങള്‍ ആറന്മുളയില് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള വിമാനത്താവള വിരുദ്ധ വികാരം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
പത്തനംതിട്ട ജില്ലാ കളക്ടര്‍ 2012 ജുലൈ 16 ല്‍ നല്കിയ കത്തുപ്രകാരം വ്യവസായ മേഖലയായി നോട്ടിഫൈ ചെയ്ത ആറന്മുളയിലെ 444.72 ഹെക്ടറില്‍ 366 ഹെക്ടറും ഡിനോട്ടിഫിക്കേഷനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കെജിഎസ് ഗ്രൂപ്പിന് പിന്നീട് അവശേഷിക്കുന്നത് 78.71 ഹെക്ടര്‍ (194.41 ഏക്കര്‍) മാത്രമാണ്. കളക്ടറുടെ ശുപാര്‍ശ അനുസരിച്ച് ഡിനോട്ടിഫിക്കേഷന്‍ നടന്നാല്‍ കെജിഎസ് ഗ്രൂപ്പിന്റെ കൈവശം ആവശ്യമായ ഭൂമി ഇല്ലെന്ന വസ്തുത പുറത്തുവരും.
മണിക്കൂറുകള്‍കൊണ്ട് നോട്ടിഫിക്കേഷന്‍ നടന്ന ഭൂമിയില്‍ ഇന്നുവരെ ഡീനോട്ടിഫിക്കേഷന് നടക്കാത്തത് ഇക്കാരണത്താലാണെന്ന് അഡ്വ.ഫിലിപ്പോസ് തോമസ് ആരോപിച്ചു. മിച്ചഭൂമി കേസില്‍ കോഴഞ്ചേരി താലൂക്ക് ലാന്റ്ബോര്‍ഡ് ആറുമാസത്തിനകം പുതിയ ഉത്തരവ് പുറപ്പെടുവിക്കുംവരെ വിവാദമായ 232 ഏക്കറില്‍ കെജിഎസ് ഗ്രൂപ്പ് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തരുതെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഈ സാഹചര്യങ്ങളില്‍ കെജിഎസ് ഗ്രൂപ്പിന് ആറന്മുളയില് നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം അവശേഷിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്കാവശ്യമായ സ്ഥലം മണ്ണിട്ട് നികത്തിക്കഴിഞ്ഞതായി മന്ത്രിമാരും ജനപ്രതിനിധികളും പറയുന്നത് ശരിയല്ലെന്നും അഡ്വ.ഫിലിപ്പോസ് തോമസ് വ്യക്തമാക്കി. 2012 ഫെബ്രുവരി 17ന് ജില്ലാ കളക്ടറും ലാന്റ് റവന്യൂ കമ്മീഷണറെ ഫാക്സ് സന്ദേശത്തിലൂടെ അറിയിച്ചത് 25.50 ഏക്കര്‍ മാത്രമാണ് നികത്തിയിട്ടുള്ളതെന്നാണ്. നിര്‍ദ്ദിഷ്ട റണ്‍വേയുടെ 700 മീറ്റര്‍ മാത്രമാണ് ഇതുവരെ നികത്തിയിട്ടുള്ളത്. കണക്കുകള്‍പ്രകാരം ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 2800 മീറ്റര്‍ റണ്‍വേയുടെ 2100 മീറ്ററും നികത്താതെതന്നെ അവശേഷിക്കുകയാണ്. കേന്ദ്ര പരിസ്ഥിതി വകുപ്പ് നല്കിയ അനുമതി പ്രകാരം 1000ത150 മീറ്റര്‍ സ്ഥലം മാത്രമേ മണ്ണിട്ട് നികത്താന്‍ അനുമതിയുള്ളു. ഇതില്‍ കെജിഎസിന്റെ കൈവശമുള്ള കരഭൂമിയില്‍ നിന്നും മണ്ണ് കണ്ടെത്തണം. കെജിഎസ് ഗ്രൂപ്പിന്റെ കൈവശമുള്ള കരഭൂമിയായി ജില്ലാ കളക്ടര്‍ കണ്ടെത്തിയിട്ടുള്ളത് 30.5 ഏക്കര്‍ മാത്രമാണ്. ഇതില്‍ നിന്ന് എത്ര മണ്ണ് ലഭ്യമാകുമെന്ന് കെജിഎസ് ഗ്രൂപ്പുപോലും വ്യക്തമാക്കിയിട്ടില്ല. ചുരുക്കത്തില്‍ നടക്കാത്ത പദ്ധതിക്കായാണ് വിവിധ മന്ത്രാലയങ്ങള്‍ അനുമതി നല്കിക്കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചു.
ഇതോടെ ആറന്മുളവിമാനത്താവളത്തിനെതിരായി ശബ്ദമുയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. വ്യത്യസ്ത അഭിപ്രായവും ചിന്തയും പാര്‍ട്ടിയില്‍ പാടില്ലെന്ന ന്ലപാട് ആര് സ്വീകരിച്ചാലും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള പദ്ധതിക്കെതിരേ രംഗത്തുവരുന്ന കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിപ്പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന പത്തനംതിട്ട കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആറന്മുളയില് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റിന്റെ കോലവും കത്തിച്ചിരുന്നു. കെപിസിസി അംഗം കെ.കെ.റോയ്സണും പത്രസമ്മേളത്തില്‍ പപങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: