പത്തനംതിട്ട: കേരളത്തിലെ ചില്ലറ വ്യാപാരമേഖല വന്‍കിട കുത്തകകളുടെ ആധിപത്യത്തിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ പൊതുവിതരണ ശൃംഖലയെ തകര്‍ത്തതോടെ വന്‍കിട ഏജന്‍സികള്‍ രംഗത്ത് സജീവമായി. കുറഞ്ഞവിലയില്‍ സാധനങ്ങള്‍ ലഭ്യമായിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ നന്മ, ത്രിവേണി, തുടങ്ങിയ സ്റ്റോറുകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. അരിയുള്‍പ്പെടെയുള്ള സാധനങ്ങളുടെ ക്ഷാമം സപ്ലൈകോയെയും ബാധിച്ചതോടെ കുറഞ്ഞ വിലയില്‍ പലവ്യഞ്ജനങ്ങള്‍ സാധാരണക്കാരന് ലഭ്യമാകുന്നത് അന്യമാവുകയാണ്.
നന്മ പ്രൊജക്ടിന് സംസ്ഥാനത്ത് 2300 ഓളം വിപണന കേന്ദ്രങ്ങളാണ് ഉള്ളത്. ഇവയില്‍കൂടി പത്ത് നിത്യോപയോഗസാധനങ്ങളാണ് വില്‍ക്കപ്പെടുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനമെങ്കിലും വില കുറച്ച് സാധനങ്ങള്‍ നന്മയിലൂടെ നല്‍കാനാവുമെന്നാണ് കണ്‍സ്യൂമര്‍ഫെഡിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. ഓണംവരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന നന്മസ്റ്റോറുകള്‍ അതിന് ശേഷമാണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. സംസ്ഥാനത്തെ 218 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്റേയും സ്ഥിതി ഇതുതന്നെയാണ്.
പണം നല്‍കാനുള്ളതിനാല്‍ വിതരണക്കാര്‍ കണ്‍സ്യൂമര്‍ഫെഡിനെ കൈയൊഴിഞ്ഞതോടെ നന്മ, ത്രിവേണി സ്റ്റോറുകളിലേക്ക് പലവ്യഞ്ജനങ്ങള്‍ എത്തുന്നത് നിലച്ചു. മുന്നൂറ് കോടിയിലധികം രൂപയാണ് വിതരണക്കാര്‍ക്ക് കണ്‍സ്യൂമര്‍ഫെഡ് നല്‍കാനുള്ളത്. സബ്സിഡി നല്‍കിയതിന്റെ കുടിശ്ശിക നല്‍കേണ്ടത് സര്‍ക്കാരാണ്. ഇതിന് നടപടിയുണ്ടാകാത്തതാണ് കണ്‍സ്യൂമര്‍ഫെഡിനെ പ്രതിസന്ധിയിലാക്കുന്നത്. സബ്സിഡി ക്രമേണ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് സ്ഥാപനത്തിനനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നാണ് സൂചന. ഓരോ സാമ്പത്തിക വര്‍ഷവും സാധനങ്ങള്‍ നല്‍കുന്നതിന്റെ സബ്സിഡിക്കായി മാത്രം 50 കോടിരൂപ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കാറുണ്ട്. എന്നാല്‍ ഈ തുക ഇതുവരെ കണ്‍സ്യൂമര്‍ഫെഡിന് ലഭ്യമായിട്ടില്ല. വന്‍കിട പദ്ധതികള്‍ക്ക് പിന്നാലെ പായുന്ന സര്‍ക്കാര്‍ സാധാരണക്കാരന്റെ അത്താണിയായ സ്ഥാപനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
വിവിധ വകുപ്പുകളില്‍ നിന്നും കണ്‍സ്യൂമര്‍ഫെഡില്‍ ഡപ്യൂട്ടേഷനില്‍ എത്തിയ ആയിരത്തിലധികം ഉദ്യോഗസ്ഥര്‍ അവരുടെ മാതൃസ്ഥാപനങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ആഴ്ചകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പൊതുവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനെ നിര്‍ജ്ജീവമാക്കാനുള്ള നടപടിയായാണ് ഈ നീക്കത്തെ എല്ലാവരും കാണുന്നത്. തൊഴിലാളി സംഘടനകള്‍ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നതിനെതുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല. ശമ്പള കുടിശ്ശികയുടെ കാര്യത്തിലും സ്ഥാപനത്തെ സര്‍ക്കാര്‍ തഴയുകയാണ്. എല്ലാവിഭാഗം ജീവനക്കാര്‍ക്കും ശമ്പള കുടിശ്ശികയുണ്ട്. ആറുമാസത്തെ ശമ്പള കുടിശ്ശികയാണ് താല്‍ക്കാലിക ജീവനക്കാര്ക്കുമാത്രമുള്ളത്. ആയിരത്തിലധികം താല്‍ക്കാലിക ജീവനക്കാരാണ് സ്ഥാപനത്തില്‍ ഇപ്പോള്‍ ജോലി ചെയ്തുവരുന്നത്.
നന്മ, ത്രിവേണി സ്റ്റോറുകള്‍ ശൂന്യമായതോടെ സാധനങ്ങള്‍ പ്രാദേശികമായി വാങ്ങി പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും കണ്‍സ്യൂമര്‍ഫെഡിന്റെ വെബ്സൈറ്റില്‍ പറഞ്ഞതുപോലെ വിലകുറച്ച് നല്കാന് നന്മ, ത്രിവേണി സ്റ്റോറുകള്‍ക്ക് സാധിച്ചില്ല. ടൂത്ത്പേസ്റ്റ്, സോപ്പ്, തുടങ്ങിയവക്കെല്ലാം പൊതുവിപണിയിലുള്ളതിനേക്കാള്‍ വിലയീടാക്കപ്പെട്ടു. ഇതോടെ സ്വകാര്യ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റില്‍ പലവ്യഞ്ജനങ്ങള്‍ നന്മ, ത്രിവേണി സ്റ്റോറുകളെ അപേക്ഷിച്ച് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാകുമെന്നതാണ് ഇപ്പോഴുള്ള അവസ്ഥ. കണ്‍സ്യൂമര്‍ഫെഡിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ അടുത്തമാസം സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ഒരുങ്ങുകയാണ്.
ഇന്ത്യന്‍ കമ്പോളത്തിലെ ചില്ലറ വ്യാപാരമേഖലയില്‍ ആഗോള കുത്തകകള്‍ കടന്നുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. കേരളത്തില്‍ ആവശ്യമായ പലവ്യഞ്ജനങ്ങളുടെ പതിനഞ്ച് ശതമാനം മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ ചില്ലറ വ്യാപാര മേഖല അതിവിപുലമായതിനാല് വന്‍കിടക്കാര്‍ക്ക് ഇവിടെ ചുവടുറപ്പിക്കാന്‍ സാധ്യതകളേറയാണ്. പൊതു വിതരണ സമ്പ്രദായത്തിലും ശൃംഖലയിലും ന്യൂനതകളുണ്ടെന്ന് വകുപ്പു മന്ത്രിതന്നെ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ നന്മ പോലുള്ള സ്ഥാപനങ്ങള്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയപ്പെടും.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: