ന്യൂദല്‍ഹി: സിപിഎമ്മിന്റെ പ്ലീനം നടത്തിയുള്ള പ്രഹസനങ്ങളൊന്നും കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ വിലപ്പോകില്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന് ഹൈന്ദവ വിശ്വാസങ്ങളില്‍ കൈകടത്താന്‍ സിപിഎമ്മിന് അവകാശമില്ലെന്നു പ്രസ്താവിച്ചു.
അനാചാരങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണെന്ന പേരില്‍ ഗണപതിഹോമം പോലുള്ള ഹൈന്ദവ ആചാരങ്ങള്‍ക്ക് പാര്‍ട്ടി വിലക്കു കല്പ്പിക്കുമ്പോള് ക്രൈസ്തവ വിശ്വാസികള്‍ നടത്തുന്ന വെഞ്ചിരിപ്പു പോലുള്ള ചടങ്ങുകള്‍ക്ക് വിലക്ക് ബാധകമാണോ എന്നു വ്യക്തമാക്കിയിട്ടില്ല. ചില മതത്തിലെ ചടങ്ങുകള്‍ അനാചാരവും മറ്റു ചില മതത്തിലേത് ശാസ്ത്രീയവുമാണോയെന്ന് സിപിഎം വിശദീകരിക്കണം. അറേബ്യയിലെ സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ്ദ കേരളത്തിലും നിര്ബന്ധിക്കുമ്പോള് അറേബ്യയിലെ പുരുഷന്മാരുടെ വേഷം ധരിക്കാന്‍ കേരളത്തിലെ പുരുഷന്മാര് തയ്യാറാവാത്ത സാഹചര്യത്തേപ്പറ്റി സിപിഎം പ്രതികരിക്കാത്തതും ശരിയല്ല. ഹിന്ദു ആചാരങ്ങളില്‍ മാത്രം അഭിപ്രായം പ്രകടിപ്പിക്കുന്ന സിപിഎമ്മിനു ഹൈന്ദവ വിശ്വാസങ്ങളില്‍ കൈകടത്താനുള്ള അവകാശം ആരും നല്‍കിയിട്ടില്ലെന്ന ഓര്‍മ്മയുണ്ടാവുന്നത് നല്ലതാണ്. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി മാത്രമാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം, മുരളീധരന് പറഞ്ഞു.
പാര്‍ട്ടിയിലെ ജീര്‍ണ്ണത പരിഹരിക്കുന്നതിനായി നടത്തിയ പ്ലീനത്തോടനുബന്ധിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ അഴിമതിക്കാരനും ക്രിമിനലുമായ വിവാദ വ്യവസായിയുടെ പരസ്യം അച്ചടിച്ചു വന്നതോടെ സിപിഎം പ്ലീനം പ്രഹസനമായിരുന്നെന്ന് വ്യക്തമായെന്ന് വി.മുരളീധരന് പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാ തലത്തിലും ജീര്‍ണ്ണത ബാധിച്ചു എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. മാഫിയകളുമായി പല തലത്തിലുമുള്ള നേതാക്കള്‍ കൂട്ടുപിടിക്കുന്നു എന്നാണ് സിപിഎമ്മിലെ സ്വയം വിമര്‍ശനം. ഇതേ സമയം തന്നെ വിവാദ വ്യവസായിയുടെ ചിത്രത്തോടു കൂടിയ പരസ്യം വന്നത് നേതൃത്വത്തിന്റെ അറിവോടും അനുവാദത്തോടും കൂടിയാണെന്ന് വ്യക്തമാണ്. അഴിമതിക്കാരനായ വ്യക്തിയുടെ സഹായം സിപിഎം പരസ്യമായി സ്വീകരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് പരസ്യം പ്രസിദ്ധീകരിക്കാന്‍ കാരണമായതെന്നും വി.മുരളീധരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇരുമ്പയിര് ഖാനന വിവാദത്തില്‍ സിപിഎമ്മുമായി യുഡിഎഫ് നടത്തുന്ന വിലപേശല്‍ അവസാനിപ്പിക്കണമെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും വി.മുരളീധരന് പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷണം ഉടനെയില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ദുരൂഹമാണ്. ഇതു മറ്റു ചില കേസുകളില്‍ സിപിഎമ്മുമായി വിലപേശല്‍ നടത്തുന്നതിനാണ്. ഇടതു മന്ത്രിസഭയിലെ വ്യവസായ മന്ത്രി എളമരം കരീമും യുഡിഎഫ് മന്ത്രിസഭയിലെ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും പിന്തുടരുന്നത് ഒരേ നയങ്ങള്‍ തന്നെയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്നും ദല്‍ഹി ഇലക്ഷന് പ്രചാരണത്തിനായി എത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ യാത്രാച്ചിലവും താമസ ചിലവും ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വവും സ്ഥാനാര്‍ത്ഥികളും വഹിക്കണമെന്നും വി.മുരളീധരന് ആവശ്യപ്പെട്ടു. അഡ്വ.ജോര്‍ജ് കുര്യനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: