വൈക്കം: സംസ്ഥാനത്തെ അംഗന്‍വാടികളുടെ മുഖഛായ മാറ്റുന്ന പദ്ധതികള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു.
വൈക്കത്ത് കെ.അജിത്ത് എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിയോജകമണ്ഡലത്തിലെ അംഗന്‍വാടികള്‍ക്ക് നല്കുന്ന സ്നേഹം കിടക്കകളുടെ വിതരണം നിര്വ്വഹിച്ചുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 87 മോഡല്‍ അംഗന്‍വാടികള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും ഈ അംഗന്‍വാടികള്‍ ഉപയോഗിക്കാം. ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ ഈ സ്ഥാപനം വളര്‍ത്തിക്കൊണ്ടുവരും. 20 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. മറ്റ് ഫണ്ടുകളും ഇതിനായി സമാഹരിക്കും.
സംസ്ഥാനത്ത് മുപ്പത്തിമൂവായിരം അംഗന്വാടികളുള്ളതില് പകുതി സ്ഥലങ്ങളിലും കെട്ടിടമില്ല. പഞ്ചായത്തുകള്‍ക്ക് ഇതിന്റെ ചുമതലയുള്ളതിനാല്‍ നോണ്‍റോഡ് ഫണ്ട് ഇതിനായി വിനിയോഗിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കെട്ടിടം നിര്‍മ്മിക്കുന്നതിന് നബാര്‍ഡില്‍ നിന്ന് 700 കോടിയുടെ ധനസഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത് ലഭ്യമായാല്‍ ഒരു മണ്ഡലത്തില്‍ അഞ്ച് അംഗന്‍വാടികളെങ്കിലും പുനര്‍നിര്‍മ്മിക്കാനാകും.
അംഗന്‍വാടി വര്‍ക്കര്‍മാരുടേയും, ഹെല്‍പ്പര്‍മാരുടേയും കുടിശിക ഉടന്‍ വിതരണം ചെയ്യും. അവരുടെ ഓണറ്റേറിയം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പ്രത്യേക താല്പര്യമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ അജിത്ത്കുമാര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീലതാ ബാലചന്ദ്രന്, കെ. വിജയന്, വി.എം. പോള്‍, കെ.എ. അപ്പച്ചന്, പി.എസ്. പുഷ്പമണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: