വേങ്ങക്കര പൂമുഖം വിശാലമാണെങ്കിലും അഗ്നിദത്തന്‍ നമ്പൂതിരിയുടെ പ്രഭാവം അവിടെ മുഴുവന്‍ നിറഞ്ഞ് പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുകയാണെന്നു തോന്നും. വെളുത്തുതടിച്ച് ഉയരം കുറഞ്ഞ നമ്പൂതിരിക്ക് ശിരസ്സില്‍ ഉള്ളതിനെക്കാള്‍ കറുപ്പും വെളുപ്പും രോമങ്ങള്‍ ഉണ്ട് ദേഹത്തില്‍. ശിരസ്സില്‍ ചെന്നിയുടെ അടുത്തും പിന്നിലും ഉള്ളരോമങ്ങള്കൊണ്ട് വലതുവശത്തായി കെട്ടിവച്ച കുടുമയില്‍ അധിക്യം വെളുത്തരോമങ്ങള്ക്കാണ്. പുരാതനപാരമ്പര്യത്തില് അഭിമാനിക്കുകയും സമ്പത്തിന്റെ അദമ്യത കൊണ്ടുനടക്കുകയും ചെയ്യുന്ന അഗ്നിദത്തന്‍ നമ്പൂതിരി ചുളിഞ്ഞ പുരികങ്ങളെ നിവരാന്‍ സമ്മതിക്കാതെ ഗൗരവത്തോടെത്തന്നെ വരാന്തയില്‍ നടന്നു.
നിന്റെ ചൊമാര്യോതിക്കന് വടക്കുന്ന് സാമവേദികളെ ഇറക്കീന്ന് കേട്ടൂലോ? പുച്ഛസ്വരത്തില്‍ അഗ്നിദത്തന്‍ നമ്പൂതിരി മരുമകനായ താന്നിയിലെ കൃഷ്ണനോടു ചോദിച്ചു. യുദ്ധത്തിനൊരുങ്ങി വജ്രായുധം ധരിച്ച ഇന്ദ്രനെക്കാള്‍ ദുര്‍ദ്ധര്‍ഷനാണ് അമ്മാമന്. താന്നിയിലെ കൃഷ്ണന് അദ്ദേഹത്തിന്റെ ആജ്ഞകളും അഭിപ്രായങ്ങളും കേള്‍ക്കാനുള്ളവയാണ്. ചോദ്യങ്ങള്‍ക്കുള്ള മറുപടി മാത്രമാണ് കര്‍ത്തവ്യം. കത്തിക്കാളുന്ന അഗ്നികുണ്ഡത്തിനടുത്ത് ചെറിയ തിരികൊളുത്തി വയ്ക്കുന്ന വിളക്കുപോലെ ശബ്ദം താഴ്ത്തി വിനയത്തോടെ ഓജസ്സില്ലാതെ കൃഷ്ണന് പറഞ്ഞു. ഉവ്വ് എത്ര പഠിപ്പിച്ചാലും നിന്റെ ഓതിക്കന് മനസ്സിലാവില്യാ എന്നുണ്ടോ? ഇനി ഈ സാമവേദികളെ കുളിപ്പിച്ച് ശുദ്ധാക്കാന്‍ എത്ര വാകേം താളീം വേണ്ടിവരും ആവോ? ഊരുഗ്രാമക്കാരെ തഴഞ്ഞ് പരദേശികളെ കൊണ്ടുവന്ന് കേരളത്തില്‍ യജ്ഞം നടത്താന്‍ പരശുരാമന്റെ അനുയായികളായ നാം സമ്മതിക്കില്യാ എന്ന് എന്തേ അയാള്‍ക്ക് മനസ്സിലാവാത്തത്? ഇപ്രാവശ്യം എവിടെനിന്നാ?? പൂമുഖത്തെ പടിയില്‍ നില്‍ക്കുകയും ഇരിക്കുകയും അല്ലാത്തവിധത്തില്‍ കൃഷ്ണന് ബഹുമാനത്തിന്റെ ശ്രുതിയില്‍ മറുപടി പറഞ്ഞു. ഹസ്തിനാപുരത്ത് അടുത്തു നിന്നാണെന്നാണ് കേട്ടത്.?
അഗ്നിദത്തന്‍ നമ്പൂതിരി പൂര്‍വ്വികര്‍ ഇരുന്ന പീഠത്തില്‍ അഭിമാനപൂര്‍വ്വം ചക്രവര്‍ത്തിയുടെ ഓജസ്സോടെ ഇരുന്നു. അപ്പോ ഇതിന് മുമ്പെ പോയവര്‍ ധര്മരക്ഷണത്തില് താത്പര്യമുള്ള ഊരുഗ്രാമക്കാരുടെയും അഗ്നിദത്തന്‍ നമ്പൂതിരിയുടെയും സ്വാധീനത്തെ കുറിച്ച് ഇവരോട് പറഞ്ഞിട്ടുണ്ടാവില്യാ എന്നര്‍ഥം. പരദേശികള്‍ വന്ന് കേരളത്തില്‍ സങ്കരധര്മം വളരുക എന്നത് സമ്മതിക്കാന്‍ പറ്റില്ല. ഏതു ചൊമാരി വിചാരിച്ചാലും അത് നടത്താന്‍ ഇവിടെ സമ്മതിക്കില്ല. അധൃഷ്യരായിരുന്ന പൂര്‍വ്വികര്‍ ഇരുന്ന പീഠത്തില്‍ അധൃഷ്യതയില്‍ ഒട്ടും കുറവല്ല എന്നു സ്വയം ബോദ്ധ്യമുള്ള അഗ്നിദത്തന്‍ നമ്പൂതിരി ഒന്നു കൂടി കയറി ഇരുന്നു. വേങ്ങക്കരയിലെ പൂര്‍വ്വികര്‍ കേരളത്തിന്റെ സൃഷ്ടിയിലും പരിപാവനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിലും ബദ്ധശ്രദ്ധരായിരുന്നു. ആ ചുമതലയും ശ്രദ്ധയും വേങ്ങക്കരയിലെ ഇപ്പോഴത്തെ തലമുറയിലും ഉണ്ടെന്ന് ഊരുഗ്രാമത്തിലുള്ളവര്ക്കെല്ലാം അറിയുന്ന കാര്യമാണ്. ആ തോന്നലിനും അതു തരുന്ന ബഹുമാന്യതയ്ക്കും ഇടിവ് തട്ടാതെ നോക്കേണ്ടതുണ്ടുതാനും.
തീപ്പെട്ട പെരുങ്കൂര്‍ വാഴുന്നവര്‍ കേരളത്തിലെ സംസ്കാരം രക്ഷിക്കാന്‍ ഊരുഗ്രാമക്കാരുടെ കൂടെ നിന്നില്ല. ഊരുഗ്രാമക്കാരുടെ ശിരസ്സില്‍ അപമാനഭാരത്തിന്റെ പര്‍വ്വതങ്ങളായി സൗരാഷ്ടക്കാര്‍ പെരുങ്കൂറിന്റെ ഭൂമിയില്‍ താമസം തുടങ്ങുക കൂടി ചെയ്തു. അതിന് കാരണക്കാരന്‍ ചൊമാരിയാണ്. പാണ്ഡിത്യത്തിന്റെയും തപസ്സിന്റെയും സത്യസന്ധതയുടെയും മുഖം കാണിച്ച് അന്നത്തെ പെരുങ്കൂര്‍ വാഴുന്നവരെ കയ്യിലെടുക്കുകയും ഊരുഗ്രാമക്കാരുടെ ഇങ്ഗിതങ്ങള്‍ക്ക് എതിരായി തിരിക്കുകയും ചെയ്തു ചൊമാരി. പാദോസ്യ വിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി എന്ന് ഋഗ്വേദത്തില്‍ പറയുന്ന പോലെ അഗ്നിദത്തന്‍ നമ്പൂതിരി ഇതുവരെ ചെയ്തതെല്ലാം വെറും കാല്‍ഭാഗമേ ആയിട്ടുള്ളൂ എന്ന് ചൊമാരിക്കറിയില്ല. യജ്ഞപുരം ഗ്രാമക്കാരും ചൊമാരിയും പൊങ്ങിപ്പോകാനും ഊരുഗ്രാമത്തിന്റെ മേല്‍ക്കോയ്മ ധിക്കരിക്കാനും ഇനിയും ഇടവരുത്തിക്കൂട.
പണ്ട് ഹസ്തിനാപുരത്തുനിന്ന് അഭയാര്‍ഥികളായി സാമവേദികള്‍ വന്ന കാലത്ത് യജ്ഞപുരം ഗ്രാമത്തിന് ഊരുഗ്രാമക്കാരുടെ കാലുപിടിക്കാതെ യജ്ഞങ്ങള്‍ നടത്താം എന്ന നിലയിലെത്തി. തേവരെ അപമാനിച്ച് മറ്റൊരു ഗ്രാമം ഉണ്ടാക്കിയതിന് പ്രായശ്ചിത്തമായി ഗ്രാമക്ഷേത്രത്തില്‍ തെറ്റുപണം വച്ചാല്‍ മാത്രമേ വൈദികന് ഊരുഗ്രാമത്തിലെ സാമവേദികള്‍ക്ക് യജ്ഞപുരത്തെ യജ്ഞങ്ങളില്‍ പങ്കെടുക്കാനുള്ള അനുവാദം കൊടുത്തിരുന്നുള്ളൂ. ഹസ്തിനാപുരത്തുനിന്ന് വന്ന സാമവേദികളുടെ ബലത്തില്‍ യജ്ഞപുരത്തുകാര് ആ പതിവാണ് തെറ്റിച്ചത്. ഊരുഗ്രാമക്കാരുടെ സഹായമില്ലാതെ, തെറ്റുപണം വയ്ക്കാതെ യജ്ഞം നടത്തി. യജ്ഞപുരത്ത് മാത്രമല്ല മറ്റുള്ളഗ്രാമങ്ങളില് ഉള്ള യജ്ഞങ്ങള്‍ക്ക് സാമവേദികളെ അയച്ചു കൊടുക്കുകകൂടി ചെയ്തുതുടങ്ങി. ഏതു ഗ്രാമത്തിലായാലും ഊരിലെ സാമവേദികളുണ്ടായാലേ യജ്ഞം നടത്താന്‍ പറ്റുള്ളൂ എന്ന നിലയും മാറിത്തുടങ്ങി.
ഹസ്തിനാപുരത്തുനിന്ന് സാമവേദികള്‍ വരുന്നതിനു മുമ്പ് പേരിന് ഒരു സാമവേദിയുണ്ടായിരുന്നത് യജ്ഞപുരം ഗ്രാമത്തിലെ കാനത്ത് മാത്രമാണ്. പണ്ട് തീര്ഥയാത്രനടത്തിയിരുന്ന ഒരു കുടുംബത്തിലെ എല്ലാവരും എന്നു തന്നെ പറയാം നടപ്പുദീനം പിടിച്ച് മരിച്ചു. കാനത്തെ ഇല്ലത്തു വച്ചായിരുന്നു ആ ദുരന്തം സംഭവിച്ചത്. ആ കുടുംബത്തില്‍ സാമവേദപഠനം കഴിഞ്ഞ ഒരു ഉണ്ണി മാത്രമേ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടുള്ളു. ആ ഉണ്ണിയെ കാനത്തെ കാരണവര്‍ എടുത്തു വളര്‍ത്തി. കാനത്താണെങ്കില് സന്തതിയില്ലാതെ മുടിയാറായി നില്‍ക്കുകയായിരുന്നു. ചൊമാരിയുടെ അച്ഛനാണ് അന്ന് ദത്ത് എന്നൊരു നാടകം നടത്തിക്കൊടുത്തത്. ദത്താവണം എങ്കില്‍ പത്തു കൈ കൂടിച്ചേരണം. ദത്തുകൊടുക്കുന്ന ദമ്പതികളുടെയും ദത്തുവാങ്ങുന്ന ദമ്പതികളുടെയും ദത്തിരിക്കുന്നവന്റെയും. അച്ഛനുമമ്മയും മരിച്ചുപോയ ഒരാളെ എടുത്തുവളര്‍ത്തി എന്നത് ദത്തായി അങ്ഗീകരിക്കാന്‍ പറ്റില്ലെന്നും ഒരു കപടദത്തന് യാഗശാലയില്‍ പ്രവേശിക്കാനുള്ള അധികാരം ഇല്ലെന്നും അന്നു തന്നെ ഊരുഗ്രാമത്തിലുള്ളവര് പറഞ്ഞതാണ്. കാനത്തുള്ള കാരണവര്‍ സാമവേദത്തില്‍ നല്ല പാണ്ഡിത്യം ഉള്ള ആളായിരുന്നു. അദ്ദേഹം എറ്റെടുത്ത കപടദത്തനും കേരളത്തിലെ സ്വരത്തിന്റെ കാര്യത്തിലല്ലാത്ത എല്ലാ കാര്യങ്ങളിലും യോഗ്യതയുണ്ടായിരുന്നു. കാരണവര്‍ സ്വരം കൂടി അഭ്യസിപ്പിച്ചപ്പോള്‍ കപടദത്തന് കുറച്ചൊന്നുമല്ല വിഷമമുണ്ടാക്കിയത്. ഊരിലെ സാമവേദികള്കൂടി സംശയങ്ങള്‍ തീര്‍ക്കാനും പഠിക്കാനും കപടദത്തനെ ആശ്രയിച്ചു തുടങ്ങി. ഈ വിധേയത്വം കാരണം അദ്ദേഹത്തിനെ യജ്ഞശാലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണം എന്ന് ഊരുഗ്രാമത്തിലെ സാമവേദികള്‍ക്ക് ഉണ്ടായിരുന്നു. കപടദത്തിനെയും പരദേശിത്വത്തെയും എതിര്‍ത്തിരുന്ന വേങ്ങക്കരയിലെ പൂര്‍വ്വികരുടെ ആജ്ഞാശക്തി കാരണം അത് നടന്നില്ല എന്നു മാത്രം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: